ബിസിനസ് കുടുംബത്തില്‍ നിന്നും താന്‍ ഫാഷന്റെ ലോകത്തിലേക്ക് എത്തിയതിനേക്കുറിച്ച് പറയുകയാണ് ഹെയര്‍ സ്റ്റൈലിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ അംബിക പിള്ള. പതിനേഴാം വയസിലാണ് താന്‍ വിവാഹം കഴിച്ചതെന്നും എന്നാല്‍ 24ാം വയസില്‍ തന്നെ വിവാഹമോചിതയായിട്ടുണ്ടെന്നും അംബിക പറഞ്ഞു.
കശുവണ്ടി ബിസിനസ് ചെയ്തുകൊണ്ടിരുന്ന അച്ഛനെ ആദ്യം സഹായിക്കാറുണ്ടായിരുന്നെന്നും അദ്ദേഹത്തിന് താന്‍ പുരുഷന്മാര്‍ വര്‍ക്ക് ചെയ്യുന്ന മേഖലയില്‍ ജോലിചെയ്യുന്നത് ഇഷ്ടമല്ലായിരുന്നെന്നും അവര്‍ പറഞ്ഞു. തുടര്‍ന്നാണ് താന്‍ സ്ത്രീകളുടെ മേഖലയായ ഫാഷനിലേക്ക് എത്തിയതെന്നും അംബിക കൂട്ടിച്ചേര്‍ത്തു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അംബിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”പതിനേഴാം വയസിലാണ് ഞാന്‍ വിവാഹം കഴിച്ചത്. എന്നാല്‍ വളരെ പെട്ടെന്ന് ഞാന്‍ വിവാഹമോചനവും നേടി. ഇരുപത്തിനാലാം വയസില്‍ വിവാഹമോചിതയായിട്ടുണ്ട്. പഠിക്കുകയോ ഡിഗ്രി നേടുകയോ ചെയ്തിട്ടില്ല.
എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ വിചാരിച്ചിരുന്നു. പുരുഷന്‍മാര്‍ ചെയ്യുന്ന മേഖലയിലാണ് അച്ഛന്‍ വര്‍ക്ക് ചെയ്തത്. അതുകൊണ്ട് തന്നെ ചെറുപ്പത്തില്‍ അച്ഛന്റെ ബിസിനസില്‍ ജോയിന്‍ ചെയ്തു. പക്ഷെ ആദ്യം അച്ഛന്‍ വേണ്ടയെന്ന് പറഞ്ഞു. പുരുഷന്മാരുടെ മേഖലയാണല്ലോ.
അദ്ദേഹത്തിന് കശുവണ്ടി ബിസിനസ് ആയിരുന്നു. അന്ന് ഞാന്‍ അമേരിക്കന്‍, റഷ്യന്‍ തുടങ്ങി വിവിധ രാജ്യങ്ങളിലുള്ളവരെ ഡീല്‍ ചെയ്യുമായിരുന്നു. ബിസിനസ് ഫാമിലിയുടെ പശ്ചാത്തലത്തില്‍ നിന്നാണ് ഞാന്‍ ഫാഷന്റെ ലോകത്തിലേക്ക് എത്തുന്നത്.
ബ്യൂട്ടി ബിസിനസ് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള മേഖലയാണ്. വാക്‌സിങ്ങ്, ത്രെഡിങ്ങ് തുടങ്ങിയവയൊക്കെ സ്ത്രീകള്‍ക്കാണല്ലോ ചെയ്യുക. അപ്പോള്‍ അച്ഛന് ഓക്കെ ആയി തോന്നി. അങ്ങനെയാണ് അതിലേക്ക് വന്നത്.
പിന്നെ ഞാന്‍ പറഞ്ഞു ദല്‍ഹിയില്‍ പോയി പഠിച്ചിട്ട് ഒക്കെ തിരിച്ചു വരാമെന്ന്. പക്ഷെ പിന്നെ ഞാന്‍ തിരിച്ചുവന്നില്ല. അവിടെ തന്നെ നിന്നു,” അംബിക പിള്ള പറഞ്ഞു.
content highlight: hair stylist ambika pilla about her carrier