| Sunday, 27th October 2024, 11:52 am

മമ്മൂക്ക സംസാരിക്കാൻ തുടങ്ങിയാൽ പറഞ്ഞങ്ങ് പോവും, ഒടുവിൽ ഷൂട്ട് ലേറ്റായാൽ അദ്ദേഹം തന്നെ എല്ലാവരോടും പോവാൻ പറയും: ഹക്കിം ഷാ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ഒരു ഗെയിം ത്രില്ലർ ചിത്രമായ ബസൂക്കയിൽ യുവതാരം ഹക്കിം ഷാജഹാനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് ഹക്കിം ഷാ. 2022ല്‍ പുറത്തിറങ്ങിയ പ്രണയവിലാസം എന്ന സിനിമയിലെ വിനോദ് എന്ന കഥാപാത്രത്തിലൂടെയാണ് ഹക്കിം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ജൂനിയർ ആർട്ടിസ്റ്റായി കരിയർ തുടങ്ങിയ ഹക്കിം ഈ വർഷം ഇറങ്ങിയ കടകൻ എന്ന ചിത്രത്തിലെ നായകനായിരുന്നു. കഥ ഇന്നുവരെ എന്ന ചിത്രമായിരുന്നു താരത്തിന്റേതായി ഏറ്റവും ഒടുവിലിറങ്ങിയത്.

ബസൂക്കയിൽ അഭിനയിക്കുമ്പോൾ മമ്മൂട്ടി ഒരുപാട് പഴയ അനുഭവങ്ങൾ പറയുമായിരുന്നുവെന്നും ഷൂട്ട്‌ മറന്ന് എല്ലാവരും അത് കേട്ടിരിക്കുമെന്നും ഹക്കിം പറയുന്നു. ഡയലോഗ് പറയുമ്പോൾ താളം എങ്ങനെ ഉപയോഗിക്കണമെന്നെല്ലാം മമ്മൂട്ടി തനിക്ക് പറഞ്ഞുതന്നിട്ടുണ്ടെന്നും ഹക്കിം പറഞ്ഞു. റെഡ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു താരം.

‘ബേസിക്കലി മമ്മൂക്ക ഒരു കാര്യം പറഞ്ഞു തുടങ്ങിയാൽ പറഞ്ഞു പറഞ്ഞങ്ങ് പോവും. അപ്പോൾ എല്ലാവരും ഷോട്ട് ഒക്കെ നിർത്തി അദ്ദേഹം പറയുന്നത് കേട്ട് നിൽക്കും. പിള്ളേരൊക്കെ ചുറ്റിലും വന്നിങ്ങനെ കേട്ടിരിക്കും.

ഒരു അര മണിക്കൂറെങ്കിലും ആ സംസാരം നീണ്ടുപോയാലാണ് പുള്ളി, ആ മതി ഇനി എല്ലാവരും ഷൂട്ടിലേക്ക് പോയെന്ന് പറയുക. അത് നല്ല രസമാണ്. അദ്ദേഹം എന്നോട് ഡയലോഗ് മോഡുലേഷൻ ശ്രദ്ധിക്കണമെന്ന് പറഞ്ഞിട്ടുണ്ട്.

കാരണം ഞാനൊരു താളത്തിലായിരുന്നു ഡയലോഗ് പറഞ്ഞിരുന്നത്. അപ്പോൾ മമ്മൂക്ക ഓരോ സ്ഥലത്ത് ഏത്‌ രീതിയിൽ താളം ഉപയോഗിക്കണമെന്ന് പറഞ്ഞുതരും. താളം മാറ്റി കഴിഞ്ഞാൽ അതിന്റെ അർത്ഥം തന്നെ മാറി പോവുമെന്ന് മമ്മൂക്ക പറയും.

എന്നോട് അതൊന്ന് ആലോചിച്ച് നോക്കെന്ന് മമ്മൂക്ക പറയും. അങ്ങനെയുള്ള മൈന്യൂട്ടായ കാര്യങ്ങളാണ് പുള്ളി പറഞ്ഞുതരുക. 40 വർഷത്തിന് മുകളിലായി സിനിമയിലുള്ള അദ്ദേഹത്തിന് എത്ര അനുഭവങ്ങളുണ്ടാവും. ബ്ലാക്ക് ആൻഡ്‌ വൈറ്റ് കാലം തൊട്ടുള്ള അനുഭവങ്ങൾ ഉണ്ടാവില്ലേ, അതൊക്കെ മമ്മൂക്ക പറയുമായിരുന്നു,’ഹക്കിം ഷാ പറയുന്നു.

Content Highlight: Hakkim Sha about experience With Mammootty In Bazooka Movie

We use cookies to give you the best possible experience. Learn more