| Monday, 24th October 2016, 6:34 pm

ഹാജി അലി ദര്‍ഗയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ തയ്യാറെന്ന് ഭരണ സമിതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദര്‍ഗയിലെ ശവകുടീരം നില്‍ക്കുന്ന മുറിയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന ബോബൈ ഹൈക്കോടതി വിധി അംഗീകരിക്കുന്നുവെന്നാണ് ഭരണ സമിതി കോടതിയില്‍ അറിയിച്ചത്.


ന്യൂദല്‍ഹി: മുംബൈ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ തയ്യാറെന്ന് ദര്‍ഗ ഭരണ സമിതി.

സുപ്രീംകോടതിയിലാണ് ഭരണ സമിതി തീരുമാനം അറിയിച്ചിരിക്കുന്നത്. ദര്‍ഗയിലെ ശവകുടീരം നില്‍ക്കുന്ന മുറിയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന ബോബൈ ഹൈക്കോടതി വിധി അംഗീകരിക്കുന്നുവെന്നാണ് ഭരണ സമിതി കോടതിയില്‍ അറിയിച്ചത്.

മഹാന്മാരുടെ മഖ്ബറകള്‍ക്കടുത്ത് സ്ത്രീകള്‍ കടക്കുന്നത് അനിസ്‌ലാമികമാണെന്ന് കാട്ടിയാണ് 2012ല്‍ ഹാജി അലി ദര്‍ഗ ട്രസ്റ്റ് നിരോധനം കൊണ്ടു വന്നത്. കോമ്പൗണ്ടില്‍ കടക്കുന്നതിന് വിലക്കില്ലെങ്കിലും സ്ത്രീകള്‍ ശവകൂടീരത്തിന് സമീപത്ത് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പെടുത്തിയിരുന്നു. എന്നാല്‍ പുരുഷന്മാര്‍ക്ക് പ്രവേശനം നല്‍കുന്ന എല്ലായിടത്തും സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് വാദിച്ച് നിരവധി സംഘടനകളാണ് രംഗത്ത് വന്നിരുന്നത്.

ചീഫ് ജസ്റ്റിസ് ടി.എസ് ടാക്കൂര്‍, ഡി.വൈ ചന്ദ്രചൂഢ്, എല്‍. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് ബോംബെ ഹൈക്കോടതി വിധിക്കെതിരായ ഹാജി അലി ദര്‍ഗ ഭരണസമിതിയുടെ അപ്പീല്‍ പരിഗണിച്ചത്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ദര്‍ഗയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ഭരണ സമിതി ചോദിച്ച നാലാഴ്ച്ചത്തെ സാവകാശവും ബെഞ്ച് അനുവദിച്ചിട്ടുണ്ട്.

ഹാജി അലിയില്‍ പ്രവേശനം നിഷേധിക്കുന്ന ദര്‍ഗാ അധികൃതരുടെ നിലപാടിനെതിരേ മുസ്‌ലിം വനിതാ സംഘടനയായ ഭാരത മുസ്‌ലിം വനിതാ ആന്ദോളന്‍ സമര്‍പ്പിച്ച പരാതിയിലാണ്  ബോബൈ കോടതിയുടെ ഉത്തരവുണ്ടായിരുന്നത്.

പള്ളിക്ക് അകത്തെ കോവിലില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനത്തിനും കോടതി നിര്‍ദേശം നല്‍കിയിരുന്നു. 15-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സൂഫിവര്യന്‍ ഹാജി അലിയുടെ ശവകുടീരമാണ് ദര്‍ഗ. ഇവിടെ സ്ത്രീകള്‍ കയറുന്നത് ഇസ്‌ലാമിക വിശ്വാസ പ്രകാരം തെറ്റാണെന്നായിരുന്നു ദര്‍ഗ അധികൃതരുടെ മുന്‍ വാദം.

We use cookies to give you the best possible experience. Learn more