പോർട്ടോ പ്രിൻസ്: ഹെയ്തിയിൽ ഗുണ്ടാസംഘങ്ങൾ നടത്തിയ കലാപത്തെ തുടർന്ന് രാജ്യത്തെ പ്രധാനപ്പെട്ട രണ്ട് ജയിലുകളിൽ നിന്ന് രക്ഷപ്പെട്ടത് നാലായിരത്തിലധികം തടവുപുള്ളികൾ. രാജ്യത്തെ നടുക്കിയ കലാപത്തിന് പിന്നാലെ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ആക്രമണത്തിൽ രക്ഷപ്പെട്ട കൊലയാളികൾ ഉൾപ്പെടെയുള്ള ക്രിമിനലുകളെ പിടികൂടാനാണ് 72 മണിക്കൂർ നീണ്ട അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് സർക്കാർ അറിയിച്ചു. രാജ്യത്തുടനീളം കർഫ്യൂ നിലവിൽ വന്നിട്ടുണ്ട്.
‘കർഫ്യൂ നടപ്പിലാക്കാനും മുഴുവൻ കുറ്റവാളികളെയും പിടികൂടാനും നിയമപരമായ എന്ത് വഴിയും തെരഞ്ഞെടുക്കാമെന്ന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്,’ നിലവിൽ പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുന്ന ധനകാര്യ മന്ത്രി പാട്രിക് ബോയ്‌സ്വേർട്ട് അറിയിച്ചു.
രാജ്യത്തെ ശക്തിയാർജിച്ചു വരുന്ന ക്രിമിനൽ സംഘങ്ങളുമായുള്ള സംഘർഷത്തിൽ സുസ്ഥിരത കൈവരിക്കാൻ യു.എന്നിന്റെ സുരക്ഷാ സേനയുടെ സഹായം തേടി വിദേശത്താണ് ഹെയ്തിയുടെ പ്രധാനമന്ത്രി ഏരിയൽ ഹെൻറി ഇപ്പോഴുള്ളത്.
മുൻ പൊലീസ് ഉദ്യോഗസ്ഥൻ ജിമ്മി ചെറിസിയറിന്റെ നേതൃത്വത്തിലുള്ള ഗാങ്ങുകൾ ഹെൻറിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുകയാണെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.
മാർച്ച് രണ്ടിന് രാത്രി നടന്ന ആക്രമണത്തിന് പിന്നാലെ നാഷണൽ പെനിറ്റൻഷ്യറിയിൽ ഉണ്ടായിരുന്ന 3,800 ഓളം തടവുകാരിൽ 100 പേർ മാത്രമേ ഇപ്പോൾ അവിടെയുള്ളൂ എന്നാണ് ഡിഫെൻസ് ഓഫ് ഹ്യൂമൻ റൈറ്റ്സ് അറിയിക്കുന്നത്.
വെടിവെപ്പിനെ തുടർന്ന് ജയിലുകൾക്കകത്തും പുറത്തുമായി നിരവധി ശവശരീരങ്ങൾ കിടക്കുന്നതായും ഗേറ്റുകൾ തുറന്നുകിടക്കുന്നതായും വാർത്ത ഏജൻസികളായ റോയിട്ടേഴ്സും എ.എഫ്.പിയും റിപ്പോർട്ട് ചെയ്തു.
Content Highlight: Haiti declares curfew after 4,000 inmates escape jail amid rising violence