വഖഫ് വിഷയത്തില്‍ ഇടപെടേണ്ടിരുന്നത് മുസ്‌ലിം ലീഗ്; സമസ്ത സ്വീകരിച്ച നിലപാട് സംഘടനാ നിലപാടുകള്‍ക്ക് വിരുദ്ധം: ഹകിം ഫൈസി ആദൃശ്ശേരി
Kerala News
വഖഫ് വിഷയത്തില്‍ ഇടപെടേണ്ടിരുന്നത് മുസ്‌ലിം ലീഗ്; സമസ്ത സ്വീകരിച്ച നിലപാട് സംഘടനാ നിലപാടുകള്‍ക്ക് വിരുദ്ധം: ഹകിം ഫൈസി ആദൃശ്ശേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th November 2022, 4:48 pm

കോഴിക്കോട്: വഖഫ് നിയമനം പി.എസ്.സിക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച സമയത്ത് സമസ്ത സ്വീകരിച്ച നിലപാട് സംഘടനാ നിലപാടുകള്‍ക്കെതിരാണെന്ന് സമസ്തയില്‍ നിന്ന് പുറത്താക്കപ്പെട്ട ഹകിം ഫൈസി ആദൃശ്ശേരി. രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്ന പാരമ്പര്യം സമസ്തക്ക് ഇല്ലെന്നും സി.ഐ.സി ജനറല്‍ സെക്രട്ടറി കൂടിയായ ഫൈസി പറഞ്ഞു.

വിദ്യാഭ്യാസ കാര്യങ്ങളില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളില്‍ പൊരുത്തപ്പെടാന്‍ കഴിയാത്തവരാണ് സംഘടനയില്‍ തനിക്കെതിരെയുള്ളതെന്നും ഫൈസി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്ന അദ്ദേഹത്തിന്റെ പ്രതികരണം. വഖഫ് വിഷയത്തില്‍ മുസ്‌ലിം ലീഗായിരുന്നു പ്രതിഷേധം ലീഡ് ചെയ്യേണ്ടിയിരുന്നുവെന്നും ഫൈസി പറഞ്ഞു.

‘സര്‍ക്കാര്‍ കൊണ്ടുവരുന്ന ഒരു നിയമം, സര്‍ക്കാര്‍ നടത്തുന്ന ഒരു നിയമനം ഇതല്ലാം കൈകാര്യം ചെയ്യേണ്ടത് എം.എല്‍.എമാരും മന്ത്രിമാരുമടങ്ങിയ ഭരണപ്രതിപക്ഷമല്ലേ. വഖഫ് വിഷയങ്ങളിലെ ഇടപെടല്‍ സമസ്തയുടെ പ്രഖ്യാപിത നിലപാടുകള്‍ക്കെതിരായാണ് ഞാന്‍ മനസിലാക്കുന്നത്.

ജനാധിപത്യത്തില്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണല്ലോ ജനപ്രതിനിധികള്‍. ഇവര്‍ സര്‍ക്കാര്‍ കാര്യങ്ങളില്‍ നയമസഭയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അവിടെയാണ് നിയമ നിര്‍മാണം നടക്കുന്നത്. അത്തരം വിഷയങ്ങള്‍ ജനപ്രതിനിധികള്‍ കൈകാര്യം ചെയ്യട്ടേ.

അതിലുള്ള മതപരമായ വിധികള്‍ സമസ്ത നോക്കിയാല്‍ മതിയാകും. അതിന്റെ രാഷ്ട്രീയപരമായ കാര്യങ്ങള്‍ പറയേണ്ടത് മുസ്‌ലിം ലീഗാണ്,’ ഹകിം ഫൈസി പറഞ്ഞു.

വഖഫ് ബോര്‍ഡിലെ നിയമനം പി.എസ്.സിക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ വലിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളിലേക്കായിരുന്നു മുസ്‌ലിം ലീഗ് പോയിരുന്നത്. വിഷയത്തില്‍ പള്ളികളില്‍ പ്രതിഷേധമുണ്ടാകുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞത് അന്ന് വലിയ വാര്‍ത്തയായിരുന്നു.

എന്നാല്‍ പള്ളികള്‍ പ്രതിഷേധത്തിന് ഉപയോഗിക്കില്ലെന്നാണ് സമസ്ത സ്വീകരിച്ചിരുന്ന നിലപാട്. പി.എസ്.സി നിയമന വിഷയത്തില്‍ ലീഗ് പ്ലാറ്റഫോമിലല്ലാതെ സംഘടനാപരമായി തന്നെ തങ്ങളുടെ അതൃപ്തി
അറിയിക്കാനാണ് സമസ്ത അന്ന് ശ്രമിച്ചത്.

മുഖ്യമന്ത്രിയുമായി സമസ്ത നേതൃത്വം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇത് സമസ്തയുടെ സംഘടന നിലപാടുകള്‍ക്ക് എതിരാണെന്നാണ് ഹകിം ഫൈസി ഇപ്പോള്‍ പറയുന്നത്.

സുന്നി ആശയാദര്‍ശങ്ങള്‍ക്കും സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ക്കും വിരുദ്ധമായി പ്രചാരണം നടത്തിയെന്നാരോപിച്ചായിരുന്നു കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം സംഘടനയായ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ ഹകിം ഫൈസി ആദൃശ്ശേരിയെ പുറത്താക്കുന്നത്.

മുസ്‌ലിം ലീഗിലെ ചില നേതാക്കളുടെ പിന്തുണയോട് കൂടി സംഘടനക്കുള്ളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് ഹകീം ഫൈസിക്കെതിരെ സമസ്ത നേതാക്കളുടെ പ്രധാന ആരോപണം.

സി.ഐ.സി(കോഓഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസ്)യുടെ കീഴില്‍ നടക്കുന്ന വഫിയ്യ കോഴ്സില്‍ ചേരുന്ന പെണ്‍കുട്ടികളുടെ വിവാഹമടക്കം വിവിധ വിഷയങ്ങളില്‍ സമസ്ത നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്നെങ്കിലും വാഫി വഫിയ്യ കലോത്സവത്തില്‍ നിന്നും സനദ് ദാനത്തില്‍ നിന്നും സമസ്ത നേതാക്കളും പോഷകസംഘടനാ നേതാക്കളും വിട്ടുനിന്നു.

എന്നാല്‍, വിലക്കുകള്‍ ലംഘിച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളടക്കം ചിലര്‍ പങ്കെടുത്തത് ചെയ്തത് വലിയ വിവാദമായിരുന്നു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും വാഫി വഫിയ്യ സമ്മേളത്തില്‍ പങ്കെടുത്തിരുന്നു.