വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടനാണ് ഹക്കിം ഷാ. പ്രണയ വിലാസം എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ ഹക്കിം ഷാ എന്ന നടന് ഏറെ ജനശ്രദ്ധ കിട്ടിയിട്ടുണ്ട്.
സിനിമയിലേക്ക് ആദ്യമായി അഭിനയിക്കാൻ വരുന്നവരോടുള്ള മനോഭാവത്തെക്കുറിച്ച് സംസാരിക്കുകയാണ് ഹക്കിം ഷാ. തനിക്കൊരു ചാൻസ് അല്ലെ തരുന്നതെന്നാണ് പലരും ആദ്യമായി അഭിനയിക്കാൻ വരുമ്പോൾ പറയുന്നതെന്ന് ഹക്കിം ഷാ പറഞ്ഞു.
അങ്ങനെ വന്ന പല ഓഫറുകളും താൻ ഒഴിവാക്കിയിട്ടുണ്ടെന്നും ഹക്കിം ഷാ പറയുന്നുണ്ട്. വണ്ടി കൂലിക്ക് പോലും പൈസ ഇല്ലാതെ പോരേണ്ടി വന്ന അവസ്ഥ തനിക്ക് വന്നിട്ടുണ്ടെന്ന് ഹക്കിം ഷാ കൂട്ടിച്ചേർത്തു. ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്ക് തോന്നിയിട്ടുള്ള കാര്യം എന്താണെന്ന് വെച്ചാൽ നമ്മൾ ഒരു ക്യാമറ റെന്റിന് എടുക്കണമെങ്കിൽ 25,000 രൂപ ഒരു ദിവസം കൊടുക്കണം. ഫോട്ടോ എഡിറ്റിന് ലാപ് കൊണ്ടുവരുന്ന ബോയിക്ക് 1500 രൂപ ലാപിന് കൊടുക്കണം. നമ്മള് ആദ്യമായിട്ട് സിനിമയിൽ അഭിനയിക്കാൻ വരുമ്പോൾ നമ്മളോട് കാണിക്കുന്ന മനോഭാവം അത് ഭയങ്കര മോശമാണ്.
‘ഞാൻ നിനക്കൊരു ചാൻസല്ലേ തരുന്നത്’ എന്ന് എന്നോട് ഒരുപാട് പേര് പറഞ്ഞിട്ടുണ്ട്. എന്റെ പൊന്നു ചേട്ടാ എനിക്ക് വയ്യ, ഞാൻ ചെയ്യില്ല എന്ന് പറഞ്ഞ് ഒരുപാട് ഓഫർ ഞാൻ വേണ്ട എന്ന് വെച്ചിട്ടുണ്ട്. ഞങ്ങൾ നിങ്ങൾക്ക് ഒരു അവസരം അല്ലേ തരുന്നത് അങ്ങനെ ആയിട്ട് കണ്ടുകൂടെ എന്നൊക്കെ പറയും. അതെങ്ങനെ അങ്ങനെ കാണാൻ സാധിക്കുക.
ഇപ്പോൾ ജൂനിയർ ആർട്ടിസ്റ്റിന് പോലും ഒരു ദിവസം ആയിരം രൂപയും ബിരിയാണിയും കൊടുക്കണം. പക്ഷേ ജൂനിയേഴ്സിന് എത്രത്തോളം അത് കിട്ടുന്നുണ്ടെന്ന് അറിയില്ല. അതിനിടക്ക് കമ്മീഷൻ പോകുന്നുണ്ട്.
ഒരാളുടെ ജീവിതം, ആയുസ്സ് രാവിലെ മുതൽ അവിടെ പോയി നിന്ന് കഷ്ടപ്പെട്ട് പണിയെടുത്ത് അവസാനം കയ്യും വീശി വീട്ടിൽ പോവുക എന്നത് വളരെ മോശമായിട്ടുള്ള അവസ്ഥയാണ്. ഇതെല്ലം മാറ്റേണ്ട ഒരു സ്വഭാവം തന്നെയാണ്. പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട്. വണ്ടിക്കൂലിക്ക് പോലും പൈസ ഇല്ലാഞ്ഞിട്ട് പോരേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്,’ ഹക്കിം ഷാ പറഞ്ഞു.
മമ്മൂട്ടി നായകനാകുന്ന ബസൂക്ക എന്ന ചിത്രത്തിൽ ഹക്കിം ഷാ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന കടകൻ എന്ന ചിത്രത്തിൽ നായകനായിട്ടാണ് അടുത്തതായി ഹക്കിം ഷാ എത്തുന്നത്.
Content Highlight: Hakkim shajahan about the struggle faced in film