| Saturday, 15th April 2023, 2:04 pm

നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു; ഞെട്ടലോടെ സത്യാവസ്ഥ മനസിലാക്കി ഹക്കീമിയുടെ ഭാര്യ

സ്പോര്‍ട്സ് ഡെസ്‌ക്

ലൈംഗിക പീഡന കുറ്റാരോപണത്തിന് പിന്നാലെ പി.എസ്.ജിയുടെ മൊറോക്കന്‍ താരം അഷ്‌റഫ് ഹക്കീമിയുമായി ഭാര്യ ഹിബ അബൂക്ക് വിവാഹമോചനം നടത്തിയിരുന്നു. തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോഴാണ് ‘കോടീശ്വരനായ’ ഹക്കീമിയുടെ പേരില്‍ സ്വത്തുക്കളൊന്നുമില്ലെന്ന വിവരം ഹിബ അറിയുന്നത്.

പി.എസ്.ജിയില്‍ നിന്ന് പ്രതിമാസം 1.75 കോടി രൂപ വരുമാനമുള്ള ഹക്കീമി തന്റെ സമ്പാദ്യത്തിന്റെ 80 ശതമാനവും നിക്ഷേപിച്ചിരിക്കുന്നത് മാതാവ് ഫാത്തിമയുടെ പേരിലാണ്. മാത്രമല്ല 24കാരനായ താരം മറ്റ് വസ്തുവകകളും, കാറുകളും, വീടുമെല്ലാം മാതാവിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം ഫെബ്രുവരി 25നാണ് ഹക്കീമി പീഡിപ്പിച്ചുവെന്നാരോപിച്ച് 24കാരിയായ യുവതി താരത്തിനെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹക്കീമിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പാരീസിലെ നാന്റെറയിലെ പ്രോസിക്യൂട്ടറാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്.

ഫ്രഞ്ച് നഗരമായ ബുലോയ്‌നിലുള്ള ഹക്കീമിയുടെ വീട്ടില്‍ വെച്ചാണ് ലൈംഗിക പീഡനം നടന്നതെന്ന് യുവതിയുടെ മൊഴിയില്‍ പറയുന്നു. താരത്തിന്റെ കുടുംബാംഗങ്ങള്‍ ഇല്ലാതിരുന്ന സമയത്ത് വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് താന്‍ രക്ഷപ്പെട്ടതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സംഭവം നടന്നെന്ന് ആരോപിക്കുന്ന സമയത്ത് ഹിബ അബൂക്കും കുടുംബവും ദുബൈയിലായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ലാണ് 31കാരിയായ അബൂക്കും 19കാരനായ ഹക്കീമിയും ഒരുമിച്ച് താമസം തുടങ്ങിയത്. തന്റെ സമ്പാദ്യം മുഴുവന്‍ ഹക്കീമി മാതാവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ അബൂക്കക്ക് നിയമപരമായി ഒന്നും ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് നിയമവിദഗ്ധര്‍ പറഞ്ഞു.

Content Highlights: Hakimi’s wife Hiba Abouk seeks for half fortune and realize he owns nothing

We use cookies to give you the best possible experience. Learn more