നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് താനും സുഹൃത്തും പട്ടിണി കിടന്നിട്ടുണ്ടെന്ന് നടന്‍ ഹക്കിം ഷാജഹാന്‍. പട്ടിണി കാരണം മാമ്പഴക്കാലത്ത് രാത്രിയില്‍ പുറത്തിറങ്ങി മാങ്ങപെറുക്കി കൊണ്ട് വന്ന് കഴിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടിണിയായിരുന്നെങ്കിലും അക്കാലവും താന്‍ എന്‍ജോയ് ചെയ്തിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വീട്ടുകാരെ വിഷമിപ്പിക്കേണ്ട എന്ന് കരുതി അവരോട് ഇക്കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ല എന്നും ഹക്കിംഷാ പറഞ്ഞു.
മുഖ്യധാര സിനിമയുടെ ഭാഗമാകാന്‍ പത്ത് വര്‍ഷമെടുത്തതില്‍ തനിക്കൊരിക്കലും റിഗ്രറ്റുണ്ടായിട്ടില്ലെന്നും ഹക്കിം ഷാ പറഞ്ഞു. ‘ ഞാന്‍ ജീവിതം വളരെ എന്‍ജോയ് ചെയ്താണ് മുന്നോട്ട് പോകുന്നത്. ജീവിതം എന്‍ജോയ് ചെയ്തില്ലെങ്കില്‍ പിന്നെന്ത് കാര്യം. പട്ടിണി വരെ കിടക്കേണ്ടി വന്നിട്ടുണ്ട്. ഞാനും എന്റെ ഒരു സുഹൃത്തും ഒരുമിച്ചുണ്ടായിരുന്ന ഒന്നോ രണ്ടോ വര്‍ഷക്കാലം, മാമ്പഴക്കാലം വരുമ്പോള്‍ വലിയ സന്തോഷമാണ്. ലിറ്ററലി പട്ടിണിയായത് കൊണ്ട്, രാത്രിയില്‍ സുഹൃത്തിന്റെ സ്പളെന്‍ഡര്‍ ബൈക്കുമെടുത്ത് എല്ലാ മാവിന്റെയും ചുവട്ടിലൂടെ പോകുമായിരുന്നു.
പെട്രോള്‍ കുറവ് മതി എന്നത് കൊണ്ടാണ് സ്പളെന്‍ഡര്‍ ബൈക്ക് എടുക്കുന്നത്. തിരിച്ചെത്തുമ്പോള്‍ പല തരത്തിലുള്ള പത്ത് കിലോയോളം മാങ്ങ ഞങ്ങള്‍ക്ക് ലഭിക്കുമായിരുന്നു. വെളുപ്പിന് മൂന്ന്, നാല് മണിവരെ ഇത് ചെത്തിത്തിന്നുകയാണ് ചെയ്യുക. ഒരു സ്‌ട്രോങ് ചായയുമിട്ട് കുടിക്കും. മാങ്ങ പുളിയായത് കൊണ്ട് തന്നെ വിശപ്പ് കൂടുകയും ചെയ്യും. രാവിലെ ഇരട്ടി വിശപ്പോടെയായിരിക്കും എഴുന്നേല്‍ക്കുന്നത്. അങ്ങനെ ജീവിച്ചിട്ടുണ്ട്.
നാലോ അഞ്ചോ വര്‍ഷം മുന്നേയാണിത്. പച്ച കപ്ലങ്ങ അരിഞ്ഞ് ചോറിനൊപ്പം ഇട്ടാണ് ഒരു ഓണം ഞങ്ങള്‍ ആഘോഷിച്ചത്. ഈ ഇല്ലായ്മയൊക്കെ എംബ്രൈസ് ചെയ്യുമ്പോള്‍ ഭയങ്കര രസമാണ്. ക്ഷമയുടെ നെല്ലിപ്പടി കണ്ടിട്ടാണ് ജീവിച്ചത്. നെല്ലിപ്പടി എടുത്ത് തലക്ക് വെച്ചിട്ടാണ് ജീവിച്ചത്. തിരിച്ച് പോക്കില്ല എന്ന് ഉറപ്പിച്ചിരുന്നു. വീട്ടില്‍ ഇക്കാര്യങ്ങളൊന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല. അവര്‍ക്ക് സഹിക്കില്ല. അവരെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാണ് പറയാതിരുന്നത്. ഉറപ്പായും ബാപ്പാക്കും ഉമ്മാക്കും സഹിക്കുമായിരുന്നില്ല,’ ഹക്കിം ഷാ പറഞ്ഞു
content highlights: Hakkim sha about his struggling period