| Saturday, 14th April 2012, 1:42 pm

ഹജ്ജ് സബ്‌സിഡി ഒരു തവണ മാത്രം, ശിപാര്‍ശ അനുവദിക്കില്ല; സുഹൃദ് സംഘത്തിലെ എണ്ണം വെട്ടിക്കുറച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സര്‍ക്കാര്‍ ക്വാട്ടവഴി ഒരാള്‍ക്ക് ഒരു തവണ മാത്രം ഹജ്ജ് യാത്ര നിജപ്പെടുത്തി കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഹജ്ജ് നയം. നേരത്തെ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിന് അനുമതി നല്‍കിയിരുന്നു. സര്‍ക്കാര്‍ ക്വാട്ട ഒരു തവണയായി നിജപ്പെടുത്തിയതോടെ ഹജ്ജ് സബ്‌സിഡിയും ഒരാള്‍ക്ക് ഒരു തവണ മാത്രമായി ചുരുങ്ങി. തിങ്കളാഴ്ച സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്ന പുതിയ ഹജ്ജ് നയത്തിലാണ് ഇക്കാര്യം പറയുന്നത്. നിര്‍ദേശം വരും വര്‍ഷങ്ങളിലും തുടരാനാണ് സാധ്യത.

70 വയസ്സിന് മുകളില്‍ പ്രായമുള്ളവരെയും നാല് തവണ അപേക്ഷിച്ചവരെയും നറുക്കെടുപ്പില്ലാതെ ഹജ്ജ് യാത്രക്ക് തിരഞ്ഞെടുക്കാമെന്ന് നയത്തില്‍ വ്യക്തമാക്കുന്നു. ഹജ്ജ് തീര്‍ത്ഥാടനത്തിന് പുറപ്പെടുന്ന പ്രധാനമന്ത്രിയുടെ സുഹൃദ് സംഘത്തിലെ എണ്ണം വെട്ടിച്ചുരുക്കിയതാണ് നയത്തിലെ മറ്റൊരു പ്രധാന മാറ്റം. പത്ത് പേര്‍ക്ക് മാത്രമേ ഇനി മുതല്‍ സുഹൃദ് സംഘം വഴി ഹജ്ജിന് സാധ്യമാകൂ. ഇതും ഒരാള്‍ക്ക് ഒരു തവണ മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ക്വാട്ടയില്‍ ഇനി ശിപാര്‍ശ വേണ്ടെന്നും നയത്തില്‍ വ്യക്തമാക്കുന്നുണ്ട്.

പ്രധാനമന്ത്രിയുടെ സൗഹൃദ സംഘത്തെ തിരഞ്ഞെടുത്തില്‍ കഴിഞ്ഞ തവണ ക്രമക്കേട് നടന്നതായി ആരോപണമുണ്ടായിരുന്നു. ഇതെ തുടര്‍ന്ന്
പ്രധാനമന്ത്രിയുടെ ഹജ്ജ് സൗഹൃദസംഘത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.  കഴിഞ്ഞവര്‍ഷത്തെ ഹജ്ജ് ക്വാട്ട വിതരണത്തില്‍ ക്രമക്കേടുണ്ടായെന്ന് ആരോപണത്തെ തുടര്‍ന്നാണ് ഈ വര്‍ഷം മുതല്‍ പുതിയ ഹജ്ജ് നയം കൊണ്ടുവരണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

ഹജ്ജ് സ്വതന്ത്രസംഘത്തെ മോശം മതാചാരമെന്ന് അടുത്തിടെ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചിരുന്നു. എന്നാല്‍ അതിനുശേഷവും 23 അംഗ സൗഹൃദസംഘം ഹജ്ജിനായി പുറപ്പെട്ടിരുന്നു. കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ്‌നേതാവ് എം.എ ഷാനവാസ് എം.പിയും ഭാര്യയും പാണക്കാട് സെയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും സംഘത്തിലുണ്ടായിരുന്നു. സര്‍ക്കാര്‍ ചിലവില്‍ സ്വന്തക്കാര്‍ക്ക് ഹജ്ജിന് സൗകര്യമൊരുക്കുന്നതാണ് വിമര്‍ശനത്തിന് വിധേയമായത്്.

2002ലാണ് അവസാനമായി “സമഗ്ര” ഹജ്ജ് നിയമം കൊണ്ടുവന്നത്. കേന്ദ്രഹജ്ജ് കമ്മിറ്റിയുടെ രൂപവത്കരണവും ചുമതലകളും അധികാരങ്ങളും നിര്‍ണയിക്കുന്നതായിരുന്നു ഈ നിയമനിര്‍മാണം.

We use cookies to give you the best possible experience. Learn more