ദയാപുരം വിദ്യാഭ്യാസ-സാംസ്‌കാരിക കേന്ദ്രത്തിന്റെ മുഖ്യശില്പിയും വിദ്യാഭ്യാസപ്രവര്‍ത്തകനും ഇസ്‌ലാം മത ഗവേഷകനുമായ സി.ടി അബ്ദുറഹീമിന്റെ ആത്മകഥയില്‍ നിന്നുള്ള ഭാഗങ്ങള്‍ തുടരുന്നു. “ദോഹയിലേക്കുള്ള കപ്പല്‍ യാത്ര”, “വിദ്യാര്‍ത്ഥിയും പോലീസുകാരനും” എന്നീ അധ്യായങ്ങള്‍ക്ക് ശേഷം ഖത്തറില്‍ നിന്ന് ഒരു പഴയ ബസ്സില്‍ മക്കയിലേക്ക് ഹജ്ജിനു പോയതിന്റെ ഓര്‍മ്മ. മരുഭൂമിയിലൂടെ, വിശ്വാസചരിത്രത്തിലേക്കു ഒരു യാത്ര.
മുഹമ്മദ് നബിക്കു 2500 വര്‍ഷം മുമ്പ് ഇബ്രാഹീം നബിയുടെ ആഹ്വാനത്താല്‍ തുടങ്ങിയ ഹജ്ജ് തീര്‍ത്ഥാടനം ആരോഗ്യവും സാമ്പത്തികശേഷിയുമുള്ള മുസ്‌ലിംകള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടതാണ്. ഹജ്ജിന്റെ ആചാരങ്ങളെയും, വിമാനത്തിനും ഇന്നത്തെ യാത്രാ സൗകര്യങ്ങള്‍ക്കും മുമ്പുള്ള അറേബ്യയെയും രേഖപ്പെടുത്തുന്ന അനുഭവക്കുറിപ്പ്.
മക്ക കുട്ടിക്കാലംതൊട്ട് പറഞ്ഞുകേട്ടും ചൊല്ലിപ്പഠിച്ചും ഓര്‍മ്മയുടെ നിറക്കൂട്ടായി മാറിയ സ്വപ്നദേശമാണ്! വീശിയടിക്കുന്ന കാറ്റിന്റെ കുഴലൂത്തുകേട്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന മണല്‍ക്കാടിന്റെ മടിത്തട്ടില്‍ കരിമ്പാറക്കുന്നുകള്‍ കാവലിരിക്കുന്ന ഇതിഹാസഭൂമി. പതിമൂന്ന് നൂറ്റാണ്ടുകള്‍ക്കപ്പുറം ഇബ്രാഹീമിന്റെ പാതയില്‍ ശക്തമായ കാല്‍വെയ്പുകളോടെ രംഗപ്രവേശംചെയ്ത മുഹമ്മദ്നബിക്ക് ജന്മംനല്‍കിയ അനുഗൃഹീതമണ്ണ്. വിശ്വാസികളുടെ മനസ്സിന്റെ സ്നേഹതീരങ്ങളില്‍ പ്രതിഷ്ഠനേടിയ നബി തിരുമേനിയെക്കുറിച്ചുള്ള ആര്‍ദ്രസ്മരണകള്‍ 4000 കൊല്ലങ്ങള്‍ക്കപ്പുറം മറനീക്കിത്തെളിയുന്ന ഇബ്രാഹിമിന്റെ ഓര്‍മ്മകളുമായി കൂടിക്കുഴയുന്ന രംഗവേദി.
സുഊദിഅറേബ്യയുമായി അതിര്‍ത്തിപങ്കിടുന്ന രാജ്യമാണ് ഖത്തര്‍. ദോഹയുടെ ഹൃദയത്തില്‍നിന്ന് അതിര്‍ത്തിയായ അബൂസംറ കടന്നുപോവുന്ന റോഡ് മക്കയുടെ പാദങ്ങള്‍പുല്‍കി നീണ്ടുനിവര്‍ന്നുകിടക്കുന്നു. തീര്‍ത്ഥാടനത്തിന്റെ പുണ്യം ആവാഹിക്കുന്ന വഴിയാണ് അത്. അതുകൊണ്ടുതന്നെ ദോഹയിലെത്തിയതുമുതല്‍ മനസ്സ് മക്കയിലേക്കും കഅ്ബയിലേക്കും മദീനായിലേക്കും പാഞ്ഞുകൊണ്ടിരുന്നു. റോഡിന്റെ ഇങ്ങേത്തലക്കല്‍ ഇരിക്കുമ്പോള്‍തന്നെ അങ്ങേത്തല സ്പര്‍ശിക്കുന്നപോലെ.
സി.ടി അബ്ദുറഹീം (പഴയ ചിത്രം)
നൂറ്റാണ്ടുകള്‍ക്കുമുമ്പ് കരിമ്പാറക്കുന്നുകളുടെ മടിത്തട്ടില്‍ രൂപപ്പെട്ട പ്രദേശമാണ് മക്ക; സംസം എന്ന ഉറവക്കും കഅ്ബ എന്ന ദേവാലയത്തിനും ചുറ്റുമായി വികാസംകൊണ്ട ജനപദം. മക്കയുടെ ഓര്‍മ്മ ദീര്‍ഘമായ ഭൂതകാലത്തിന്റെ കൂടി ഓര്‍മ്മയാണ്; ശാമി(സിറിയന്‍നാടുകള്‍)ലേക്കുള്ള കച്ചവടവഴിയില്‍ തമ്പടിച്ചിരുന്ന സാര്‍ത്ഥവാഹസംഘങ്ങള്‍, പ്രതാപികളായ ഖുറൈശികള്‍, കുലീനമായ ജീവിതസാഹചര്യത്തിലും മുഹമ്മദ് നബി അനുഭവിച്ച അനാഥത്വത്തിന്റെ വേദന, ഹിറാഗുഹയിലെ ഏകാന്തധ്യാനം, വെളിപാട്, മക്കയില്‍നിന്നുള്ള ഹിജ്റ (മദീനയിലേക്കുള്ള രഹസ്യ കുടിയേറ്റം), ബദര്‍, ഉഹ്ദ്, ഖന്തഖ് യുദ്ധങ്ങള്‍, മക്കാവിജയം, അറഫാകുന്നില്‍ നടത്തിയ മാനവികവിളംബരം, മദീനാ നഗരരാഷ്ട്രത്തിന്റെ നിത്യനൂതനമായ ഭരണഘടന, തുടങ്ങി ചരിത്രം അടയാളപ്പെടുത്തിയ നാഴികക്കല്ലുകള്‍.
പ്രവാചകന്റെ കര്‍മ്മഭൂമിയിലൂടെ ചരിത്രപഥങ്ങള്‍ അന്വേഷിച്ചുകൊണ്ടുള്ള ആത്മീയ തീര്‍ത്ഥാടനത്തിന് ഞങ്ങള്‍ ചില വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചു. എം.വി.മുഹമ്മദ്സലീം, അബൂസ്വാലിഹ്, എ.മുഹമ്മദലി, ഒ.പി.ഹംസ, ആദം (അപ്പര്‍ വാള്‍ട്ട), അക്സറാന്‍, സമ്പാസ് (ഫിലിപൈന്‍സ്) എന്നിവരടങ്ങുന്ന ചെറുസംഘം അലീമന്‍സൂര്‍ എന്ന അറബി കോണ്‍ട്രാക്ടര്‍ക്കുകീഴില്‍ യാത്ര ഉറപ്പിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ദോഹയില്‍നിന്നുള്ള തീര്‍ത്ഥാടകസംഘങ്ങളെ ബസില്‍ കൊണ്ടുപോവുന്ന സമ്പ്രദായമനുസരിച്ചായിരുന്നു ഇത്.
375 ഖത്തര്‍ റിയാലാണ് ഒരാള്‍ മൊത്തം നല്‍കേണ്ടത്. ഈ യാത്രാസംഘത്തില്‍ മലയാളികള്‍ക്കുപുറമെ പാക്കിസ്ഥാന്‍കാരും ബംഗ്ലാദേശുകാരുമായിരുന്നു കൂടുതല്‍. സയ്യിദ് മുഹമ്മദ്, വി.എം. മൊയ്തീന്‍കുട്ടിഹാജി, ടി.പി.മൊയ്തു, ആര്‍.കെ.ഇബ്രാഹീം, അബ്ദുല്‍ഖാദര്‍ എന്നീ മലയാളി സുഹൃത്തുക്കള്‍ യാത്രയിലെ എല്ലാ പ്രയാസങ്ങളും ഞങ്ങളുമായി പങ്കിട്ടു. (ഈ വാക്കുകള്‍ എഴുതി ഒരു മണിക്കൂര്‍ തികയുംമുമ്പ് ടെലിഫോണ്‍ ശബ്ദിച്ചു. റിസീവറെടുത്തപ്പോള്‍, അത്ഭുതം! മൊയ്തീന്‍കുട്ടിഹാജി! സംഭവം അദ്ദേഹത്തോട് പറഞ്ഞു. 40 വര്‍ഷത്തിനുശേഷവും ഹാജി എല്ലാം ഓര്‍ക്കുന്നു. 75 വയസ്സായിട്ടും ആ സൗഹൃദത്തിന് വാര്‍ദ്ധക്യം ബാധിച്ചിട്ടില്ല. ടി.പി. മൊയ്തു തന്റെ മകളെ ചേര്‍ക്കാന്‍ ദയാപുരത്ത് വന്നു. ബാക്കി മിക്കപേരും കാലയവനികക്ക് പിന്നില്‍ മറഞ്ഞതായി രണ്ടുപേരും സങ്കടപ്പെട്ടു.)
അബൂസംറയില്‍
ഹജ്ജ് യാത്ര ആരംഭിച്ചത് 1972 ജനവരി 15 ന് വൈകുന്നേരം ദോഹയില്‍നിന്നാണ്. 60 കി.മീറ്റര്‍ അകലെയാണ് ഖത്തറിന്റെ അതിര്‍ത്തിയായ അബൂസംറ. അവിടെ യാത്രാരേഖകളുടെ നീണ്ട പരിശോധന നടന്നു. സമയം വളരെവൈകി. വൃദ്ധനാണ് അലിമന്‍സൂര്‍. അദ്ദേഹത്തിന്റെ ബസ്സുകള്‍ക്കും വാര്‍ദ്ധക്യം ബാധിച്ചിട്ടുണ്ട്. ഞങ്ങള്‍ സഞ്ചരിച്ച വാഹനം അതിര്‍ത്തിയിലെത്തുംമുമ്പുതന്നെ രോഗലക്ഷണം കാട്ടിത്തുടങ്ങിയിരുന്നു. ജനുവരിയുടെ കഠിനമായ തണുപ്പില്‍ ആദ്യദിവസംതന്നെ അബൂസംറയില്‍ ഉറങ്ങേണ്ടിവന്നു. അതും ഭക്ഷണമൊന്നും കൂടാതെ. പിന്നേക്ക് കൂടെ കരുതിവെച്ച ആഹാരസാധനങ്ങളെത്തന്നെ ആശ്രയിക്കേണ്ടിവന്നു. തുടക്കത്തിലേ കണ്ടുതുടങ്ങിയ ദുര്‍ലക്ഷണത്തെപ്പറ്റി പലയാത്രക്കാരും അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.
ആരോഗ്യവും ചുറുചുറുക്കുമുള്ള ആശിഖ്ഹുസൈന്‍ എന്ന പാക്കിസ്ഥാനി എല്ലാവരുടെയും അടുത്തുചെന്നു ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. കൂടുതല്‍ മലയാളികളായിരുന്നു ബസില്‍. എങ്കിലും ആ യുവാവിന്റെ പെരുമാറ്റത്തില്‍ ഇന്ത്യക്കാരോട് ഒരു കയ്പുമില്ല. ആശിഖിന്റെ പെരുമാറ്റമാധുര്യം എല്ലാവരെയും ആകര്‍ഷിച്ചു. യാത്രയിലുടനീളം ആളുകള്‍ ആ പേര് നിരന്തരം വിളിക്കുന്നത് കേള്‍ക്കാമായിരുന്നു. അബൂസംറയിലെ തുറന്നസ്ഥലത്ത് പുതച്ചിരിക്കുമ്പോള്‍ കുശലംപറഞ്ഞുകൊണ്ട് ആശിഖ് അടുത്തുവന്നു പരിചയപ്പെട്ടു.
ഒരുരാവും പകലും അബൂസംറയില്‍ കഴിച്ചുകൂട്ടേണ്ടിവന്നു. വാഹനത്തിന്റെ പണിമുടക്കായിരുന്നു കാരണം. കൂടെയുണ്ടായിരുന്ന മറ്റുയാത്രക്കാരും വാഹനങ്ങളും നേരത്തെ അതിര്‍ത്തി വിട്ടുകഴിഞ്ഞിരുന്നു. 17 ന് രാവിലെ ഞങ്ങളും പുറപ്പെട്ടു. ഇടക്കിടെ സുഊദി കസ്റ്റംസിന്റെ പരിശോധനയും വാഹനത്തിന്റെ യന്ത്രത്തകരാറുംചേര്‍ന്ന് യാത്ര ക്ലേശകരമാക്കിക്കൊണ്ടിരുന്നു. നാല്‍പതുകൊല്ലംമുമ്പ് മരുഭൂമിയിലെ റോഡ് യാത്ര ഇന്നത്തെപ്പോലെ സുഗമമോ ആശങ്കാരഹിതമോ ആയിരുന്നില്ല. മുന്നില്‍ ചക്രവാളങ്ങളോളം അനന്തവിശാലമായ മണല്‍പരപ്പ്. ഹുങ്കാരത്തോടെ വീശിയടിക്കുന്ന പൊടിക്കാറ്റ്. തണുത്ത മഞ്ഞലയില്‍ നെയ്തിട്ട കമ്പളംപോലെ അന്തരീക്ഷം. ശീതക്കാറ്റിനെ വകഞ്ഞുമാറ്റി ക്ഷയരോഗിയെപ്പോലെ ചുമച്ചും പുകതുപ്പിയും പതുക്കെനീങ്ങുന്ന അലീമന്‍സൂറിന്റെ ശകടം.
ഈ മെല്ലെപ്പോക്കില്‍ നഷ്ടം മണത്തറിഞ്ഞ അദ്ദേഹം ഭക്ഷണത്തിന്റെ അളവും സമയവും വെട്ടിച്ചുരുക്കിയതിലുള്ള അമര്‍ഷം. അമര്‍ഷം ഇരട്ടിപ്പിക്കുന്ന വിശപ്പ്. 17 ന് രാത്രി 7 മണിക്ക് അല്‍ഹസാ (അല്‍ഇഹ്സാഅ്) പട്ടണത്തില്‍ ഇറങ്ങി. അബൂസംറയില്‍നിന്ന് 195 കി.മീറ്റര്‍ ദൂരം. കോണ്‍ട്രാക്ടറുടെ പാചകക്കാര്‍ കൂടെക്കൊണ്ടുവന്ന ആടുകളില്‍ ചിലതിനെ അറുത്തു മജ്ബൂസ് (അറബിബിരിയാണി) തയാറാക്കി. അത് കഴിച്ചതൊടെ എല്ലാവരും ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു. പ്രകൃത്യാ ചുടുവെള്ളം ഉറവെടുക്കുന്ന “ഐനുന്നജ്മി”ല്‍ (നക്ഷത്ര ഉറവ) ഇറങ്ങി മതിവരുവോളമുള്ള കുളിയുംകൂടിയായപ്പോള്‍ ആ തണുത്ത രാവ് സ്വര്‍ഗീയമായ അനുഭവം പകര്‍ന്നുതന്നു. അങ്ങിങ്ങായി ഈന്തപ്പനത്തോട്ടങ്ങളും പുതുരീതിയിലുള്ള കെട്ടിടങ്ങളുംകൊണ്ട് സുന്ദരമായ കൊച്ചുപട്ടണമാണ് അന്നത്തെ അല്‍ഹസാ. കുളിക്കാന്‍ പാകത്തില്‍ വെള്ളം ചൂടാക്കിവെച്ചപോലെ നക്ഷത്രഉറവ (ഐനുന്നജ്മ്). ശുദ്ധജലം. ഏതോ കാലത്ത് ഉതിര്‍ന്നുവീണ ഒരുനക്ഷത്രം പതിച്ച സ്ഥലം ഇങ്ങനെ ഉറവയായി മാറിയതാണത്രെ.
റിയാദില്‍
അന്നുരാത്രി 12 മണിക്ക് ഞങ്ങള്‍ അല്‍ഹസാ വിട്ടു. 18 ന് രാവിലെ തലസ്ഥാനനഗരിയായ റിയാദിന്റെ പുറത്തുള്ള മുറാദ് എന്ന സ്ഥലത്തെത്തി. കൊടുംതണുപ്പ്. സുഊദിഅറേബ്യയില്‍ മറ്റേത് പ്രദേശത്തേക്കാളും ചൂടും തണുപ്പും റിയാദില്‍ കൂടുതലാണത്രെ. സഹിക്കാവുന്നതിലപ്പുറമായിരുന്നു ശൈത്യം. അവിടെ നേരത്തെഒരുക്കിയ തമ്പുകളിലാണു താമസിച്ചത്. ടെന്റുകളില്‍ തണുപ്പുതടുക്കാന്‍ ഒരു സംവിധാനവുമില്ല. വിവിധ നാടുകളില്‍നിന്ന് റിയാദ്വഴി ഹജ്ജിന് വരുന്നവരുടെ ക്യാമ്പും ഈ ടെന്റുകളിലായിരുന്നു. പരവതാനിക്കച്ചവടമാണ് മുറാദിന്റെ പ്രത്യേകതയെന്നുതോന്നി. താങ്ങാനാവാത്ത തണുപ്പുകൊണ്ട് ഒരു ബോംബെക്കാരനും ഒരു ബംഗാളിയും രോഗികളായി. ഒരു വൃദ്ധക്ക് ബുദ്ധിഭ്രമം സംഭവിച്ചു. അവര്‍ പിച്ചുംപേയും പറയാന്‍ തുടങ്ങി. ബസ്സിനുപുറത്തുനിന്ന് സാധനങ്ങള്‍ ഇറക്കാനാവാതെയും ബസ്സിനുള്ളില്‍നിന്ന് പുറത്തേക്കുകടക്കാനാവാതെയും ആളുകള്‍ ഉള്ളില്‍ ചുരുണ്ടുകൂടിയിരുന്നു. ഇവര്‍ക്കെല്ലാം പലതരം സഹായങ്ങളും ആവശ്യമായിരുന്നു. അപ്പോഴൊക്കെയും “ആശിഖോ” എന്ന വിളി ഉയര്‍ന്നു. വിളിക്കനുസരിച്ച് ആ യുവാവ് ഓടിച്ചെന്ന് ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുത്തു.
മുറാദ് വിടേണ്ട സമയമായിട്ടും വാഹനം ചലിച്ചില്ല. അത് തീര്‍ത്തും നിശ്ചലമായിക്കഴിഞ്ഞിരുന്നു. കോണ്‍ട്രാക്ടറും സഹായികളും നിശ്ശബ്ദം. ആളുകള്‍ ക്ഷോഭിച്ചുവശായി. പരസഹായിയായ ആശിഖിനും കോപം അടക്കാനായില്ല. ഇവറ്റകളെ ഞാന്‍ അടിച്ചുതാഴെയിടും-അയാള്‍ അവരെ നോക്കി ഗര്‍ജ്ജിച്ചു. ഒന്നുരണ്ടു പഠാണികളും ആഷിഖിന്റെ കൂടെവന്നു. എണ്ണത്തില്‍ വളരെ കുറവായിരുന്നു അവര്‍. ആളുകളുടെ ക്ഷോഭംകണ്ട് കരാറുകാരന്‍ മറ്റൊരു കൊച്ചുബസ് വാടകക്കെടുത്തു. എല്ലാവരെയും അതില്‍ കുത്തിനിറച്ചു. യാത്ര ഒന്നുകൂടി ദുഷ്‌കരമായി. രാത്രി 9 മണിക്ക് പുതിയ വാഹനം ചലിച്ചുതുടങ്ങി. 12 മണിക്ക് ശഖ്റാഅ് എന്ന സ്ഥലത്തെത്തി. ആ രാത്രി അവിടെ കഴിച്ചുകൂട്ടി.
19 ന് രാവിലെ ശഖ്റാഇല്‍നിന്നു പുറപ്പെട്ടു. അകലെ മണല്‍കൂനകള്‍ക്ക് പകരം മൊട്ടക്കുന്നുകളും കരിമ്പാറകളും. ഇളംചുവപ്പണിഞ്ഞ ഭൂമി. ആഹാരത്തിനു തക്കംപാര്‍ത്തിരിക്കുന്ന കഴുകന്മാര്‍; ചുരുക്കമായി കാക്കകളും. അങ്ങിങ്ങു കിളിര്‍ത്തുവരുന്ന തളിരും മുള്‍ച്ചെടികളുടെ ഇലകളും പരതി മേയുന്ന ആടുകള്‍. അപൂര്‍വ്വമായി ജീവന്റെ തുടിപ്പുകള്‍ കണ്ടപ്പോള്‍ ഊഷരമായ ഞങ്ങളുടെ മനസ്സിലും ഇളംതെന്നലിന്റെ ചിറ്റോളങ്ങള്‍. മരുഭൂമിയുടെ ഘനഗംഭീരമായ നിശ്ശബ്ദത സഞ്ചാരികളിലേക്ക് പടര്‍ന്നുകയറുന്ന അനുഭവമാണ്. അനന്തതയുടെ കൂടെപ്പിറപ്പായ ഈ മൗനം നിശ്ശബ്ദമായ സംഗീതമായി മനസ്സില്‍ വന്നുമുട്ടുന്നത്, മരുഭൂമിയെ പകുത്തുപായുന്ന വേഗതയിലാണ്.
റോഡില്‍ അപൂര്‍വ്വമായി പ്രത്യക്ഷപ്പെടുന്ന പോലീസ്വാഹനങ്ങളല്ലാതെ മറ്റുവാഹനങ്ങള്‍ ഉണ്ടായിരുന്നില്ല. അലീമന്‍സൂറിലും അദ്ദേഹത്തിന്റെ വാഹനത്തിലും ഞങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരുന്നു. ഏതുനിമിഷവും അത് കിതച്ചുതുപ്പി ഓട്ടം നിര്‍ത്തിയേക്കുമെന്ന ഭയം ഞങ്ങളെ പിടികൂടി. അങ്ങനെ സംഭവിച്ചാല്‍ അതുവഴി കടന്നുപോവുന്ന പോലീസ്വാഹനങ്ങള്‍ രക്ഷപ്പെടുത്തുമെന്ന് ഞങ്ങള്‍ ആശ്വസിച്ചു. പോലീസ് കറങ്ങുന്നതും ഈ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരിക്കണം.
വിദ്യാര്‍ത്ഥികളായ ഞങ്ങളുടെ പക്കല്‍ അത്യാവശ്യത്തിനുള്ള പണവും ഭക്ഷണവും മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ ദുരിതയാത്ര ഞങ്ങള്‍ തീരെ പ്രതീക്ഷിച്ചതല്ല. കോണ്‍ട്രാക്ടറോടൊപ്പമുള്ള യാത്രയില്‍ കൂടുതല്‍ കരുതിവെക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ധാരണ. പക്ഷെ, തുടക്കംമുതല്‍തന്നെ പിഴച്ചു. കണക്കുകൂട്ടലുകള്‍ തെറ്റി. മണിക്കൂറുകളും ദിവസങ്ങളും നീളുന്നതിനനുസരിച്ച് ആകാംക്ഷയും വിശപ്പും വര്‍ദ്ധിച്ചുവന്നു.
അബൂസംറ മുതല്‍ റോഡിന് ഇരുവശവും ധാരാളമായി കണ്ടകാഴ്ച, അപകടത്തില്‍പെട്ട് മാരകമായ പരിക്കുപറ്റിയ കാറുകളുടെ ജഡങ്ങളായിരുന്നു. ഓരോ കിലോമീറ്ററിലും ഇത് കാണാന്‍കഴിഞ്ഞു. ആ വാഹനങ്ങളൊന്നും വീണ്ടെടുക്കാന്‍ ശ്രമം നടന്നതായി തോന്നിയില്ല. അവ വീണ്ടെടുക്കുന്നതിനേക്കാള്‍ ലാഭം മറ്റൊന്ന് വിലക്കെടുക്കുന്നതായിരിക്കാം. അവയില്‍ സഞ്ചരിച്ചവര്‍ക്ക് സംഭവിച്ചതെന്തായിരിക്കും? എല്ലാവരും രക്ഷപ്പെട്ടിരുന്നെങ്കില്‍ എന്ന് ആശിച്ചു. 19 ന് പകല്‍ 2 മണിക്ക് ഹഫൂഫ് എന്ന ചെറുപട്ടണത്തിലെത്തി. ഭക്ഷണം കഴിച്ചശേഷം അടുത്തുള്ള പള്ളിയില്‍ നമസ്‌കരിച്ചു. വളരെ പുരാതനമായ ചെറിയ പള്ളി. പക്ഷെ, ഫാനും ലൈറ്റും പുതിയതായിരുന്നു. ജനലുകളില്ല. വാതില്‍ ഒന്നുമാത്രം. കാലാവസ്ഥക്കനുസരിച്ച് പൂര്‍വ്വികര്‍ നിര്‍മ്മിച്ചതാവാം. അവിടെ അധികം തങ്ങിയില്ല. മക്കയിലെത്താന്‍ എല്ലാവര്‍ക്കും തിടുക്കമായിരുന്നു. അതിനുമുമ്പ് ഖര്‍നുല്‍മനാസില്‍ എന്ന സ്ഥലത്തുവെച്ച്”ഇഹ്റാ”മില്‍ പ്രവേശിക്കണം.
ഇഹ്റാം
ഹജ്ജുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളുടെ ആമുഖമാണ് ഇഹ്റാം. ലൗകികമായ വ്യവഹാരങ്ങളില്‍നിന്ന് തീര്‍ത്തും ആത്മീയതയിലേക്കുള്ള ഭാവമാറ്റമാണ് ലക്ഷ്യം. നശ്വരതയല്ല, അനശ്വരതയാണ് പരമസത്യമെന്ന ആശയത്തിന്റെ പ്രതീകാത്മകചടങ്ങ്. അതിനുവേണ്ടി ശരീരം വൃത്തിയാക്കി പുതിയ വേഷം ധരിക്കണം. മനസ്സ് ഏകാഗ്രമാക്കി പ്രാര്‍ത്ഥിക്കണം. വ്യത്യസ്ത ദിക്കുകളില്‍നിന്നാണ് തീര്‍ത്ഥാടകര്‍ മക്കയിലേക്കു വന്നെത്തുന്നത്. അതിനാല്‍ “ഇഹ്റാമി”ന് വ്യത്യസ്ത സ്ഥലങ്ങള്‍ നിര്‍ണ്ണയിച്ചിട്ടുണ്ട്. “മീഖാതുകള്‍” (നിശ്ചിത സ്ഥാനങ്ങള്‍) എന്നപേരിലാണ് ഇവ അറിയപ്പെടുന്നത്. ഞങ്ങളുടെ “മീഖാത്” ഖര്‍നുല്‍ മനാസില്‍ എന്ന സ്ഥലമാണ്. “അവിടെ ഇഹ്റാമിന് നിശ്ചയിച്ച സ്ഥലം” എന്ന് എഴുതിയ വലിയ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നു. പള്ളിയും ആവശ്യമായ മറ്റുസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സൈലുല്‍കബീര്‍ എന്നപേരിലും ഈ പ്രദേശം അറിയപ്പെടുന്നു.
മക്കയില്‍നിന്ന് ഏകദേശം 80 കി.മീറ്ററും ത്വാഇഫ് പട്ടണത്തില്‍നിന്ന് 40 കി.മീറ്ററും അകലെയാണ് ഖര്‍നുല്‍മനാസില്‍. കാലത്ത് 5 മണിയോടെയാണ് ഞങ്ങള്‍ അവിടെ എത്തിയത്. നല്ല തണുപ്പ്. നേര്‍ത്ത മഞ്ഞിന്‍പുതപ്പില്‍ കുളിര്‍കോരുന്ന പ്രഭാതം. എല്ലാവരും വാഹനത്തില്‍ നിന്നിറങ്ങി. പ്രാഥമിക കര്‍മ്മങ്ങളും ക്ഷൗരവും കുളിയും കഴിച്ച് കൈയില്‍സൂക്ഷിച്ച ഇഹ്റാമിന്റെ വേഷംധരിച്ചു: രണ്ടു കഷ്ണം വെള്ളത്തുണി. ഒന്ന് മുണ്ടായി ഉടുത്തു. ഒന്ന് മേല്‍വസ്ത്രമായി കഴുത്തിനുതാഴെ ചുറ്റി. തുടര്‍ന്ന് നമസ്‌കാരവും പ്രാര്‍ത്ഥനയും.
ലൗകിക ചിന്തകളില്‍നിന്ന് മനസ്സ്മാറ്റി സ്രഷ്ടാവുമായുള്ള മുഖാമുഖം. എല്ലാ യാത്രകള്‍ക്കുമപ്പുറമുള്ള മഹായാത്രയെ പ്രതീകാത്മകമായി വെളിപ്പെടുത്തുന്ന അനര്‍ഘനിമിഷം. ചെയ്തുപോയ പാപങ്ങള്‍, ജീവിതസങ്കടങ്ങള്‍, നിറവേറാത്ത പ്രതീക്ഷകള്‍, മാറ്റത്തിന്റെ പ്രതിജ്ഞകള്‍, മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ഭയവിഹ്വലതകള്‍ എല്ലാം ഈ പ്രാര്‍ത്ഥനയില്‍ നിറഞ്ഞുനിന്നുകാണും. മനുഷ്യരെല്ലാം ഒന്നാണെന്ന് വേഷംകൊണ്ടും മനസ്സുകൊണ്ടും സാക്ഷ്യപ്പെടുത്തുന്ന വിളംബരംകൂടിയാണ് ഇത്.
ദോഹയില്‍നിന്ന് പുറപ്പെട്ടിട്ടു അഞ്ചുദിവസമായി. ഏതാനുംദിവസങ്ങളുടെ യാത്രയാണെങ്കിലും കൊടുംതണുപ്പും ഭക്ഷണക്ഷാമവും കൊച്ചുബസ്സിലെ അസൗകര്യവും എല്ലാറ്റിലുമുപരി ദിനചര്യകള്‍ക്കുണ്ടായ പ്രയാസവും ഒന്നുചേര്‍ന്നു മണിക്കൂറുകള്‍ ദിവസങ്ങളായി തോന്നി. അതിനനുസരിച്ചുള്ള പരവശതയും മടുപ്പും. അതിനിടയിലാണ് വൈകാതെ മക്കയിലെത്തുമെന്ന് അറിയിപ്പുണ്ടായത്. എല്ലാവരിലും ആ സന്തോഷവാര്‍ത്ത നവോന്മേഷത്തിന് കാരണമായി. 20ാംനു ഇരുട്ടുംമുമ്പ് ഞങ്ങള്‍ മക്കയിലെത്തി. മക്കയുടെ പൂമുഖത്ത് വാഹനങ്ങളുടെ വന്‍തിരക്കായിരുന്നു. മുന്നോട്ടു പോവുന്നതിനനുസരിച്ച് തിരക്ക് കൂടിവന്നു. ആ ഒഴുക്കില്‍ ഞങ്ങളുടെ ബസ്സും വളരെ പതുക്കെ നീങ്ങി. മണിക്കൂറുകള്‍ക്കുശേഷം “മസ്ജിദുല്‍ഹറാമി”(കഅ്ബക്ക് ചുറ്റുമുള്ള പള്ളി)ന്റെ മിനാരങ്ങള്‍ അകലെ ഉയര്‍ന്നുകാണാറായി. ആ കാഴ്ചയും മക്കാ പ്രവേശവുമുണ്ടാക്കിയ തീവ്രമായ വൈകാരികാനുഭവം വാക്കുകള്‍ക്കതീതമാണ്. ഇബ്രാഹീം നബിയുടെ ത്യാഗപൂര്‍ണ്ണമായ ജീവിതം മുതല്‍ സംഭവബഹുലമായ ചരിത്രദൃശ്യങ്ങള്‍ വെള്ളിത്തിരയിലെന്നപോലെ മനസ്സില്‍ മിന്നിമറിഞ്ഞു.
ഹറമില്‍
മക്കയില്‍ എത്തിയ ഉടനെ “ഉംറ”-യുമായി ബന്ധപ്പെട്ട കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി. “ഇഹ്റാം”വസ്ത്രങ്ങളോടെ അടുത്തുള്ള ഒരു ഹോട്ടലില്‍ കയറി. വിശപ്പ് കഠിനമായിരുന്നു. കൊതിയോടെ ആഹാരം ആവശ്യപ്പെടുമ്പോള്‍ കാശിനെക്കുറിച്ച് ഓര്‍ത്തു. സൂക്ഷിച്ചുവേണം എന്ന് മനസ്സ് മന്ത്രിച്ചു. ഹോട്ടലുകള്‍ നിരക്ക് നിശ്ചയിക്കുന്നത് ഭക്ഷണത്തിനനുസരിച്ചല്ല; ഉടമകള്‍ അവരുടെ സ്ഥാപനങ്ങള്‍ക്ക് കല്‍പിക്കുന്ന നിലവാരത്തിനനുസരിച്ചാണ്. ഞങ്ങള്‍ കയറിയ ഹോട്ടല്‍മുതലാളിയുടെ മനസ്സ് അറിഞ്ഞുകൂട. ആരോടെങ്കിലും അന്വേഷിച്ചാല്‍ അറിഞ്ഞേക്കും. അതിനുള്ള സാവകാശം ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. അത്രക്ക് കഠിനമായിരുന്നു വിശപ്പ്.
തീന്‍മേശക്കടുത്തിരുന്നു നോക്കിയപ്പോള്‍ തൊട്ടകലെ ഒരുതരം സൂപ്പില്‍ വലിയ കഷ്ണങ്ങള്‍ വിളമ്പുന്നത് കണ്ടു. ഉടനെ അതാവശ്യപ്പെട്ടു, അക്ഷമയോടെ കാത്തിരുന്നു. അടുത്തെത്തിയപ്പോള്‍ ആക്രാന്തത്തോടെ എടുത്തുനോക്കി. ഏതോ ജന്തുവിന്റെ കഷ്ണിച്ച നീണ്ടകൈകാലുകള്‍! ആ ഇനം സൂപ്പ് മുമ്പു കഴിച്ചിരുന്നില്ല. വായില്‍ വെക്കുംമുമ്പ് മനംപുരട്ടല്‍ അനുഭവപ്പെട്ടു. നേരെ എഴുന്നേറ്റു. ബില്‍പ്രകാരമുള്ള തുക നല്‍കി. ആടിന്റെ കൈകാലുകളിട്ട് പാകംചെയ്ത ഒരുതരം സൂപ്പാണ് അതെന്നറിഞ്ഞിട്ടും ആ എല്ലുകളോട് ഒട്ടും അടുപ്പം തോന്നിയില്ല. അതുകൊണ്ടുതന്നെ ഇപ്പോഴും മനസ്സിന്റെ ചെരുവില്‍ ആ കാലുകളും അതുപയോഗിച്ച് മേഞ്ഞുനടന്ന അജ്ഞാതമായ ആടും ദഹിക്കാതെ കിടക്കുന്നു.
പിറ്റേന്ന് വെള്ളിയാഴ്ചയായിരുന്നു. ഹറമില്‍ വെള്ളിയാഴ്ചയിലെ ജുമുഅ: (സംഘപ്രാര്‍ത്ഥന) ഒരനുഭവംതന്നെയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നെത്തുന്ന ജനലക്ഷങ്ങള്‍; നൂറ്റാണ്ടുകളുടെ ചരിത്രസമൃതിയില്‍ ദൈവസാമീപ്യം തൊട്ടറിയുന്ന മനസ്സാന്നിധ്യസന്ദര്‍ഭം. മുസ്ലിംകള്‍ പ്രാര്‍ത്ഥനയില്‍ തിരിഞ്ഞുനില്‍ക്കുന്ന കഅ്ബ ഇപ്പോള്‍ നേരിട്ടുകാണുകയാണ്. കഅ്ബ കണ്ടുകൊണ്ടുള്ള പ്രാര്‍ത്ഥനാവസരം സഹസ്രാബ്ധങ്ങള്‍ക്ക്മുമ്പു കടന്നുപോയ ഇബ്രാഹീംനബിയുടെ സമ്മാനമാണെന്നുപറയാം-കാലത്തെ അതിജീവിച്ച് തലമുറകളിലേക്ക് പകര്‍ന്നുകിട്ടിയ സമ്മാനം.
ജുമുഅക്കുശേഷം വിശ്രമമായിരുന്നു. മറ്റൊന്നും ചെയ്യാതെ റൂമില്‍തന്നെ കഴിഞ്ഞു. നാടും വീടും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം മനസ്സില്‍ വന്നുംപോയുമിരുന്നു. കഅ്ബക്കടുത്ത് ഒരു ഹോട്ടല്‍മുറിയില്‍ മലര്‍ന്നുകിടന്ന് ഇങ്ങനെ ചിന്താമൂകനായി കഴിച്ചുകൂട്ടുമെന്നു സ്വപ്നത്തില്‍പോലും വിചാരിച്ചതല്ല. പ്രവാചകനെക്കുറിച്ചും ശിഷ്യന്മാരെക്കുറിച്ചും ധാരാളം കേട്ടിരുന്നു. അറബികളെക്കുറിച്ചും മരുഭൂമിയെക്കുറിച്ചും വായിച്ചുപഠിച്ചിരുന്നു. ഒന്നാംഖലീഫയായിരുന്ന അബൂക്കറിന്റെയും നീതിയുടെ പര്യായമായ ഉമറിന്റെയും ജീവിതകഥകള്‍ അത്ഭുതപ്പെടുത്തിയിരുന്നു. അബൂജഹലിന്റെയും വലീദിന്റെയും അതിക്രമങ്ങളില്‍ രോഷംകൊണ്ടിരുന്നു. പ്രവാചകന് വെളിപാടു ലഭിച്ച ഹിറാഗുഹയും മദീനയിലേക്കുള്ള ഒളിച്ചോട്ടത്തില്‍ സംരക്ഷണംനല്‍കിയ സൗര്‍ഗുഹയും കഥകളിലും പാട്ടുകളിലും നിറഞ്ഞുനിന്നിരുന്നു.
എല്ലാം എനിക്ക് ചെന്നെത്താനാവാത്ത ഏതോ മാസ്മരലോകത്തുനടന്ന അത്ഭുത കഥകളായാണു തോന്നിയിരുന്നത് ഒരിക്കലും കാണാനിടയില്ലാത്ത ചരിത്രത്തിന്റെ അജ്ഞാതതീരങ്ങളിലെ കഥകള്‍. പക്ഷെ, പെട്ടെന്നിതാ ഒരു സുപ്രഭാതത്തില്‍ ഞാന്‍ ആ അത്ഭുതലോകത്തിന്റെ നടുമുറ്റത്ത്! എനിക്കിപ്പോള്‍ പ്രവാചകന്റെ പാദവിന്യാസം കേള്‍ക്കാം. അദ്ദേഹം നടന്നുപോയ മണ്ണിലൂടെയാണ് ഞാന്‍ നടക്കുന്നത്. അദ്ദേഹം ഇടംവെച്ചു ചുറ്റിയ കഅ്ബക്ക് ചുറ്റും അതേ ഭൂമിയിലാണ് “ത്വവാഫ്” ചെയ്യുന്നത്. എന്റെ ദൃഷ്ടികള്‍ തിരുമേനിയുടെ ദൃഷ്ടി പതിഞ്ഞ ഇടങ്ങളിലാണ് ഏതോ അടയാളങ്ങള്‍ പരതിനടക്കുന്നത്. പ്രവാചകന്‍ തൃക്കൈകൊണ്ട് കഅ്ബയുടെ ചുമരില്‍ എടുത്തുവെച്ച “ഹജറുല്‍അസ്വദി”നെയാണ് ഞാന്‍ സ്പര്‍ശിക്കുന്നത്.
നബിയുടെ വത്സലശിഷ്യനായ അബൂബക്കറിന്റെ പതിഞ്ഞശബ്ദവും ഉമറിന്റെ ഘനഗംഭീരസംസാരവും ഞാന്‍ കേള്‍ക്കുന്നു. രോഷാകുലരായ ഖുറൈശികളുടെയും അബൂലഹബിന്റെയും ആക്ഷേപഹാസവും ആക്രോശവും കാതില്‍ വന്നുമുട്ടുന്നു. അങ്ങനെ ഏകാന്തതയില്‍ കൂട്ടിനെത്തുന്ന ചിന്തകളുമായി സല്ലപിച്ചുകൊണ്ട് ആ ദിവസത്തിന്റെ ബാക്കിഭാഗം കഴിച്ചുകൂട്ടി. 22 ന് പ്രഭാതനമസ്‌കാരത്തിനുശേഷം “തന്‍ഈം” എന്നസ്ഥലത്തു ചെന്നു, ഉംറക്കുവേണ്ടി ഇഹ്റാമില്‍ പ്രവേശിച്ചു. മരണപ്പെട്ടുപോയ വന്ദ്യപിതാവിനും അന്ന് ജിവിച്ചിരുന്ന പ്രിയമാതാവിനുംവേണ്ടി ഉംറയും ത്വവാഫും നിര്‍വ്വഹിച്ചു. എന്റെ പിതാവിനും മാതാവിനും ഭൂമിയില്‍ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്നു മക്ക. മക്കയുടെയും മദീനയുടെയും കഥകള്‍ തലമുറകളെ പഠിപ്പിക്കുന്നതില്‍ ആത്മനിര്‍വൃതികൊണ്ട പിതാവ്. യൂഫ്രട്ടീസ് തീരത്തും പഴയകാല സിറിയന്‍നാടുകളിലും ബദ്റിലും ഉഹ്ദിലും ഒരുകാലത്ത് വിധിനിര്‍ണ്ണയം നടത്തിയ കഥാപുരുഷന്മാരോടൊപ്പം ചരിത്രസഞ്ചാരം നടത്തിയ വ്യക്തി. പക്ഷെ, അദ്ദേഹത്തിന് ആ മണ്ണ് കാണാന്‍ ഭാഗ്യമുണ്ടായില്ല. അദ്ദേഹത്തിന്റെ സ്വപ്നം എന്നിലൂടെ നിറവേറിയപ്പേള്‍ മാതാവിന് ജീവിതസായാഹ്നത്തില്‍ തന്റെ ആഗ്രഹം സാക്ഷാല്‍ക്കരിക്കാനായി.
എല്ലാംകഴിഞ്ഞു പള്ളിയില്‍ തനിച്ചിരിക്കുമ്പോള്‍ അതാ; സുഹൃത്ത് വി.അബ്ദുല്‍കബീര്‍ മുമ്പില്‍! തീര്‍ത്തും അപ്രതീക്ഷിതമായി. വളരെനാളുകള്‍ക്കുശേഷം ഹറമിലെ പള്ളിയില്‍വെച്ചുണ്ടായ ആ സംഗമത്തിന് ഏറെ മധുരമുണ്ടായിരുന്നു. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായിരുന്ന ടി.കെ.ഇബ്രാഹീം, വി.പി.അഹമദ് കുട്ടി എന്നിവരെ കാണാന്‍കഴിഞ്ഞതും യാദൃഛികമായിട്ടാണ്. വെള്ളിമാടുകുന്നില്‍ പ്രബോധനം വാരികയില്‍ സഹപ്രവര്‍ത്തകരായിരുന്നു ഞങ്ങള്‍. നാട്ടുകാരനായ കുട്ട്യാന്‍കാക്കയെ കണ്ടതും നന്നായിഓര്‍ക്കുന്നു. ഹറമിലെ പള്ളിയില്‍വെച്ചു കണ്ടതില്‍ ഭക്തനായ അദ്ദേഹത്തിന്റെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. വര്‍ഷങ്ങളായി കാണാന്‍കഴിയാത്ത സ്വന്തം മകനോടെന്നപോലെയുള്ള ആ മുഖഭാവം ഇന്നും കണ്ണില്‍ തെളിഞ്ഞുനില്‍ക്കുന്നു.
ഹജ്ജിന്റെയും ഉംറയുടെയും അന്തസ്സത്ത ജീവിതത്തിന്റെ ആത്മാവായ സ്നേഹപ്രാര്‍ത്ഥനതന്നെയാണ്. ഇരുട്ടിലും വെളിച്ചത്തിലും വീട്ടിലും ദേവാലയങ്ങളിലും തീര്‍ത്ഥസ്ഥലങ്ങളിലും എവിടെയും അതെ. പക്ഷെ, മതങ്ങള്‍ അതിനു പ്രത്യേകമായ ചില സ്ഥലങ്ങളും സന്ദര്‍ഭങ്ങളും ചരിത്രസ്മൃതികളുടെ അന്തരീക്ഷവും നിര്‍ദ്ദേശിക്കുന്നതിന്റെ അര്‍ത്ഥം വ്യക്തം: അഗാധമായ സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള ഓര്‍മ്മകളിലൂടെ ആത്മാവിന്റെ അന്തസ്സത്തയെ ശക്തമായി ഉണര്‍ത്തുക. അതായത് കര്‍മ്മബന്ധങ്ങള്‍ക്കു തകര്‍ക്കാന്‍ എളുപ്പമല്ലാത്തവിധം ബലപ്പെടുത്തുക. തീര്‍ത്ഥസ്ഥാനങ്ങളില്‍ മനുഷ്യന്റെ ഉള്ളില്‍നിന്ന് ഉയരുന്ന നിലവിളി ദൈവം കേള്‍ക്കുമെന്ന് പറയുന്നത് സ്‌നേഹോന്മുഖമായ ഈ ഉണര്‍വ്വിന്റെ ഭക്തി സാന്ദ്രമായ പശ്ചാത്തലത്തിലാണ്.
പ്രാര്‍ത്ഥനയുടെ അര്‍ത്ഥം
പ്രാര്‍ത്ഥന ഫലിക്കുമെന്നത് അന്ധമായ ഒരു വിശ്വാസമാണെന്നു പറയുന്നവരുണ്ട്. ഏകാഗ്രമായ മനസ്സിന്റെ നിരന്തരമായ സമ്പര്‍ക്കം വിഗ്രഹങ്ങളെപോലും ചൈതന്യവത്താക്കുമെന്നു കരുതുന്ന ബിംബാരാധകരുണ്ട്. ടെലപതിയുടെയും പാരാസൈക്കോളജിയുടെയും ഭാഗമായി ഈ വിഷയം ചര്‍ച്ചചെയ്യുന്നവരുണ്ട്. മറ്റുദൈവവിശ്വാസികള്‍ അവരില്‍നിന്ന് വ്യത്യസ്തമായി ചിന്തിക്കുന്നവരാണ്. ജീവിതവും പ്രപഞ്ചവും തമ്മിലുള്ള താളാത്മകബന്ധത്തില്‍ ദൈവത്തിന്റെ മുഖം ദര്‍ശിക്കുന്നവരാണ് അവര്‍. ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനാനിമിഷങ്ങളില്‍ ആ സാന്നിധ്യം അവര്‍ക്ക് അനുഭവപ്പെടുന്നു.
ഒരനുഭവം: 2005 ലാണ്; വിദേശയാത്രക്കിടെ ഞാന്‍ മക്കയിലെത്തി. അന്ന് എന്റെ ആത്മസുഹൃത്ത് ഇമ്പിച്ചുമോദി രോഗശയ്യയില്‍ പ്രതീക്ഷയറ്റു കിടക്കുന്നുണ്ടായിരുന്നു. കഅ്ബക്കുമുമ്പില്‍ നമസ്‌കാരശേഷം സുഹൃത്തിനുവേണ്ടി ഞാന്‍ നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ആഴ്ചകള്‍ കഴിഞ്ഞു നാട്ടിലെത്തി, കാണാന്‍ ചെന്നു. ഉടനെ നിറഞ്ഞ പുഞ്ചിരിയോടെ എന്റെ കൈ അമര്‍ത്തിപിടിച്ചുകൊണ്ട് പറഞ്ഞു: “നീ എനിക്കുവേണ്ടി എവിടെയോനിന്ന് നന്നായി പ്രാര്‍ത്ഥിക്കുന്നതായി ഞാന്‍ മനസ്സില്‍ തൊട്ടറിഞ്ഞു. സത്യം; എനിക്ക് അങ്ങനെ അനുഭവപ്പെട്ടു”.
ഞാന്‍ വല്ലാതായി. എന്റെ തൊട്ടഅയല്‍ക്കാരനും ബന്ധുവുമായിരുന്നു ഇമ്പിച്ചുമോദി. മാത്രമല്ല, കളിക്കൂട്ടുകാരനും. എന്നും എന്നോടൊപ്പംനിന്ന സുഹൃത്ത്. നാടന്‍ ഉദാഹരണങ്ങളും ഫലിതോക്തിയും ചേര്‍ത്തുള്ള സംസാരം. അതു കേള്‍ക്കാന്‍ കൗതുകമായിരുന്നു. സായംസന്ധ്യകളില്‍ വീട്ടുമുറ്റത്തും കോലായിലും ഞങ്ങള്‍ സന്ധിച്ചു. ദയാപുരത്തെ തിരക്കുകള്‍ക്കിടയിലെ മുഷിപ്പ് തീര്‍ക്കുന്നതിന് ആ കഥാകഥനത്തിലെ ഹാസ്യഭാവത്തിനു കഴിഞ്ഞു. “നിനക്ക് പുസ്തകത്തിലെ വിവരം നല്ലപോലെ കാണും; പക്ഷെ, “നാട്ടകം” എനിക്കേ അറിയൂ” എന്ന് എന്നെ ഇടക്കിടക്ക് ഓര്‍മ്മപ്പെടുത്തുക അവന്റെ ശീലമായിരുന്നു. സംസാരമദ്ധ്യേ ദയാപുരം വിദ്യാഭ്യാസകേന്ദ്രത്തിന്റെ ഉത്തരവാദിത്വഭാരത്തെക്കുറിച്ച് പ്രോത്സാഹിപ്പിക്കാനായി അവന്‍ പറയും: “ഒരു മരം കാവായതാണ് ദയാപുരം; അത് നീ മറക്കരുത്. ഒരിക്കലും ദയാപുരം വിട്ടേക്കരുത്. നിന്നെ അറിയുന്നതുകൊണ്ട് പറയുകയാണ്”. ആ സൗഹൃദനഷ്ടം എന്നെ നന്നായി ബാധിക്കുമെന്ന് തീര്‍ച്ചയായിരുന്നു. അതുകൊണ്ടുതന്നെയാവും എന്റെ പ്രാര്‍ത്ഥനയുടെ ചൂട് ആ നെഞ്ചില്‍ അനുഭവപ്പെട്ടത്. ആ നഷ്ടം ഇന്ന് എന്റെ അടക്കിപ്പിടിച്ച വേദനകളിലും പ്രാര്‍ത്ഥനകളിലും ഒന്നാണ്. ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയുടെ ഉറവിടം സ്നേഹമാണ്. അത് അന്യോന്യമുള്ള ഗുണകാംക്ഷയാണ്; പ്രപഞ്ചസൃഷ്ടിയില്‍ അടങ്ങിയ കാരുണ്യത്തെക്കുറിച്ചുള്ള തിരിച്ചറിവാണ്. അതറിഞ്ഞുതന്നെയാണ് മഹാകവി കുമാരനാശാന്‍, “സ്നേഹമാണ് അഖിലസാരമൂഴിയില്‍”എന്നും,
സ്നേഹത്തില്‍നിന്നുദിക്കുന്നു ലോകം
സ്നേഹത്താല്‍ വൃദ്ധിതേടുന്നു.
സ്നേഹം താന്‍ ശക്തിജഗത്തില്‍ സ്വയം
സ്നേഹം താനാനന്ദമാര്‍ക്കും
എന്നും പാടിയത്. അതെ “സ്നേഹവ്യാഹതിതന്നെയാണ് മരണം”; സംശയമില്ല. പലരോടുമുള്ള കടബാധ്യതയാണ് ജീവിതം. മാതാവിനോടും പിതാവിനോടും കുടുംബത്തോടും സുഹൃത്തുക്കളോടും അദ്ധ്യാപകരോടും ലോകത്തോടുമുള്ള ബാധ്യത. കടങ്ങള്‍ കൊടുത്തുതീര്‍ക്കാവുന്നതാണ്. കടപ്പാടുകള്‍ അങ്ങനെയല്ല. ഒരിക്കലും തീരാത്ത ബാധ്യതയാണത്. ജീവിതത്തിന്റെ വിലമതിക്കാനാവാത്ത മൂല്യമറിഞ്ഞവര്‍ കടംവീട്ടാന്‍കാണുന്ന ആശ്വാസത്തിന്റെ ഏകവഴിയാണ് ഹൃദയപൂര്‍വ്വമായ പ്രാര്‍ത്ഥന. മനസ്സിന്റെ തേങ്ങലാണ് അത്. കണ്ണുകള്‍ക്ക് കാണാനാവാത്തതും കാതുകള്‍ക്ക് കേള്‍ക്കാനാവാത്തതുമായ മനസ്സിന്റെ മന്ത്രം. സ്വാര്‍ത്ഥചിന്തക്കതീതവും നിര്‍വ്യാജവുമായ സ്നേഹം നല്‍കുന്ന പരോക്ഷപ്രത്യുപകാരം. പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുന്നതും അതുകൊണ്ടുമാത്രമാണ്. മതങ്ങള്‍ പ്രാര്‍ത്ഥനക്ക് പരമസ്ഥാനം കല്‍പിച്ചിരിക്കുന്നതും ഈ തിരിച്ചറിവുകൊണ്ടുതന്നെ.
പ്രാര്‍ത്ഥനക്ക് പ്രത്യേകമായ ചില ഇടങ്ങള്‍ നിശ്ചയിച്ചതും ചരിത്രയാഥാര്‍ത്ഥ്യങ്ങളുടെ പശ്ചാത്തലം ഒരുക്കിയതും മനസ്സുകളുടെ ഏകാഗ്രതക്കു ശക്തികൂട്ടാന്‍വേണ്ടിയാവണം. പ്രാര്‍ത്ഥിക്കുക; “പ്രാര്‍ത്ഥന ആരാധനയുടെ മജ്ജയാണ്” എന്നാണ് പ്രവാചകോപദേശം. ജീവിതംതന്നെ പ്രാര്‍ത്ഥനയാണ് എന്ന് വൈക്കം മുഹമ്മദ്ബഷീര്‍. പ്രാര്‍ത്ഥനകൊണ്ട് ജീവിതത്തിന്റെ കടംവീട്ടാന്‍ തുണക്കേണമേ എന്ന് പ്രപഞ്ചനാഥനോട് ഉള്ളുരുകി അപേക്ഷിക്കാനേ നമുക്കാവൂ. അതിലധികം ഒന്നും നല്‍കാന്‍ വകകാണാത്തവര്‍ക്കുള്ള അക്ഷയപാത്രമാണ് ശുദ്ധമായ പ്രാര്‍ത്ഥനയുടെ മനസ്സ്.
അറഫയില്‍
ജന:24 ന് (ദുല്‍ഹജ്ജ് 8) ആയിരുന്നു ഹജ്ജ് കര്‍മ്മങ്ങളുടെ ആരംഭം. ജനലക്ഷങ്ങള്‍ കവിഞ്ഞൊഴുകുന്ന മക്കാ പട്ടണം. അരോഗദൃഢഗാത്രരായ ആഫ്രിക്കക്കാരും, അറബികളും, തുര്‍ക്കികളും, ഇറാനികളും, പഠാന്‍കാരും. അവര്‍ക്കിടയില്‍ കൃശഗാത്രരായ ഇന്തോനേഷ്യക്കാരും ബംഗ്ലാദേശികളും മലയാളികളും. നാനാപ്രകൃതികള്‍, വര്‍ണ്ണങ്ങള്‍, ഭാഷകള്‍. റോഡുകളില്‍ മലവെള്ളപ്പാച്ചിലിലെന്നപോലെ എല്ലാ നാടുകളും ഒഴുകുന്നു! പ്രാര്‍ത്ഥനക്കുള്ള ബാങ്കുവിളി കേട്ടാല്‍ ഉടന്‍ വെള്ളവസ്ത്രംധരിച്ച് സ്വന്തം പാര്‍പ്പിടങ്ങളില്‍നിന്ന് പള്ളിയിലേക്ക് എല്ലാവരും കുതിച്ചുചെല്ലുന്നു. അന്ത്യദിനത്തിലെ കാഹളം മുഴങ്ങുമ്പോള്‍ ഖബറിടംവിട്ടു പുറത്തുവരുന്ന മനുഷ്യരെപ്പോലെ. ഹജ്ജ് മരണത്തെയും മരണാനന്തരമുള്ള ഉയിര്‍ത്തെഴുനേല്‍പിനെയും ഓര്‍മ്മിപ്പിക്കുന്ന അനുഷ്ഠാനവുംകൂടിയാണെന്ന് പറയാം.
ഹജ്ജിന്റെ അനുഷ്ഠാനങ്ങളെല്ലാം ഞങ്ങള്‍ യഥാസമയം പൂര്‍ത്തിയാക്കി. അറഫയില്‍വെച്ചുണ്ടായ ഒരപകടം ഓര്‍ക്കുമ്പോള്‍ ഇന്നും ഭയം തോന്നുന്നു: അറഫയിലെ ജബലുര്‍റഹ്മ(കാരുണ്യത്തിന്റെ മല)യുടെ മുകള്‍ പരപ്പില്‍നിന്ന് തിരിച്ചിറങ്ങുമ്പോഴാണ് അതുസംഭവിച്ചത്. പ്രവാചകന്‍ ചരിത്രപ്രസിദ്ധമായ തന്റെ മനുഷ്യാവകാശപ്രഖ്യാപനം നടത്തിയത് ജബലുര്‍റഹ്മയുടെ മുകളില്‍നിന്നാണ്. നബി തന്റെ വാഹനത്തെ ചാരിനിന്നുകൊണ്ട് ആ പ്രഖ്യാപനംനടത്തിയസ്ഥാനം വെളുത്ത സ്തൂപംകൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു. സ്തൂപം കാണാനും തൊടാനുമായി തീര്‍ത്ഥാടകര്‍ മത്സരിച്ചു മലകയറുന്നത് പതിവുകാഴ്ചയാണ്. ഞങ്ങളും അത് തെറ്റിച്ചില്ല. കുത്തനെയുള്ള പടവുകള്‍ ചവുട്ടി മുകള്‍പരപ്പിലെത്തി ആഗ്രഹം സാധിച്ച സംതൃപ്തിയോടെ തിരിച്ചിറങ്ങുകയായിരുന്നു ഞങ്ങള്‍. പടവുകള്‍ക്ക് ഇരുവശങ്ങളിലും മുട്ടന്‍കല്ലുകള്‍. ഓരോന്നിന്മേലും ആളുകള്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്നു.
പെട്ടെന്നാണ് താഴെനിന്ന് ഇടിച്ചുകയറുന്ന ബലവാന്മാരായ ആഫ്രിക്കക്കാര്‍ക്കും മുകളില്‍നിന്ന് താഴേക്ക് കുതിച്ചിറങ്ങുന്നവര്‍ക്കുമിടയില്‍ ശക്തമായ തിക്കും തിരക്കും ഉണ്ടായത്. മുകളിലെത്തി പുണ്യം അപ്പടി ആവാഹിക്കാന്‍ ആവേശപ്പെടുന്ന കരുത്തര്‍ താഴെനിന്ന് തിടുക്കംകൂട്ടിയപ്പോള്‍, മുകളില്‍നിന്നിറങ്ങി താഴെയെത്താന്‍ വെമ്പുന്നവരുമായി മല്ലിടുന്ന അവസ്ഥ. രണ്ടുശക്തികളെയും ജയിക്കാനോ തടുത്ത് രക്ഷപ്പെടാനോ ഞങ്ങള്‍ക്ക് ശേഷിയുണ്ടായിരുന്നില്ല. ഈ കുത്തൊഴുക്കില്‍ ചിതറിപ്പോവാതിരിക്കാന്‍ പരസ്പരം കൈകോര്‍ത്തുകൊണ്ട് ഞങ്ങള്‍ നീങ്ങി. പക്ഷെ, തിരക്കിന്റെ സമ്മര്‍ദ്ദം മാരകംതന്നെയായിരുന്നു. നിസ്സഹായത ഞങ്ങളെ തളര്‍ത്തി.
ദുര്‍ബ്ബലമായ കൈകള്‍ വേര്‍പെടുത്തപ്പെട്ടു. തിരക്കിന്റെ ചുഴിയിലേക്ക് ഓരോരുത്തരും തെറിച്ചുവീണു. നിലംവിട്ടുയര്‍ന്നു ആളുകളുടെ ചുമലുകളിലൂടെ ഞാനൊഴുകുകയായി. മരണഭീതിയില്‍ ഉറക്കെ നിലവിളിച്ചു. കൂട്ടവെപ്രാളത്തില്‍ നിലവിളി ആരുകേള്‍ക്കാന്‍? ആഫ്രിക്കക്കാരുടെ കാലടികളില്‍പെട്ടു ഏതുനിമിഷവും ഞാന്‍ ചതഞ്ഞരയുമെന്ന് തീര്‍ച്ചയായി. താഴെ വീഴാനുള്ള പഴുതുകിട്ടേണ്ടതാമസമേ അതിനുള്ളു. ആളുകളുടെ ചുമലിലൂടെ താഴോട്ടുള്ള എന്റെ ഒഴുക്ക് പകുതി ദൂരമെത്തിയിരിക്കും. അരികെ പാറക്കല്ലില്‍ ഇരുന്ന ഒരുയുവാവ് എന്റെ മരണവെപ്രാളം കണ്ടു; പാരവശ്യവും. ഇരുന്നഇരിപ്പില്‍ എന്റെ കൈക്ക് പിടിച്ചു. സാഹസികമായി എന്നെ തന്റെപാര്‍ശ്വത്തേക്ക് വലിച്ചുകയറ്റി. ശ്വാസം നേരെവീണപ്പോള്‍ അദ്ദേഹത്തെ നന്ദിവാക്കുകള്‍കൊണ്ട് ഞാന്‍ പൊതിഞ്ഞു. ആ കൈത്താങ്ങില്ലായിരുന്നെങ്കില്‍….? ഒന്നും സംഭവിക്കുമായിരുന്നില്ല. ഈ കഥ ഓര്‍മ്മിപ്പിക്കാന്‍ ഒരു പക്ഷെ, ആള്‍ ശേഷിക്കുമായിരുന്നില്ലെന്നു മാത്രം.
കൊടുംകാറ്റ് ഒഴിഞ്ഞപോലെ എല്ലാം ശാന്തമായി. ചുറ്റുംനോക്കി. സമീപത്തൊന്നും സുഹൃത്തുക്കളെ കാണാനില്ല. എല്ലാവരും നാനാവഴികളിലായി ചിതറിപ്പോയിരിക്കുന്നു. വളരെനേരത്തെ അന്വേഷണത്തിനുശേഷം അബൂസ്വാലിഹ് ഒഴികെയുള്ളവര്‍ പരസ്പരം കണ്ടുമുട്ടി; കെട്ടിപ്പിടിച്ചു. അബൂസ്വാലിഹിനെ കാണുന്നതു മൂന്നാംദിവസമാണ്. അപ്പോഴേക്ക് അദ്ദേഹം പരവശനായികഴിഞ്ഞിരുന്നു; അദ്ദേഹത്തെ കാണാതെ ഞങ്ങളും.
ഹജ്ജ് കര്‍മ്മങ്ങളില്‍നിന്ന് ഒഴിവായശേഷം മക്കയിലെ ചരിത്രപ്രധാനമായ ചില സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മനസ്സുവെമ്പി. പ്രവാചകന്റെ ജന്മഗൃഹംനിന്ന സ്ഥലം കാണണം; ചില അനുചരന്മാരുടെയും. ഒപ്പം അവരുടെ ശത്രുക്കള്‍ വിട്ടുപോയ ഓര്‍മകളുടെ അടയാളങ്ങളും. കഅ്ബക്കുചുറ്റുമായി വളര്‍ന്നുവന്ന ആ ഗോത്രസമൂഹത്തിന്റെ ജീവിതവ്യാപാരങ്ങളെക്കുറിച്ചും സമ്പ്രദായങ്ങളെക്കുറിച്ചും വായിച്ചറിഞ്ഞ പാഠങ്ങളെ പുതിയകാലത്തിന്റെ പശ്ചാത്തലത്തില്‍ വീക്ഷിക്കുന്നതു കൗതുകകരമാണ്. നൂറ്റാണ്ടുകള്‍ക്കപ്പുറത്തേക്കുള്ള സഞ്ചാരം. വായനാനുഭവത്തിന്റെയും കേട്ടറിവിന്റെയും അടിസ്ഥാനത്തില്‍ മനസ്സ് രൂപപ്പെടുത്തിയ, പഴമയുടെ പൂപ്പല്‍ കയറിയ ആ ജീവിതചിത്രം അതിന്റെ യഥാര്‍ത്ഥ രംഗവേദിയില്‍ ചെന്നുകാണുക. ആ ആഗ്രഹം പക്ഷെ, സഫലമായില്ല.
കാലം ഏറെക്കുറെ എല്ലാ അടയാളങ്ങളും മായ്ച്ചുകളഞ്ഞിരുന്നു. ചിലത് പുതിയ രൂപഭാവങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. നബിയുടെ വീടിന്റെ സ്ഥാനത്ത് ഇന്നൊരു പുസ്തകശാലയാണ്. പേര് മക്തബുമക്കതില്‍മുകര്‍റമ. ഹറമിന്റെ വികസനവുമായി ബന്ധപ്പെട്ടു പല വീടുകളും പൊളിച്ചുമാറ്റിക്കഴിഞ്ഞു. ഉഗ്രപ്രതാപികളായ വലീദുബ്നുമുഗീറ, അബൂലഹബ്, അബൂജഹല്‍, ഉമയ്യ: തുടങ്ങിയവരുടെ ജീവിതാവശിഷ്ടങ്ങളൊന്നും ഇന്ന് ദൃശ്യമല്ല. പക്ഷെ, അവരുയര്‍ത്തിയ വെല്ലുവിളികളും തറവാടിത്തഘോഷണവും പൊട്ടിച്ചിരിയും ഇപ്പോഴും ആ അന്തരീക്ഷത്തില്‍ മുഴങ്ങുന്നതായി എനിക്കുതോന്നി. ഒപ്പം ബിലാലിന്റെയും അമ്മാറിന്റെയും സുമയ്യയുടെയും നിലവിളികളും.
അര്‍ഖമിന്റെ വീട്ടില്‍ ഒളിജീവിതം നയിച്ച 39 സഹാബികളുടെ കണ്ണിലെ ഭീതിയും ഹൃദയമിടിപ്പും കാലയവനികക്കുപിന്നില്‍ ഇപ്പോഴും നമുക്കുകാണാം; കേള്‍ക്കാം. നബിയെ വധിക്കാന്‍ വാള്‍ ഊരിപ്പിടിച്ച് ഉമര്‍ അവിടേക്കു കടന്നുചെല്ലുന്നതും മന്ത്രശക്തിയാലെന്നപോലെ വിശ്വാസിയായിമാറി ആ സഖാക്കളോടൊപ്പം തലഉയര്‍ത്തിപ്പിടിച്ചു പുറത്തുവന്ന് നിര്‍ഭയം കഅ്ബയിലേക്ക് നടക്കുന്നതും നമുക്കുകാണാം. പക്ഷെ, അവരെല്ലാം നടന്നുപോയ വഴികളോ വഴിയില്‍ ബാക്കിയായ ചരിത്രാവശിഷ്ടങ്ങളോ എത്ര തിരക്കിയാലും കാണാനാവില്ല! അതിന് ചരിത്രത്തിന്റെ ലിഖിതരേഖകളെതന്നെ ആശ്രയിക്കണം.
വര്‍ത്തമാനത്തിലൂടെമാത്രമേ നമുക്ക് വാസ്തവമായ യാത്ര സാധിക്കുകയുള്ളു. സങ്കല്‍പങ്ങളുടെ പള്ളിത്തേരില്‍ വിദൂരഭാവിയിലേക്ക് സഞ്ചരിക്കാം. അതും പരിമിതമായ അളവില്‍ കല്‍പനാവൈഭവമുള്ളവര്‍ക്ക് മാത്രം. ഭൂതകാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ചരിത്രദശകങ്ങളെ അതിജീവിച്ച വഴിയടയാളങ്ങള്‍ ആ യാത്രയെ കൂടുതല്‍ ധന്യവും വൈകാരികവുമാക്കും. യാഥാര്‍ത്ഥ്യങ്ങളുടെ സ്മൃതിതലങ്ങളുമായി ശക്തമായ ഒരു മുഖാമുഖം സാധ്യമാവും. നൂറ്റാണ്ടുകളിലൂടെ ഏറെ പിന്നോട്ടുള്ള യാത്ര ആലോചനയെ ത്രസിപ്പിക്കുന്ന സ്വപ്നാനുഭൂതി നമുക്കു പകര്‍ന്നുതരും. ഈ യാത്രയില്‍ സ്ഥലകാലബോധമില്ലാതെ നാം നമ്മില്‍ത്തന്നെ തനിച്ചാവുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. ചരിത്രം വീണുറങ്ങുന്ന മഹാരഥന്മാരുടെയും അവരുടെ സമൂഹത്തിന്റെയും അന്ത്യവിശ്രമസ്ഥാനങ്ങളായ ശ്മശാനഭൂമി അതില്‍പ്പെടുന്നു.
മക്കയിലെ “ജന്നതുല്‍മുഅല്ലാ” സന്ദര്‍ശിച്ചപ്പോള്‍ ഈമട്ടിലുള്ള ചിന്തകള്‍ മനസ്സില്‍ ഓളങ്ങള്‍ തീര്‍ത്തുകൊണ്ടിരുന്നു. ജീവിതത്തിന്റെ കര്‍മ്മഭൂമിയില്‍ വ്യക്തിമുദ്രപതിപ്പിച്ച് സ്വന്തം കാലഘട്ടത്തെ മാറ്റിമറിച്ച പലരും അവിടെ സുഖമായി ഉറങ്ങുന്നു-ആര്‍ക്കും വിളിച്ചുണര്‍ത്താനാവാതെ. തലമുറകളിലേക്ക് ഊര്‍ജ്ജമായി പടര്‍ന്നുകയറിയവരാണ് അവര്‍. വാചാലമായ നിശ്ശബ്ദതയാണ് ശക്തമായ അവരുടെ ഭാഷ. നബിയുടെ പ്രപിതാക്കളായ അബ്ദുമനാഫ്, അബ്ദുല്‍മുത്തലിബ്, പിതൃവ്യന്‍ അബൂത്വാലിബ്, പ്രിയതമ ഖദീജ, അബൂബക്കറിന്റെ മകള്‍ അസ്മാ, അവരുടെ മകന്‍ അബ്ദുല്ലാഹിബ്നുസുബൈര്‍ തുടങ്ങി ചരിത്രത്തിലെ കഥാനായകരായ പലരും, പൂര്‍വ്വതലമുറകളിലെ നിരവധി ആളുകളോടൊപ്പം വിനീതഭാവത്തില്‍ വിശ്രമിക്കുന്നു. തലമുറകള്‍ക്കു പഠിക്കാനും പകര്‍ത്താനും ജീവിതപുസ്തകത്തില്‍ നിരവധി താളുകള്‍ ബാക്കിവെച്ചുകൊണ്ട്; കൃതാര്‍ത്ഥതയോടെ.
മദീനയിലേക്ക്
മക്കയിലെത്തിയതുമുതല്‍ മദീന വിളിക്കുന്നുണ്ടായിരുന്നു. പ്രവാചകജീവിതത്തിന്റെ രണ്ടുപുറങ്ങളാണല്ലോ മക്കയും മദീനയും. ജനനം മക്കയില്‍. 23 വര്‍ഷക്കാലത്തെ ദൗത്യനിര്‍വ്വഹണത്തില്‍ 13 വര്‍ഷം ജന്മഭൂമിയില്‍. 10 വര്‍ഷം വേര്‍പാടിന്റെ മണ്ണില്‍. രണ്ടും സംഭവബഹുലം, അതീവപ്രധാനം. ജനവരി 31 ന് രാവിലെ രണ്ടു ബസ്സുകളിലായി ഞങ്ങള്‍ മദീനയിലേക്കു പുറപ്പെട്ടു. പുറപ്പെട്ടതൊന്നിച്ചാണെങ്കിലും എവിടെയോവെച്ച് പിന്നിലെ വാഹനത്തിനു ദിശതെറ്റി. നാലുമണിക്കൂര്‍ വഴിയില്‍ കാത്തിരിക്കേണ്ടിവന്നു. കാത്തിരിപ്പ് എപ്പോഴും ആളുകളെ നിഷ്‌ക്രിയരാക്കുന്നു. നിഷ്‌ക്രിയതയുടെ ശീലമാണ് ആലസ്യം. അലസന്മാര്‍ക്കു മാത്രമെ പണിയൊന്നുംചെയ്യാത്ത അവസ്ഥ ആസ്വദിക്കാനാവൂ. അല്ലാത്തവരില്‍ അത് കടുത്ത മുഷിപ്പുണ്ടാക്കും. ഈ യാത്ര ഞങ്ങള്‍ക്കു നല്‍കിയ കാത്തിരിപ്പും മുഷിപ്പും അസഹനീയംതന്നെയായി.
രണ്ടുവാഹനങ്ങളും സന്ധിക്കുമ്പോഴേക്ക് സായാഹ്ന നമസ്‌കാരത്തിന്റെ സമയമായി. പ്രാര്‍ത്ഥന കഴിഞ്ഞ ഉടനെ പുറപ്പെട്ടു. ഞങ്ങള്‍ കുതിച്ചുപായുന്നത് നേരെ മദീനായിലേക്കാണ്. ശത്രുക്കളുടെ കണ്ണില്‍പെടാതെ നബി അഭയസ്ഥാനം തേടിപ്പോയ ദിശയിലൂടെ. ആ പുണ്യാത്മാവിനെ പിടികൂടി വധിക്കാന്‍ മക്കക്കാര്‍ ഏകകണ്ഠമായി തീരുമാനിച്ചിരുന്നു. രാത്രി ഉറങ്ങിയുണരുന്ന സമയംകാത്ത് അവരുടെ കരുത്തരായ യുവാക്കള്‍ വീട് വളഞ്ഞുനിന്നു. അവര്‍ക്കിടയിലൂടെയാണ് അദ്ദേഹം രക്ഷപ്പെട്ടത്. വിഷണ്ണരായ ശത്രുക്കള്‍ നാലുപാടും ആളെ അയച്ചു. പക്ഷെ നിശ്ചിതമായ ആസൂത്രണപ്രകാരം പ്രവാചകന്‍ തന്റെ വിശ്വസ്തസുഹൃത്തും ശിഷ്യനുമായ അബൂബക്കറിനോടൊപ്പം ലക്ഷ്യസ്ഥാനത്തേക്ക് ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞിരുന്നു.
തുറന്ന മരുഭൂമിയിലൂടെ നടക്കുമ്പോഴും, ശത്രുക്കളുടെ കാല്‍പെരുമാറ്റം കണ്ടുകൊണ്ട് “സൗര്‍”ഗുഹയില്‍ ഒളിഞ്ഞിരിക്കുമ്പോഴും ദയാമയനായ രക്ഷിതാവ് തങ്ങളോടൊപ്പമുണ്ടെന്ന് അവര്‍ ഉറച്ചുവിശ്വസിച്ചു. ഒരുശക്തിക്കും തങ്ങളെ തൊടാന്‍ സാധ്യമല്ലെന്നും. ഗുഹാമുഖത്ത് ശത്രുവിന്റെ പാദപതനം കണ്ടുപേടിച്ചുവിറച്ച അബൂബക്കറിന്റെ കാതില്‍, “ഭയപ്പെടാതെ; അല്ലാഹു നമ്മോടൊപ്പമുണ്ട്” എന്ന് ശബ്ദമടക്കി പ്രവാചകന്‍ സമാശ്വസിപ്പിച്ച സന്ദര്‍ഭം ഖുര്‍ആന്‍ എടുത്തുപറയുന്നുണ്ട്. അബൂബക്കറിന്റെ വേവലാതി സ്വന്തത്തെക്കുറിച്ചായിരുന്നില്ല; ജീവന്റെ ജീവനായ പ്രവാചകനെക്കുറിച്ചായിരുന്നു.
എല്ലാംതരണംചെയ്ത് അവര്‍ മദീനയിലെത്താറായി. നബിയുടെ വരവ് അകലെനിന്നുതന്നെ കാണാന്‍ മദീനാനിവാസികള്‍ വൃക്ഷത്തലപ്പുകളില്‍ കയറി എത്തിനോക്കിക്കൊണ്ടിരുന്നു. പെണ്‍കുട്ടികള്‍ വാദ്യോപകരണങ്ങളുമായി കാത്തിരുന്നു. അക്ഷമയോടെയുള്ള കാത്തിരിപ്പിനൊടുവില്‍ അകലെ നബിയുടെ രൂപം പ്രത്യക്ഷപ്പെട്ടു. അതോടെ അവര്‍ ആവേശഭരിതരായി. ആഘോഷപൂര്‍വ്വം ആ പൂര്‍ണ്ണചന്ദ്രോദയത്തെ അവര്‍ പാടിപ്പൊലിപ്പിച്ചു വരവേറ്റു.
ചരിത്രത്തിന്റെ ഗതി മാറ്റിക്കുറിച്ച മഹാസംഭവമായിരുന്നു ഈ വരവേല്‍പ്. ഖുറൈശികള്‍ മക്കയുടെ മനസ്സില്‍നിന്നു പുറത്താക്കി വാതിലടച്ച പ്രവാചകനെ മദീന ഊറ്റത്തോടെ വാരിപ്പുണര്‍ന്നു. അവര്‍ അദ്ദേഹത്തെ സ്നേഹംകൊണ്ടു പൊതിഞ്ഞു. മക്കയിലെ ശത്രുക്കള്‍ അദ്ദേഹത്തിനെതിരില്‍ നാനാവിധ തന്ത്രങ്ങളും ആയുധങ്ങളും പ്രയോഗിച്ചു. പക്ഷെ, സ്വന്തം ജീവന്‍ നല്‍കി മദീന അദ്ദേഹത്തെ അവസാനംവരെ സംരക്ഷിച്ചു. ബദ്റില്‍വെച്ചു നടന്ന ഘോരയുദ്ധം ഇതില്‍ ഏറ്റവുംവലിയ സംഭവമായി ചരിത്രം രേഖപ്പെടുത്തുന്നു.
മനുഷ്യമനസ്സുകളെ ഏറെത്രസിപ്പിക്കാന്‍ കഴിവുള്ള ജീവിതാനുഭവങ്ങളായി ചരിത്രം സൂക്ഷിച്ചുപോരുന്ന സംഭവപരമ്പരകളാണ് യുദ്ധകഥകള്‍. യുദ്ധങ്ങളോട് ക്രൂരമായൊരു കമ്പംതന്നെ ആളുകള്‍ പുലര്‍ത്തിവന്നിട്ടുണ്ട്. കാലം പ്രാകൃത മനുഷ്യനില്‍തുടങ്ങി ആഗോളപൗരനിലെത്തി നില്‍ക്കുമ്പോഴും ഹീറോ എന്നവാക്കില്‍ ത്രസിച്ചുനില്‍ക്കുന്ന വൈകാരികത അര്‍ത്ഥപൂര്‍ണ്ണതയിലെത്തുന്നത് യുദ്ധനായകനില്‍ത്തന്നെയാണ്. (നോവലുകളും സിനിമകളും ഇതിന് ഉദാഹരണം). കൊല്ലുന്നതില്‍ കാണിക്കുന്ന വൈഭവം ദേശസ്നേഹമായും രക്തസാക്ഷ്യലക്ഷണമായും ദൈവത്തിനുള്ള ബലിയര്‍പ്പണമായും പാടിപ്പുകഴ്ത്തപ്പെടുന്നു.
ജനാധിപത്യത്തിന്റെ ഈറ്റില്ലമായ ഗ്രീസില്‍ ജനപിന്തുണനേടാന്‍ സ്ഥാനാര്‍ത്ഥികള്‍ യുദ്ധങ്ങളിലേറ്റ മാരകമായ മുറിവിന്റെ പാടുകള്‍ തുറന്നുകാട്ടി വീരസ്യം പറഞ്ഞിരുന്നുവത്രെ. ഇലിയഡും ഒഡീസിയും മഹാഭാരതവും രാമായണവും അശ്വമേധയാഗകഥകളും പിന്നിട്ടുവന്ന പുതിയ മനുഷ്യന്‍ ചെയ്യുന്നതും അതുതന്നെ. വിശ്വസാഹിത്യത്തിലെ മുഖ്യമായ ഈടുവെയ്പുകള്‍ രണവീരന്മാരെക്കുറിച്ചുള്ള അപദാനങ്ങളാണ്. ഇങ്ങനെ പടയോട്ടത്തിലും അതിന്റെ വര്‍ണ്ണനയിലും ഐതിഹാസിക മാനം കൈവരികയും മുസ്ലിം മനസ്സില്‍ ആവേശോജ്ജ്വലമായി ജീവിക്കുകയും ചെയ്യുന്ന സംഭവമാണ് ബദ്ര് യുദ്ധം.
ബദ്ര്
മുസ്ലിംകള്‍ക്ക് ആദരപൂര്‍വ്വംമാത്രം ഓര്‍ക്കാന്‍കഴിയുന്ന സംഭവമാണ് ബദ്ര്‌യുദ്ധം. ഇസ്ലാമിക ചരിത്രത്തില്‍ ഇത്രയേറെ പാടിപ്പുകഴ്ത്തപ്പെട്ട മറ്റൊരുസംഭവം കാണുക പ്രയാസമാണ്. നിരായുധരെന്നുപറയാവുന്നമട്ടില്‍ പടക്കോപ്പുകള്‍ കുറവായിരുന്ന ഏതാനുംഅനുയായികള്‍ വലിയൊരു സൈന്യത്തെ തുരത്തിയ കഥയാണത്. ശത്രുക്കള്‍ അക്കാലത്തെ ആയുധങ്ങളത്രയും ഉപയോഗിച്ചിരുന്നു. മൂന്നിരട്ടി സൈനികബലം അവര്‍ക്കുണ്ടായിരുന്നു. കടുത്ത യുദ്ധത്തെ പ്രതീക്ഷിച്ചു വന്നവരായിരുന്നില്ല മുസ്ലിംകള്‍. ശത്രുക്കളുടെമുമ്പില്‍ അവര്‍ ചെന്നുപെടുകയായിരുന്നു. നായകനിരകൊണ്ടും ധനസ്ഥിതികൊണ്ടും ആയുധബലത്താലും പേരുകേട്ട ശത്രുസമൂഹത്തിന്റെ നേതൃതലത്തെ അവര്‍ മുച്ചൂടും തുരത്തി. പലരെയും ബന്ധനസ്ഥരാക്കി. ഇതെങ്ങനെ സാധിച്ചുവെന്ന് ലോകം അത്ഭുതംകൊള്ളുന്ന ചരിത്രവിജയം!
ആരെയും പ്രചോദിപ്പിക്കാന്‍പോന്ന പോരാട്ടത്തിന്റെ മാനത്തേക്കാള്‍ കൊണ്ടാടേണ്ടതാണ് ഈ യുദ്ധത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളും ദൗത്യവും. അപരനെക്കുറിച്ചുള്ള അവിശ്വാസവും ഭയവും സ്വന്തം മേലാളഭാവവും ഒന്നുചേര്‍ന്നു രൂപപ്പെടുന്ന അസഹിഷ്ണുതയുടെ തത്വശാസ്ത്രമല്ല ബദറില്‍ മുസ്ലിംകളെ നയിച്ചത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് സമയവും അദ്ധ്വാനവും ശ്രദ്ധയും യുദ്ധക്കോപ്പുകള്‍ നിര്‍മ്മിക്കാനായി ചെലവിടുന്ന ആധുനിക രാഷ്ട്രമേധാവിത്വത്തിന്റെ അന്ധമായ അഹമ്മതിയും അവരെ ആവേശിച്ചിരുന്നില്ല. വിശ്വാസസ്വാതന്ത്ര്യത്തിനും സാമൂഹിക സമത്വത്തിനുംവേണ്ടി അധികാരി വര്‍ഗ്ഗത്തിന്റെ മുഷ്‌ക്കിനും ക്രൂരതക്കും തറവാടിത്തഘോഷണത്തിന്റെ അപകടങ്ങള്‍ക്കുമെതിരെ നല്ല മാറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു ബദ്റിന്റെ ലക്ഷ്യം. ഇസ്ലാമിക സമൂഹത്തിന്റെ സംസ്ഥാപനത്തിനുമാത്രമല്ല, അറേബ്യന്‍ മേഖലയുടെ മുഴുവന്‍ ആധുനീകരണത്തിനും ആവശ്യമായിരുന്ന ഒരു പ്രക്രിയയായിരുന്നു അത്.
ബദ്റിനുമുമ്പ് നബിയുടെ അനുചരന്മാര്‍ക്ക് ശത്രുക്കളില്‍നിന്ന് അഭയംതേടി രണ്ടുവട്ടം എത്യോപ്യയിലേക്കു പോവേണ്ടിവന്നിട്ടുണ്ട്. ഒടുവില്‍ ജന്മനാട്ടില്‍നിന്ന് മദീനയിലേക്ക് തീര്‍ത്തും കുടിയൊഴിഞ്ഞുപോവാന്‍ എല്ലാവരും നിര്‍ബന്ധിതരാവുകയായിരുന്നു. മാസങ്ങളോളംനീണ്ട സാമൂഹ്യബഹിഷ്‌ക്കരണംകൊണ്ട് പ്രവാചകാനുയായികള്‍ മാത്രമല്ല, പിഞ്ചുകുഞ്ഞുങ്ങളടക്കം നബികുടുംബം മുഴുവന്‍ വന്‍പീഡനമനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഇങ്ങനെ പ്രവാസസ്ഥാനങ്ങളില്‍വെച്ചുപോലും ആക്രമിക്കപ്പെട്ട വിഭാഗത്തിന്റെ ആദ്യത്തെ തിരിച്ചടിയായിരുന്നു ബദ്ര്. ഈ യുദ്ധത്തിന് മഹാഭാരതകഥയിലെ കുരുക്ഷേത്രയുദ്ധത്തോട് ചില സമാനതകള്‍ കാണാം.
രണ്ടിലും ഏറ്റുമുട്ടുന്നത് സഹോദരന്മാര്‍ തമ്മിലും പിതാവും പുത്രനും തമ്മിലും ബന്ധുക്കള്‍ തമ്മിലുമാണ്. ഭ്രാതൃഹത്യയും പിതൃഹത്യയും നടക്കുന്നു. ധര്‍മ്മസംസ്ഥാപനത്തിനായി നിലവിലുള്ള അധികാരി വര്‍ഗ്ഗത്തിനെതിരെനടന്ന യുദ്ധങ്ങള്‍ എന്ന ആശയസാമ്യത്തിനപ്പുറം ഒരു പ്രധാന വ്യത്യാസവും ഇവക്കിടയിലുണ്ട്: പതിനാലുവര്‍ഷത്തെ വനവാസത്തിനു വിധിക്കപ്പെട്ട പാണ്ഡവര്‍ക്ക് അര്‍ഹതപ്പെട്ട രാജ്യഭരണം അവര്‍ക്ക് തിരിച്ച് നേടിക്കൊടുക്കേണ്ടതുണ്ടായിരുന്നു. രാഷ്ട്രീയമായ ആ ലക്ഷ്യമാണ് കാര്യങ്ങള്‍ കുരുക്ഷേത്ര യുദ്ധഭൂമിയിലെത്തുന്നതിനു പ്രധാന കാരണമായത്. എന്നാല്‍ ബദ്റിന് അത്തരമൊരു ലക്ഷ്യമുണ്ടായിരുന്നില്ല.
കാലഹരണപ്പെട്ടതും ജനവിരുദ്ധവുമായ ജീവിതരീതിക്കെതിരില്‍ പുരോഗമനപരവും മാനുഷികവുമായ പുതിയൊരു വ്യവസ്ഥിതി ഉള്‍ക്കൊണ്ട് സമൂഹത്തെ രൂപപ്പെടുത്താന്‍ മുഹമ്മദ് നബി നടത്തിയ ശ്രമങ്ങളോടുള്ള എതിര്‍പ്പാണ് ക്രൂരമായ അക്രമങ്ങള്‍ക്ക് അധികാരിവര്‍ഗ്ഗമായ ഖുറൈശികളെ പ്രേരിപ്പിച്ചത്. പെണ്‍ശിശുഹത്യയടക്കം സ്ത്രീയെ ഭോഗവസ്തുമാത്രമായിക്കണ്ടിരുന്ന ആ സമൂഹത്തിലെ മേലാളര്‍ അന്നത്തെ സാമ്പത്തികവ്യവസ്ഥയുടെ ഭാഗമായി അടിമത്തത്തെ കാണുകയും അടിമകളോട് അതിക്രൂരമായി പെരുമാറുകയും ചെയ്തുവന്നു.
ധനവും കുലമഹിമയുമുള്ളവന്റെ ഇച്ഛകള്‍ക്കനുസരിച്ച് ചലിക്കുന്നതിനുപകരം എല്ലാമനുഷ്യരുടെയും ജീവിതസ്വാതന്ത്ര്യത്തിനും മൗലികാവകാശസ്ഥാപനത്തിനുമായി അധികാരഘടനയെ വെല്ലുവിളിക്കുന്നതിന്റെ ഭാഗമായാണ് ബദ്ര് യുദ്ധം നടന്നത്. ബദ്റില്‍നിന്ന് മടങ്ങവെ, “നാം ഇനി പോവുന്നത് ഏറ്റവും വലിയ സമരമുഖത്തേക്കാണ്” എന്ന നബിയുടെ പ്രസ്താവനകേട്ട് അനുചരന്മാര്‍, ബദ്റിനേക്കാള്‍ വലിയ യുദ്ധമോ എന്ന് അത്ഭുതപ്പെടുകയുണ്ടായി. “അതെ, സ്വന്തം ദേഹേച്ഛകളോടുള്ള യുദ്ധം” എന്നായിരുന്നു വിശദീകരണം. അനിവാര്യതകള്‍ക്കപ്പുറം യുദ്ധത്തിന് കാല്‍പ്പനികമായ ചായക്കൂട്ട് നല്‍കുന്ന മനോഭാവത്തിനുള്ള താക്കീതുകൂടിയാണ് ഈ പ്രഖ്യാപനം.
ബദ്റിലെ രക്തസാക്ഷികളോട് വൈകാരികമായി മുസ്ലിംകള്‍ പുലര്‍ത്തുന്ന അടുപ്പം സാമ്രാജ്യാധിനിവേശങ്ങള്‍ക്കെതിരിലുള്ള പോരാട്ടങ്ങളില്‍ അബോധമായാണെങ്കിലും ശക്തമായ ഘടകമായി പ്രവര്‍ത്തിച്ച ഉദാഹരണങ്ങള്‍ നമുക്കുണ്ട്. മുന്‍കാല മാപ്പിളസമരങ്ങളില്‍ മോയിന്‍കുട്ടി വൈദ്യരുടെയും മറ്റും പടപ്പാട്ടുകള്‍ക്ക് സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരെ മുസ്ലിംകര്‍ഷകജനതയെ പ്രചോദിപ്പിക്കുക എന്ന ദൗത്യംതന്നെ ഉണ്ടായിരുന്നു. എന്നാല്‍ ഈ വശം അപകടകരമായ വ്യതിയാനത്തിന് വഴിമാറാനുള്ള സാധ്യതയെക്കുറിച്ചുകൂടി നാം ബോധവാന്മാരായിരിക്കണം. ബദ്റിന്റെ പോരാട്ടവീര്യത്തെ അതുള്‍ക്കൊള്ളുന്ന മാനവികതയെയും ആശയപ്രതിബദ്ധതയെയും വിളക്കിച്ചേര്‍ത്തുകൊണ്ടു മാത്രമേ കാണാന്‍ കഴിയൂ.
കുതിച്ചുപായുന്ന ബസ്സിന്റെ വശങ്ങളിലൂടെ പുറത്തേക്കു നോക്കിയിരിക്കുമ്പോള്‍ പിന്നോട്ട് അകന്നുമാറുന്ന കാഴ്ചകളോടൊപ്പം ഓര്‍മ്മകളും പാഞ്ഞുകൊണ്ടിരുന്നു. രാത്രി 12 മണിക്ക് ഞങ്ങള്‍ മദീനയില്‍ എത്തി. മുന്‍കൂട്ടി ഏര്‍പ്പെടുത്തിയ താമസസ്ഥലത്ത് ഉറങ്ങാന്‍ കിടന്നു. ഞാനിതാ; മദീനയിലുമെത്തിയിരിക്കുന്നു! നബിയുടെ സാമൂഹിക പ്രവര്‍ത്തനത്തിന്റെ ആസ്ഥാനത്ത്. മുജാഹിദുകളും അന്‍സാരികളും പരസ്പരം ആശ്ലേഷിച്ച്, സാഹോദര്യത്തിന്റെ അത്യപൂര്‍വ്വമായ സ്വപ്നസങ്കല്‍പം യാഥാര്‍ത്ഥ്യമാക്കിയ മണ്ണില്‍. നാളെ നബിയുടെ പള്ളിയും ഖബറിടവും ചെന്നു കാണണം. പ്രവാചകന്റെ നേതൃത്വത്തില്‍ അബൂബക്കറിന്റെയും ഉമറിന്റെയും സാന്നിധ്യത്തില്‍ സ്വഹാബികള്‍ നമസ്‌കരിക്കാറുണ്ടായിരുന്ന, പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലത്ത് പ്രാര്‍ത്ഥിക്കണം. നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള അവരുടെ വാക്കുകള്‍ കേട്ടുകൊണ്ട് അവരൊന്നിച്ച് അല്‍പനേരം ഇരിക്കണം. ഇങ്ങനെ ഓരോന്ന് ചിന്തിച്ചുകൊണ്ട് പതുക്കെ ഉറക്കത്തിലേക്ക് ഊര്‍ന്നുവീണു.