| Friday, 3rd May 2019, 12:01 pm

തുണിയുരിയാനുള്ള സമരങ്ങള്‍ക്ക് കിട്ടിയ പിന്തുണ തുണി ഉടുക്കാനുള്ള പോരാട്ടത്തിനും ലഭിക്കണം; എം.ഇ.എസ് സര്‍ക്കുലറിനെതിരെ എം.എസ്.എഫ് വനിതാ നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുഖാവരണം നിരോധിച്ചുകൊണ്ടുള്ള എം.ഇ.എസ് സര്‍ക്കുലറിനെതിരെ രൂക്ഷവിമര്‍ശനവുമായി എം.എസ്.എഫ് ദേശീയ ഉപാദ്യക്ഷന്‍ ഫാത്തിമത്ത് തെഹ്‌ലിയും ഹരിത മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഹഫ്‌സമോളും. മുഖമക്കന പൂര്‍ണമായും നിരോധിക്കുന്നത് അമിതാധികാര പ്രയോഗമാണ് മുഖം മറച്ച് പുറത്ത് ഇറങ്ങുന്ന സ്ത്രീകളെ വീട്ടിലിരുത്താനേ നിരോധനം ഉപകരിക്കൂവെന്നും തെഹ്‌ലിയ പറഞ്ഞു.

മുഖം മറച്ച രാജസ്ഥാനി സ്ത്രീകള്‍. അവരോട് വോട്ട് ചോദിക്കുന്ന സ്ഥാനാര്‍ത്ഥി. രണ്ട് ദിവസം മുന്‍പ് ടി.വിയില്‍ കണ്ടിരുന്നു ഇത്തരമൊരു രംഗം. പൊടി ശല്യം സഹിക്കാതെ മുഖം പൂര്‍ണ്ണമായും മറച്ചു ബൈക്ക് ഓടിക്കുന്ന സ്ത്രീകളെയും പുരുഷന്മാരെയും കണ്ടിട്ടുണ്ട്. അപ്പോഴൊന്നും കാണാത്ത ആകുലതതയും വ്യാകുലതയുമാണ് മുസ്ലിം സ്ത്രീ പുണ്യം ആഗ്രഹിച്ചു മുഖം മറക്കുമ്പോള്‍ ഉയരുന്നതെന്നും തെഹ്‌ലിയ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ചോദിച്ചു.

ഉരിയല്‍ സ്വാതന്ത്ര്യം ആണെങ്കില്‍ ഉടുക്കല്‍ അവകാശമാണെന്നും തുണിയുരിയാനുള്ള ഡസന്‍ കണക്കിന് സമരങ്ങള്‍ക്ക് കിട്ടിയ പിന്തുണ തുണി ഉടുക്കാനുള്ള പോരാട്ടത്തിനും ലഭിക്കേണ്ടതുണ്ടെന്നുമാണ് ഹഫ്‌സമോള്‍ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നത്.

‘ഇന്ത്യന്‍ ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 19 പ്രകാരം ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം പൗരന് നല്‍കുന്നുണ്ട്. ഭരണ ഘടനയിലെ ആര്‍ട്ടിക്കിള്‍ 25,26 പ്രകാരം ഇഷ്ടമുള്ള മതം സ്വീകരിക്കാനും മതം അനുശാസിക്കുന്നത് പോലെ ജീവിക്കുവാനുമുള്ള അവകാശം പൗരന് നല്‍കുന്നുണ്ട്. അതിനിടെയാണ് ശ്രീലങ്കയിലെ ദൌര്‍ഭാഗ്യകരമായ ഭീകരാക്രമണം നടക്കുന്നത്. രാജ്യ സുരക്ഷയുടെ ഭാഗമായി അവിടെ നിഖാബ് താല്‍കാലികമായി നിരോധിച്ചു. ഒരു രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷ കാര്യത്തില്‍ എടുക്കുന്ന ഒരു സര്‍ജിക്കല്‍ തീരുമാനമെന്ന നിലയില്‍ മുസ്ലിം സമൂഹം അതിനു മൗനാനുവാദം നല്‍കി. പക്ഷെ അതിന്റെ മറ പിടിച്ചു കേരളത്തില്‍ അള്‍ട്രാ സെക്കുലര്‍ ജീവി ചമയാന്‍ ശ്രമിക്കുന്ന ഫസല്‍ ഗഫൂര്‍ ഒപ്പിട്ടു പുറത്തിറക്കിയ സര്‍ക്കുലര്‍ കേരള സമൂഹം കീറി എറിയും എന്ന് തന്നെയാണ് പറയാനുള്ളത്’ ഹഫ്‌സ പറഞ്ഞു.

ഹൈകോടതി വിധിയുടെ നേരിയ പഴുതിലാണ് അദ്ദേഹം സര്‍ക്കുലരിനെ ന്യായീകരിക്കുന്നത്. യൂണിഫോമില്‍ മുഴുവന്‍ കുട്ടികളും അരക്കയ്യന്‍ വസ്ത്രം മാത്രം ധരിക്കാന്‍ പാടുള്ളൂ എന്നും തലമറയ്ക്കാന്‍ പാടില്ലെന്നും പറഞ്ഞു യൂണിഫോം സര്‍ക്കുലര്‍ ഇറക്കിയ സ്‌കൂള്‍ മനെജ്‌മെന്റിനെതിരെ രണ്ട് വിദ്യാര്‍ത്ഥിനികള്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. ഈ കേസ് പരിഗണിക്കവെയാണ് യൂണിഫോമില്‍ മാനെജ്‌മെന്റ് തീരുമാനം അംഗീകരിക്കണം എന്ന മട്ടില്‍ ഹൈകോടതി വിധി പുറപ്പെടുവിക്കുന്നത്. എന്നാല്‍ ആ വിധിക്കെതിരെ അപ്പീല്‍ പോവുകയും അത് കോടതിയുടെ പരിഗണനാവിഷയം ആവുകയും ചെയ്യുന്ന സമയത്താണ് തിടുക്കപ്പെട്ടു ഇങ്ങനെ ഒരു സര്‍ക്കുലര്‍ എം ഇ എസ് മാനേജ്‌മെന്റ് പുറത്തിറക്കുന്നത്. മുസ്ലിം വിഷയങ്ങള്‍ എപ്പോഴും പരമാവധി സെന്‍സേഷന്‍ നല്‍കാറുള്ള കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ ഗ്രഹണി പിടിച്ച കുട്ടിക്ക് ചക്കക്കൂട്ടാന്‍ കിട്ടിയത് പോലെ ആഘോഷിക്കുകയും ചെയ്‌തെന്നും ഹഫ്‌സ കുറ്റപ്പെടുത്തുന്നു.

നിഖാബ് പ്രാകൃത രീതിയാണെന്ന് പറഞ്ഞു പരിഹസിക്കുന്നവര്‍ അമേരിക്കയിലെയും ഇംഗ്ലണ്ട് അടക്കമുള്ള യൂറോപ്പ്യന്‍ രാജ്യങ്ങളിലേയും നിഖാബ് അണിയുന്ന മഹിളകളെ കാണാതെ പോകരുത്. നാടും നഗരവും ശാസ്ത്രവും വളര്‍ന്നിട്ടും ഇപ്പോഴും മുഖാവരണം അണിയുന്നതില്‍ ആശ്വാസം കണ്ടെത്താന്‍ അവര്‍ക്ക് കഴിയുന്നുണ്ടെങ്കില്‍ ഇഷ്ടപ്പെട്ട് നിഖാബ് ധരിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ നമുക്ക് സാധിക്കണം.

സിഖുകാരന് അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ ഭാഗമായി കിര്‍പ്പന്‍ കത്തി അരയില്‍ കൊണ്ടുനടക്കാന്‍ നിയമാനുസൃതമായ പരിരക്ഷയുള്ള നാട്ടില്‍ എന്തിനു നിഖാബ് നിരോധിക്കണം. മനസ്സറിഞ്ഞു നിഖാബ് ധരിക്കുന്നവര്‍ അത് ധരിക്കട്ടെ. അല്ലാത്തവര്‍ അത് ധരിക്കാതിരിക്കട്ടെ.
മുഖാവരണം ധരിച്ചവരുടെ മുഖം കണ്ടേ അടങ്ങൂ എന്നും, മുഖം കാണിച്ചു നടക്കുന്നവളെ നിഖാബ് അണിയിച്ചേ അടങ്ങൂ എന്നും വാശിപിടിക്കാതിരിക്കാമെന്നും ഹഫ്‌സ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞദിവസമാണ് എം.ഇ.എസ് കോളജുകളില്‍ മുഖാവരണം നിരോധിച്ചുകൊണ്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത്.

കോളേജുകളുടെ ആഭ്യന്തര കാര്യങ്ങളില്‍ മാനേജ്‌മെന്റിന് തീരുമാനമെടുക്കാമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. മുസ്ലിം സ്ത്രീകളുടെ മുഖം മറയ്ക്കുന്നത് പുതിയ സംസ്‌കരമാണെന്നും, 99 ശതമാനം മുസ്ലിം സ്ത്രീകളും മുഖം മറയ്ക്കുന്നവരല്ലെന്നും എം.ഇ.എസ് ഫസല്‍ ഗഫൂര്‍ പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more