| Wednesday, 7th July 2021, 5:49 pm

ഹെയ്ത്തി പ്രസിഡന്റ് ജോവനല്‍ മോസ് വെടിയേറ്റു മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പോര്‍ട്ട് ഓ പ്രിന്‍സ്: ഹെയ്ത്തി പ്രസിഡന്റ് ജോവനല്‍ മോസ് സ്വവസതിയില്‍വെച്ച് വെടിയേറ്റു മരിച്ചു. ഹെയ്ത്തിയില്‍ ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫാണ് ഇക്കാര്യം അറിയിച്ചത്. അക്രമത്തില്‍ പരിക്കേറ്റ് ഗുരുതര പരുക്കുകളോടെ ജോവനലിന്റെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു അക്രമമെന്നും അക്രമികള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. 53 വയസ്സുകാരനായ ജുവനില്‍ മുഈസ് തന്റെ മുന്‍ഗാമിയായ മിഷേല്‍ മാര്‍ട്ടലി 2017 ഫെബ്രുവരിയില്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് അധികാരത്തിലേറിയത്.

ജുവനില്‍ മുഈസിന് നേരെയുണ്ടായ ആക്രമണം മനുഷ്യത്വ രഹിതവും ക്രൂരവുമാണെന്ന് പ്രധാനമന്ത്രി ക്ലോഡ് ജോസഫ് പറഞ്ഞു.

‘സ്പാനിഷ് സംസാരിക്കുന്ന ചിലര്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം പ്രസിഡന്റിന്റെ സ്വകാര്യ വസതി ആക്രമിച്ച് പ്രസിഡന്റിനെ കൊലപ്പെടുത്തുകയായിരന്നു.’ ക്ലോഡ് പ്രസ്താവനയില്‍ അറിയിച്ചു.

ഈ വര്‍ഷം തുടക്കംമുതല്‍ ഹെയ്ത്തിയിലെ രാഷ്ടീയ സാഹചര്യങ്ങള്‍ പ്രസിഡന്റിന് എതിരായിരുന്നു. ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും വര്‍ധിച്ചതോടെയാണ് ഹെയ്തിയില്‍ അക്രമങ്ങള്‍ വര്‍ധിച്ചത്. ഭക്ഷണക്ഷാമം ഇവിടെ രൂക്ഷമാണ്.

വലിയ തരത്തിലുള്ള പ്രക്ഷോഭങ്ങളാണ് അദ്ദേഹത്തിനെതിരെ നടന്നിരുന്നത്. സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങളും അഴിമതി ആരോപണങ്ങളുമെല്ലാം നിറഞ്ഞുനിന്നിരുന്നു.

ജോവനലിന്റെ കാലാവധി അവസാനിച്ചതാണെന്നും അദ്ദേഹത്തിന് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും ചൂണ്ടികാട്ടി പ്രതിപക്ഷവും പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ തനിക്ക് ഇനിയും ഒരു വര്‍ഷംകൂടി ബാക്കിയുണ്ടെന്നായിരുന്നു
ജോവനല്‍ വാദിച്ചിരുന്നത്.

അതേസമയം, പ്രസിഡന്റിന്റെ മരണത്തിന് പിന്നാലെ രാജ്യത്ത് വ്യാപകമായ രീതിയില്‍ അക്രമങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയും നിലനില്‍ക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONENT HIGHLIGHTS:  Haiti President Jovenel Moise assassinated at home

We use cookies to give you the best possible experience. Learn more