| Tuesday, 27th July 2021, 2:30 pm

ഹെയ്തി പ്രസിഡന്റിന്റെ കൊലപാതകം; ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പോര്‍ട്ട് ഒ പ്രിന്‍സ്: ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രസിഡന്റിന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് ഹെയ്തി പൊലീസ്. സുരക്ഷാ വിഭാഗം തലവനായ ജീന്‍ ലാഗ്വല്‍ സിവിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ് പൊലീസ് നടപടി. കൂടുതല്‍ ചോദ്യം ചെയ്യലിനായി സിവിലിനെ ഡെല്‍മാസിലെ പ്രത്യേക ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

ജൂലൈ 7നാണ് ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോസ് സ്വവസതിയില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്. അക്രമത്തില്‍ പ്രസിഡന്റിന്റെ ഭാര്യയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

2017 ഫെബ്രുവരിയില്‍ മിഷേല്‍ മാര്‍ട്ടലി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് 53 വയസ്സുകാരനായ ജോവനില്‍ മോസ് പ്രസിഡന്റായി എത്തുന്നത്. ഈ വര്‍ഷം തുടക്കം മുതല്‍ ഹെയ്തിയിലെ രാഷ്ടീയ സാഹചര്യങ്ങള്‍ പ്രസിഡന്റിന് എതിരായിരുന്നു.

ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും വര്‍ധിച്ചതോടെയാണ് ഹെയ്തിയില്‍ അക്രമങ്ങള്‍ വര്‍ധിച്ചത്. ഭക്ഷ്യക്ഷാമം ഇവിടെ രൂക്ഷമാണ്. വലിയ തരത്തിലുള്ള പ്രക്ഷോഭങ്ങളാണ് ജോവനല്‍ മോസിനെതിരെ നടന്നിരുന്നത്. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു.

ജോവനലിന്റെ കാലാവധി അവസാനിച്ചതാണെന്നും അദ്ദേഹത്തിന് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷവും സമരവുമായി രംഗത്തുവന്നിരുന്നു.

എന്നാല്‍ തനിക്ക് ഇനിയും ഒരു വര്‍ഷംകൂടി ബാക്കിയുണ്ടെന്നായിരുന്നു ജോവനല്‍ വാദിച്ചിരുന്നത്. പ്രസിഡന്റിന്റെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് ഹെയ്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Haiti arrests top security chief in Moise murder investigation

We use cookies to give you the best possible experience. Learn more