| Friday, 1st March 2024, 6:26 pm

എന്റെ മുഖം കണ്ട് തിയേറ്ററിലേക്ക് ആളുകയറുന്ന കാലമായെന്ന് ഞാൻ വിശ്വസിക്കുന്നില്ല, പക്ഷെ..: ഹക്കിം ഷാ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ഹക്കിം ഷാ. 2022ല്‍ പുറത്തിറങ്ങിയ പ്രണയവിലാസം എന്ന സിനിമയിലെ വിനോദ് എന്ന കഥാപാത്രത്തിലൂടെയാണ് ഹക്കിം ഏറെ ശ്രദ്ധിക്കപ്പെട്ടത്.

നവാഗതനായ സജില്‍ മമ്പാട് സംവിധാനം ചെയ്ത കടകനാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്.

ആളുകളെ തിയേറ്ററിൽ എത്തിക്കുന്ന വിധമൊരു താരമായി താൻ മാറിയിട്ടില്ലെന്ന് പറയുകയാണ് ഹക്കിം. തന്റെ വീഡിയോക്ക് അടിയിൽ ചിലർ കമന്റ്‌ ഇടുന്നത് സന്തോഷമാണെന്നും എന്നാൽ അതെല്ലാം ഇനിയും കൂട്ടാനാണ് താൻ ശ്രമിക്കുന്നതെന്നും ഹക്കിം പറഞ്ഞു. തന്നെ പൊക്കിയുള്ള കമന്റുകൾ ചിലപ്പോൾ കൂട്ടുകാർ ഇടുന്നതാവുമെന്നും ക്ലബ്ബ് എഫ്. എമ്മിനോട് താരം പറഞ്ഞു.

‘അങ്ങനെയുള്ള കമന്റൊക്കെ എന്റെ കൂട്ടുകാരായിരിക്കും ചിലപ്പോൾ ഇടുന്നത്. അല്ലാതെ ഈ പറയുന്ന പോലെ ഈയൊരൊറ്റ പേര് മതി തിയേറ്ററിലേക്ക് ആളെ എത്തിക്കാൻ എന്ന ലെവലിലൊന്നും ഞാൻ ആയിട്ടില്ല.

അത്തരത്തിൽ മാക്സിമം ഒരു 200 കമന്റൊക്കെയല്ലേ ഉണ്ടാവുക. മൂന്നര കോടി ജനങ്ങളുള്ള സ്ഥലമല്ലേ കേരളം. അതിലൊന്നും ഒരു കാര്യമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതൊക്കെ കാണുമ്പോൾ സത്യമായിട്ടും സന്തോഷമുണ്ട്. പക്ഷെ ഈ പറയുന്ന പോലെ, എന്റെ മുഖം കണ്ടിട്ട് തിയേറ്ററിലേക്ക് ആളു കയറി തുടങ്ങുന്ന ഒരു കാലമായെന്ന് എനിക്കിപ്പോഴും തോന്നുന്നില്ല. പക്ഷെ വളരെയധികം സന്തോഷമുണ്ട് ആളുകൾ ഇങ്ങനെ പറയുമ്പോൾ.

എന്റെ വർക്ക്‌ കണ്ട് ഇഷ്ടപ്പെട്ട് സത്യസന്ധമായി പറയുന്ന ആളുകൾ ആണല്ലോ. സന്തോഷമുണ്ട്. പക്ഷെ അതിന്റെ എണ്ണം കൂട്ടണം. അതാണ് പാട്. ഭാവിയിൽ എങ്ങനെയാണെന്ന് പറയാൻ പറ്റില്ല.

ഒരു പ്രതീക്ഷയുമില്ല. ഒരുപാട് പ്രതീക്ഷിച്ചിട്ട് അത് കിട്ടാതെ പോയാൽ നിരാശ തോന്നില്ലേ. ഇതൊരു ജോലിയായിട്ട് കാണുന്ന ആളാണ് ഞാൻ. അതിന്റെ ഭാഗമാണ് ഈ അഭിനന്ദനങ്ങളും വിമർശനങ്ങളുമെല്ലാം,’ഹക്കിം പറയുന്നു.

Content Highlight: Hakkim Sha Says That He Is Not A Star Materiel

We use cookies to give you the best possible experience. Learn more