| Friday, 26th August 2016, 12:51 pm

ഹാജി അലി ദര്‍ഗയില്‍ സ്ത്രീ പ്രവേശനത്തിന് അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിലെ പ്രശസ്ത മുസ്‌ലിം തീര്‍ഥാടന കേന്ദ്രമായഹാജി അലി ദര്‍ഗയുടെ പവിത്രസ്ഥാനത്ത് പ്രവേശിക്കാന്‍ സ്ത്രീകളെ അനുവദിച്ച് ബോംബെ ഹൈക്കോടതി ഉത്തരവ്.

സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും ദര്‍ഗയ്ക്കുള്ളില്‍ കടക്കാമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മഹാരാഷ്ട്ര സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

ഭാരതീയ മുസ്‌ലിം മഹില ആന്ദോളന്റെ നൂര്‍ജഹാന്‍ നിയാസ് സാകിയ സോമന്‍ എന്ന സംഘടന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

നേരത്തെ ദര്‍ഗയുടെ അകത്തളത്തില്‍ സ്ത്രീകള്‍ക്ക് വിലക്കില്ലായിരുന്നു. 2012ലാണ് ഹാജി അലി ദര്‍ഗ ട്രസ്റ്റ് ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ ഭാരതീയ മുസ്‌ലിം മഹിള ആന്ദോളന്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി.

അതു പരിഗണിക്കവെ ദര്‍ഗയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. ദര്‍ഗയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാന്‍ ട്രസ്റ്റിന് അധികാരമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ സ്ത്രീകളെ ഇത്തരത്തില്‍ വിലക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. ദര്‍ഗയില്‍ 2012 വരെ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ടായിരുന്നുവെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ദര്‍ഗയില്‍ പ്രവേശിക്കാന്‍ അനുമതി ഉണ്ടായിരുന്നുവെങ്കിലും ഖബറടത്തില്‍ പ്രവേശനം നല്‍കിയിരുന്നില്ലെന്ന് ദര്‍ഗ ട്രസ്റ്റി വ്യക്തമാക്കി.

വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും ട്രസ്റ്റി അറിയിച്ചു.  ഇതു പരിഗണിച്ച കോടതി ആറാഴ്ചയ്ക്കു ശേഷം മാത്രമേ വിധി നടപ്പാക്കാവൂവെന്നും വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more