ചെല്‍സിയുടെ മൊറോക്കന്‍ സൂപ്പര്‍താരമായ ഹക്കിം സിയച്ചിനെ ക്ലബ്ബിലെത്തിക്കാനുള്ള പി.എസ്.ജിയുടെ ശ്രമം പാഴായി. റിപ്പോര്‍ട്ടുകള്‍ പ്രകാരം ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട പേപ്പര്‍വര്‍ക്കുകള്‍ കൃത്യമായി നടക്കാതിരുന്നതാണ് സിയച്ചിന്റെ കാര്യത്തില്‍ തിരിച്ചടി നല്‍കിയത്.
രണ്ട് ക്ലബുകളും തമ്മില്‍ കരാറില്‍ എത്തിയെങ്കിലും ഈ കോണ്‍ട്രാക്റ്റുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടി അയച്ച സമയം വൈകിയതോടെ കരാര്‍ നിലനില്‍ക്കില്ലെന്ന സാഹചര്യം വരികയായിരുന്നു.
ട്രാന്‍സ്ഫര്‍ നടക്കാതെ വന്നതോടെ ക്ലബുകള്‍ എല്‍.എഫ്.പിയെ ബന്ധപ്പെട്ട് അപ്പീല്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ട്രാന്‍സ്ഫറിന് അനുകൂലമായ തീരുമാനം വരാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്. ട്രാന്‍സ്ഫര്‍ നടക്കാതിരുന്നത് സിയാച്ചിനെ സംബന്ധിച്ചും പി.എസ്.ജിയെ സംബന്ധിച്ചും വലിയ തിരിച്ചടിയാണ്.
ചെല്‍സിക്ക് ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുത്ത ടീമിലെ പ്രധാന താരമായ സിയച്ച് കഴിഞ്ഞ ലോകകപ്പില്‍ ചരിത്രം കുറിച്ച മൊറോക്കന്‍ ടീമിന് വേണ്ടിയും മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ ചെല്‍സിയില്‍ താരമിപ്പോള്‍ ടീമിലെ സ്ഥിരസാന്നിധ്യമല്ല.
ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തില്‍ നിരവധി പുതിയ താരങ്ങളെ എത്തിച്ച് വലിയ അഴിച്ചുപണി നടത്തുന്ന ചെല്‍സിയില്‍ ഇനിയും അവസരങ്ങള്‍ കുറയുമെന്നത് കൊണ്ടാണ് സിയച്ച് ക്ലബ് വിടാന്‍ തയ്യാറെടുക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. ട്രാന്‍സ്ഫറിന്റെ കാര്യത്തില്‍ ക്ലബുകള്‍ തമ്മിലും ധാരണയില്‍ എത്തിയതായിരുന്നു. എന്നാല്‍ അവസാനനിമിഷത്തില്‍ അതു നടക്കാതെ വന്നു.
ചെല്‍സിയില്‍ താരത്തിന് അവസരങ്ങള്‍ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. പി.എസ്.ജിയിലേക്ക് ചേക്കേറി ഈ സീസണില്‍ വീണ്ടും സജീവമായി കളിക്കാനുള്ള അവസരം ഇതോടെ ഇല്ലാതായി. മെസി, നെയ്മര്‍, എംബാപ്പെ എന്നിവര്‍ക്കൊപ്പം ഇറങ്ങാനുള്ള അവസരവും നഷ്ടമായി.
അതേസമയം, ബുധനാഴ്ച രാത്രി ലീഗ് വണ്ണില്‍ നടക്കാനിരിക്കുന്ന മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് പി.എസ്.ജി. മോണ്‍ഡ്‌പെല്ലിയറിനെതിരെയാണ് വമ്പന്മാരുടെ മത്സരം. കഴിഞ്ഞ ദിവസം ലീഗ് വണ്ണില്‍ റെയിംസിനെതിരെ നടന്ന മത്സരത്തില്‍ പി.എസ്.ജി സമനില വഴങ്ങുകയായിരുന്നു.
മത്സരത്തില്‍ സൂപ്പര്‍താരം നെയ്മര്‍ ഒരു ഗോള്‍ നേടി പി.എസ്.ജിയുടെ ലീഡ് ഉയര്‍ത്തിയെങ്കിലും കളിയുടെ അവസാനം റെയിംസ് സമനില ഗോള്‍ നേടി.
ലോകകപ്പിനുശേഷം ആദ്യമായി സ്റ്റാര്‍ട്ടിങ് ഇലവനില്‍ തന്നെ മെസി, എംബാപ്പെ, നെയ്മര്‍ എന്നിവരെ അണിനിരത്തി 4-2-4 ഫോര്‍മേഷനിലാണ് കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍ ടീമിനെ ഇറക്കിയത്. എന്നാല്‍ പ്രമുഖ താരങ്ങളൊന്നും ഇല്ലാതിരുന്നിട്ടും തുടക്കം മുതല്‍ റെയിംസ് ആധിപത്യം പുലര്‍ത്തുകയായിരുന്നു.
സമനില വഴങ്ങിയെങ്കിലും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ പി.എസ്.ജിക്കായി. ബുധനാഴ്ച രാത്രി ഇന്ത്യന്‍ സമയം 1.30നാണ് പി.എസ്.ജി മോണ്‍ഡ്‌പെല്ലിയറിനെ നേരിടുന്നത്. ഫെബ്രുവരി ഒമ്പതിന് ചിരവൈരികളായ മാഴ്‌സെലിയെയുമായി ക്ലബ്ബിന് ഫ്രഞ്ച് കപ്പില്‍ ഡെര്‍ബി മാച്ചും കളിക്കാനുണ്ട്.
Content Highlights: Hakim ziyech’s signing with psg got failed