| Thursday, 20th July 2023, 9:14 am

പാകിസ്ഥാന്‍ മണ്ടത്തരം; LBW അവസാനം സ്റ്റംപ്ഡ് ആയി: വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ക്വിക് സിംഗിള്‍ നേടുന്നതില്‍ പാകിസ്ഥാന്‍ താരം ഹൈദര്‍ അലിക്ക് മികച്ച ട്രാക്ക് റെക്കോഡ് അല്ല ഉള്ളത്. കഴിഞ്ഞ മാസം പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലിരിക്കെ സിംഗിളിന് ശ്രമിച്ച് ഔട്ടായ അലി, വീണ്ടും വിചിത്രമായ രീതിയില്‍ പുറത്തായിരിക്കുകയാണ്.

കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ ഡുര്‍ഹാം-ഡെര്‍ബിഷെയര്‍ മത്സരത്തിലാണ് ഹൈദര്‍ അലിയുടെ രസകരമായ ഡിസ്മിസലുണ്ടായത്. എതിര്‍ ടീം എല്‍.ബി.ഡബ്ല്യൂവിന് അപ്പീല്‍ ചെയ്യവെ റണ്‍ എടുക്കാന്‍ മുതിര്‍ന്ന അലി സ്റ്റംപ്ഡ് ചെയ്യപ്പെട്ട് പുറത്താവുകയായിരുന്നു.

77ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു ഈ രസകരമായ സംഭവമുണ്ടായത്. സ്‌കോട് ബോര്‍ത്വിക്കിന്റെ പന്തില്‍ സ്വീപ് ഷോട്ട് കളിക്കാന്‍ ശ്രമിച്ച അലിക്ക് പിഴച്ചു. പന്ത് പാഡില്‍ കൊണ്ടതോടെ ഡുര്‍ഹാം താരങ്ങള്‍ ഒന്നായി എല്‍.ബി.ഡബ്ല്യൂവിനായി അപ്പീല്‍ ചെയ്തു.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

അമ്പയര്‍ ഔട്ട് വിളിക്കുന്നില്ല എന്ന് കണ്ടതോടെ സിംഗിള്‍ ഓടിക്കളയാം എന്ന മനോഭാവത്തിലായിരുന്നു ഹൈദര്‍ അലി. എന്നാല്‍ തന്റെ തൊട്ടുമുമ്പില്‍ തന്നെ പന്ത് ഉണ്ടായിരുന്നു എന്ന കാര്യം അദ്ദേഹം അറിഞ്ഞിരുന്നില്ല.

റണ്ണിനായി ഹൈദര്‍ അലി ക്രീസ് വിട്ട് പുറത്തിറങ്ങി എന്ന് മനസിലായ വിക്കറ്റ് കീപ്പര്‍ ഒലി റോബിന്‍സണ്‍ വളരെ പെട്ടെന്ന് തന്നെ പന്ത് കൈക്കലാക്കുകയും സ്റ്റംപ് ചെയ്ത് അലിയെ പുറത്താക്കുകയുമായിരുന്നു. 67 പന്തില്‍ 38 റണ്‍സ് നേടി നില്‍ക്കവെയാണ് താരം പുറത്തായത്.

അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡെര്‍ബിഷെയര്‍ ആദ്യ ദിനം അവസാനിക്കുമ്പോള്‍ 96 ഓവറില്‍ ആറ് വിക്കറ്റിന് 317 റണ്‍സ് എന്ന നിലയിലാണ്. സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ ബ്രൂക് ഗസ്റ്റിന്റെ ഇന്നിങ്‌സാണ് ഡെര്‍ബിഷെയറിന് തുണയായത്.

257 പന്തില്‍ നിന്നും 145 റണ്‍സ് നേടിയാണ് ഗസ്റ്റ് ക്രീസില്‍ തുടരുന്നത്. 22 ബൗണ്ടറികളടിച്ചാണ് താരം റണ്‍സ് ഉയര്‍ത്തിയത്.

ഗസ്റ്റിന് പുറമെ അര്‍ധ സെഞ്ച്വറി തികച്ച വെയ്ന്‍ മാഡ്‌സണും സ്‌കോറിങ്ങില്‍ തുണയായി. 96 പന്തില്‍ ഒമ്പത് ബൗണ്ടറിയുടെ അകമ്പടിയോടെ 62 റണ്‍സാണ് മാഡ്‌സണ്‍ നേടിയത്.

ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ബ്രൂക് ഗസ്റ്റിനൊപ്പം 23 പന്തില്‍ ആറ് റണ്‍സുമായി അലക്‌സ് തോംസണാണ് ക്രീസില്‍.

ഡുര്‍ഹാമിനായി ബെന്‍ റെയ്ന്‍, മാത്യു പോട്‌സ്, സ്‌കോട് ബോര്‍ത്വിക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

Content Highlight: Haider Ali’s bizarre dismissal in County championship

We use cookies to give you the best possible experience. Learn more