| Saturday, 16th March 2024, 10:22 pm

ആടുജീവിതത്തിനായി കാത്തിരിക്കുന്നു, എനിക്ക് വന്ന ആ കഥാപാത്രം കാണാൻ വേണ്ടി: ഹക്കിം ഷാ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ വലിയ സ്വീകാര്യത നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ആടുജീവിതം.

ഭൂരിഭാഗം മലയാളികളും വായിച്ചുതീര്‍ത്ത നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. ഏഴ് വര്‍ഷത്തോളമെടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. വന്‍ താരനിര ചടങ്ങില്‍ പങ്കടുത്തിരുന്നു. നജീബിന്റെ ജീവിത കഥയാണ് ആടുജീവിതം.

നജീബിനെ പോലെ ആടുജീവിതത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ് ഹക്കിം. എന്നാൽ ആടുജീവിതം സിനിമയിൽ ഹക്കിമാവാൻ താൻ ഓഡിഷനിൽ പങ്കെടുത്തിരുന്നുവെന്നും അവസാന നിമിഷം ആ അവസരം നഷ്ടമായെന്നും നടൻ ഹക്കിം ഷാ പറയുന്നു. സിനിമ ഇറങ്ങുമ്പോൾ താൻ ആ കഥാപാത്രത്തിന്റെ പ്രകടനം കാണാനാണ് കാത്തിരിക്കുന്നതെന്നും താരം പറഞ്ഞു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു ഹക്കിം.

‘ആടുജീവിതത്തിന്റെ ഓഡിഷൻ കഴിഞ്ഞ ശേഷം ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ എന്നോട് പറഞ്ഞു, മിക്കവാറും നിനക്ക് തന്നെയായിരിക്കും ഹക്കിമിന്റെ വേഷം, നീ തന്നെ ആയിരിക്കുമെന്ന്. പേടിക്കണ്ടായെന്നൊക്കെ പറഞ്ഞ് എനിക്കൊരു പ്രതീക്ഷയൊക്കെ തരുന്നുണ്ടായിരുന്നു.

ബെന്യാമിൻ സാറുണ്ട്, ബ്ലെസി സാറുണ്ട് മേക്കപ്പ് മാനുണ്ട്. അവരെന്നെ തന്നെ ഇങ്ങനെ നോക്കികൊണ്ടിരിക്കുകയാണ്. എന്നിട്ട് അവർ മേക്കപ്പ് മാനെ അടുത്തേക്ക് വിളിച്ചിട്ട് എന്നെ കാണിച്ചിട്ട് പറഞ്ഞു, ഇവന്റെ താടിയും മീശയും എന്ത് ചെയ്യാൻ പറ്റുമെന്ന്.

കാരണം പ്രിത്വിരാജിന് താടി മുകളിന്ന് തന്നെ വരുന്നുണ്ട്. എനിക്കും അവിടെ നിന്നു തന്നെ വരുന്നുണ്ട്. അതുപറ്റില്ല ഇതൊരു പതിനേഴു വയസുള്ള പയ്യൻ ചെയ്യേണ്ട വേഷമാണെന്ന് അവർ പറഞ്ഞു. കാരണം ആ കഥാപാത്രത്തിന് കുറ്റിതാടിയെ പറ്റുള്ളൂ. എനിക്ക് അപ്പോൾ തന്നെ കാര്യം വ്യക്തമായി മനസിലായി.

എനിക്ക് കിട്ടില്ല എന്നുറപ്പായി. എന്റെ പ്രകടനം ചിലപ്പോൾ ഇഷ്ടപ്പെട്ടിട്ടുണ്ടാവാം പക്ഷെ കിട്ടിയില്ല. അതുകൊണ്ട് ഞാൻ ആടുജീവിതം ഇറങ്ങാൻ കാത്തിരിക്കുകയാണ്. ആ കഥാപാത്രം കാണാൻ വേണ്ടി, അത് എങ്ങനെയായിരിക്കും ചെയ്തിരിക്കുന്നത് കാണാൻ വേണ്ടി. ഞാൻ ഒരിക്കലും അസൂയയോടെ നോക്കി നിൽക്കുകയല്ല. അത് കാണാൻ വേണ്ടി കാത്തിരിക്കുകയാണ്,’ഹക്കിം ഷാ പറയുന്നു.

Content Highlight: Hakkim Sha Talk About A Character In Aadujeevitham Movie

Latest Stories

We use cookies to give you the best possible experience. Learn more