| Friday, 26th August 2016, 11:21 pm

ഹാജി അലി ദര്‍ഗ സ്ത്രീ പ്രവേശനം; കോടതി വിധി ജനാധിപത്യത്തിന്റെ ശക്തി തെളിയിക്കുന്നത്: ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ:   മഹാരാഷ്ട്രയിലെ സൂഫി തീര്‍ത്ഥാടന കേന്ദ്രമായ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച ബോംബെ ഹൈക്കോടതി വിധി ജനാധിപത്യത്തിന്റെ ശക്തി തെളിയിക്കുന്നതാണെന്ന് ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളന്‍ നേതാവും ഹരജിക്കാരിയുമായി സാകിയ സോമന്‍.

മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ഖുര്‍ആനിന്റെയും ഭരണഘടനയുടെയും അടിസ്ഥാനത്തില്‍ നടത്തിയ പോരാട്ടമാണിതെന്ന് സാകിയ സോമന്‍ പറഞ്ഞു. വിധി വളരെയധികം സന്തോഷം നല്‍കുന്നതാണെന്നും പുരുഷമേധാവിത്വത്തിനേറ്റ തിരിച്ചടിയാണെന്നും സാകിയ സോമന്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും ദര്‍ഗയ്ക്കുള്ളില്‍ കടക്കാമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മഹാരാഷ്ട്ര സര്‍ക്കാരിന് ബോംബെ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

2011ലാണ് ഹാജി അലി ദര്‍ഗയിലെ ഖബറിടത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശം നിരോധിച്ചത്. അതുവരെ ഖബറിടത്തിനടുത്ത് സ്ത്രീകളും പ്രവേശിച്ചിരുന്നു. ദര്‍ഗയിലും പരിസരത്തും സ്ത്രീകള്‍ക്ക് വരാമെങ്കിലും ഖബറിടത്തിലേക്ക് കടക്കാന്‍ പാടില്ല. ട്രസ്റ്റിനെതിരെ മുസ്‌ലിം സ്ത്രീ സംഘലടനകളും മറ്റും രംഗത്തുവന്നെങ്കിലും കോടതിയെ സമീപിച്ചത് ഈയിടെയാണ്.

We use cookies to give you the best possible experience. Learn more