|

ആടുജീവിതത്തിലെ വേഷം എനിക്കാണെന്ന് അദ്ദേഹം പറഞ്ഞു, എന്നാൽ അവസാന നിമിഷം ബ്ലെസി സാറിന് ഒരു സംശയം: ഹക്കിം ഷാ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ആടുജീവിതം. ബ്ലെസിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ആടുജീവിതത്തിൽ പൃഥ്വിരാജാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

ചിത്രത്തിനായി താരം നടത്തിയ മേക്ക് ഓവറുകൾ വലിയ ശ്രദ്ധ നേടിയിരുന്നു. മലയാളികൾ വായിച്ചറിഞ്ഞ ആടുജീവിതമെന്ന ബെന്യാമിന്റെ നോവലിനെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

നജീബിനെ പോലെ ആടുജീവിതത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ് ഹക്കിം. എന്നാൽ ആടുജീവിതം സിനിമയിൽ ഹക്കിമാവാൻ താൻ ഓഡിഷനിൽ പങ്കെടുത്തിരുന്നുവെന്നും അവസാന നിമിഷം ആ അവസരം നഷ്ടമായെന്നും നടൻ ഹക്കിം ഷാ പറയുന്നു. സിനിമ ഇറങ്ങുമ്പോൾ താൻ ആ കഥാപാത്രത്തിന്റെ പ്രകടനം കാണാനാണ് കാത്തിരിക്കുന്നതെന്നും താരം പറഞ്ഞു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു ഹക്കിം.

‘ആടുജീവിതത്തിൽ ഹക്കിം എന്നൊരു കഥാപാത്രമുണ്ട്. എന്റെ തന്നെ പേരുള്ള ഒരു കഥാപാത്രം. ഞാൻ അതിന്റെ ഓഡിഷന് പോയി. എന്റെ പെർഫോമൻസ് കണ്ട് അവർക്കെല്ലാം ഇഷ്ടമായി. അങ്ങനെ ഷോർട്ട് ലിസ്റ്റ് ചെയ്ത് അവസാനം രണ്ടുപേരായി.

ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ എന്നോട് പറഞ്ഞു, മിക്കവാറും നിനക്ക് തന്നെയായിരിക്കും, നീ തന്നെ ആയിരിക്കുമെന്ന്. പേടിക്കണ്ടായെന്നൊക്കെ പറഞ്ഞ് എനിക്കൊരു പ്രതീക്ഷയൊക്കെ തരുന്നുണ്ടായിരുന്നു.

ബെന്യാമിൻ ഉണ്ട്, ബ്ലെസി സാറുണ്ട് മേക്കപ്പ് മാനുണ്ട്. അവരെന്നെ തന്നെ ഇങ്ങനെ നോക്കികൊണ്ടിരിക്കുകയാണ്. എന്നിട്ട് അവർ മേക്കപ്പ് മാനെ അടുത്തേക്ക് വിളിച്ചിട്ട് എന്നെ കാണിച്ചിട്ട് പറഞ്ഞു, ഇവന്റെ താടിയും മീശയും എന്ത് ചെയ്യാൻ പറ്റുമെന്ന്.

കാരണം പ്രിത്വിരാജിന് താടി മുകളിന്ന് തന്നെ വരുന്നുണ്ട്. എനിക്കും അവിടെ നിന്നു തന്നെ വരുന്നുണ്ട്. അതുപറ്റില്ല ഇതൊരു പതിനേഴു വയസുള്ള പയ്യൻ ചെയ്യേണ്ട വേഷമാണെന്ന് അവർ പറഞ്ഞു. കാരണം ആ കഥാപാത്രത്തിന് കുറ്റിതാടിയെ പറ്റുള്ളൂ. എനിക്ക് അപ്പോൾ തന്നെ കാര്യം വ്യക്തമായി മനസിലായി.

എനിക്ക് കിട്ടില്ല എന്നുറപ്പായി. എന്റെ പ്രകടനം ചിലപ്പോൾ ഇഷ്ടപ്പെട്ടിട്ടുണ്ടാവാം പക്ഷെ കിട്ടിയില്ല. അതുകൊണ്ട് ഞാൻ ആടുജീവിതം ഇറങ്ങാൻ കാത്തിരിക്കുകയാണ്. ആ കഥാപാത്രം കാണാൻ വേണ്ടി, അത് എങ്ങനെയായിരിക്കും ചെയ്തിരിക്കുന്നത് കാണാൻ വേണ്ടി. ഞാൻ ഒരിക്കലും അസൂയയോടെ നോക്കി നിൽക്കുകയല്ല. അത് കാണാൻ വേണ്ടി കാത്തിരിക്കുകയാണ്,’ഹക്കിം ഷാ പറയുന്നു.

Content Highlight: Hakkim Sha Talk About Aadujeevitham Movie

Latest Stories