മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ഒരു ഗെയിം ത്രില്ലർ ചിത്രമായ ബസൂക്കയിൽ യുവതാരം ഹക്കിം ഷാജഹാനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ഹക്കിം ഷാ. 2022ല്‍ പുറത്തിറങ്ങിയ പ്രണയവിലാസം എന്ന സിനിമയിലെ വിനോദ് എന്ന കഥാപാത്രത്തിലൂടെയാണ് ഹക്കിം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ജൂനിയർ ആർട്ടിസ്റ്റായി കരിയർ തുടങ്ങിയ ഹക്കിം ഈ വർഷം ഇറങ്ങിയ കടകൻ എന്ന ചിത്രത്തിലെ നായകനായിരുന്നു. കഥ ഇന്നുവരെ എന്ന ചിത്രമായിരുന്നു താരത്തിന്റേതായി ഏറ്റവും ഒടുവിലിറങ്ങിയത്.
ദുൽഖറിനൊപ്പവും മമ്മൂട്ടിയോടൊപ്പവും അഭിനയിച്ച അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഹക്കിം. ബസൂക്കയിൽ ഒരു സീൻ താൻ കാരണം ഒരുപാട് ടേക്ക് പോയ്യെന്നും ഒടുവിൽ മമ്മൂട്ടിയാണ് തന്നെ ഡയറക്റ്റ് ചെയ്തതെന്നും ഹക്കിം പറഞ്ഞു.
‘ദുൽഖറിന്റെ കൂടെ എ.ബി.സി.ഡി ചെയ്യുമ്പോൾ എന്റെ ആദ്യത്തെ സിനിമയാണത്. എനിക്ക് അറിയില്ല എന്താണ് സിനിമയെന്ന്. കാരണം നമ്മൾ സ്കിറ്റും നാടകവുമെല്ലാം കളിക്കുന്ന പോലെയല്ലല്ലോ. എന്റെ ഫസ്റ്റ് ഷോട്ടാണത്. അങ്ങനെയാണ് പത്തിരുപത്തിയഞ്ചു ഷോട്ടൊക്കെ പോയത്. പിന്നെ മമ്മൂക്കയുടെ കൂടെയൊക്കെയാവുമ്പോൾ ആരാണെങ്കിലും അങ്ങനെ ആയിപോവും.
ബസൂക്കയിൽ മമ്മൂക്കയുടെ കൂടെ ഒരു സീനിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ഡയലോഗ് ഞാൻ ഇങ്ങനെ പറയുകയാണ്. എനിക്കറിയാം അത് അങ്ങനെയല്ല പറയേണ്ടതെന്ന്, മമ്മൂക്കക്ക് അറിയാം അത് അങ്ങനെയല്ല പറയേണ്ടതെന്ന്, സംവിധായകനും അറിയാം അത് അങ്ങനെയല്ല വേണ്ടതെന്ന്.
അടുത്ത ടേക്ക് പോയി, അതിന്റെ അടുത്തതും പോയി. ഒന്നും റെഡിയാവുന്നില്ല. എന്താണ് നീ കാണിക്കുന്നത് എന്ന രീതിയിൽ ഡയറക്ടർ എന്നെ തന്നെ നോക്കി കൊണ്ടിരിക്കുകയാണ്. അപ്പോൾ എനിക്ക് കാര്യം മനസിലായി.
അന്ന് ആ ഷോട്ടിൽ എന്റെ കൂടെ ഒരു പത്ത് പന്ത്രണ്ട് പേര് വേറെയുമുണ്ട്. അങ്ങനെയൊരു സീക്വൻസാണ്. ഒടുവിൽ മമ്മൂക്ക എന്നോട് പറഞ്ഞു, ഡാ നീ ആ ഡയലോഗ് ഇങ്ങനെ പറഞ്ഞ് നോക്ക് എന്ന്. പിന്നെ എന്നെ മമ്മൂക്ക ഡയറക്റ്റ് ചെയ്തു. കാരണം സമയം പോവുകയാണ്. അത് തീർത്തിട്ട് വീട്ടിൽ പോണമല്ലോ. അവസാനം ഡയറക്ടർ ഹാപ്പി, ഞാൻ ഹാപ്പി, മമ്മൂക്കയും ഹാപ്പി,’ ഹക്കിം ഷാ പറയുന്നു
Content Highlight: Hakkim Sha About Moments With Mammootty