| Friday, 13th January 2017, 2:24 pm

മിന്നലാക്രമണം നടത്തി 30 ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്ന് ഹാഫിസ് സയിദ്: ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വെറും നാടകമെന്നും ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മു അതിര്‍ത്തിയില്‍ മിന്നലാക്രമണം നടത്തി 30 സൈനികരെ വധിച്ചുവെന്ന അവകാശവാദവുമായി  ജയ്‌ഷെ മുഹമ്മദ് തലവനും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയിദ്.

ജമ്മുവിലെ അഖ്‌നൂരിലെ ക്യാമ്പ് നാല് പേര്‍ ആക്രമിക്കുകയായിരുന്നെന്നും അവിടെയുണ്ടായിരുന്ന 30 സൈനികരെ വധിച്ചുവെന്നും സയിദ് പറയുന്നു.

സൈനിക ക്യാംപില്‍ കടന്ന നാലു യുവാക്കളും ചേര്‍ന്ന് 30 ശത്രു സൈനികരെ ഉന്മൂലനം ചെയ്തശേഷം സുരക്ഷിതരായി മടങ്ങിയെത്തി. നമ്മുടെ യുവാക്കള്‍ക്ക് ഒരു പോറല്‍ പോലും ഏറ്റിരുന്നില്ല. ഇതാണ് യഥാര്‍ഥ മിന്നലാക്രമണം – സയീദ് പറഞ്ഞു

സെപ്റ്റംബറില്‍ ഇന്ത്യ നടത്തിയെന്ന് പറയുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക് നുണയാണെന്നും ലോകരാഷ്ട്രങ്ങളെ കബളിപ്പിക്കാനുള്ള വെറും നാടകമാണെന്നും ഹാഫിസ് സയിദ് ആരോപിക്കുന്നു.

പാക്ക് അധീന കശ്മീരിലെ മുസാഫര്‍ബാദില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരരെ അഭിസംബോധന ചെയ്യുമ്പോഴാണ് ഹാഫിസ് സയീദ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.  അതേസമയം, 30 ഇന്ത്യന്‍ സൈനികരെ വധിച്ചുവെന്ന സയീദിന്റെ വെളിപ്പെടുത്തല്‍ ഇന്ത്യ നിഷേധിച്ചു. 30 സൈനികരെ വധിക്കുന്നത് പോയിട്ട് 30 സൈനികര്‍ക്ക് ഒരു പോറല്‍പോലും വരുത്താന്‍ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.


നിയന്ത്രണരേഖയ്ക്കടുത്ത് അഖ്‌നൂര്‍ സെക്ടറിലെ ബട്ടല്‍ ഗ്രാമത്തില്‍ അര്‍ധരാത്രി ഗ്രെഫ് (ജനറല്‍ റിസര്‍വ് എന്‍ജിനീയറിങ് ഫോഴ്‌സ്) ക്യാംപ് ആക്രമിച്ച ഭീകരര്‍ മൂന്നു നിര്‍മാണത്തൊഴിലാളികളെ വധിച്ചിരുന്നു. അതിര്‍ത്തികടന്നെത്തിയ ഇവര്‍ ആക്രമണത്തിനുശേഷം സ്ഥലംവിടുകയായിരുന്നു. ഈ സംഭവത്തെകുറിച്ചാണ് ഹാഫിസ് സയിദ് പറഞ്ഞതെന്നാണ് സൂചന.

ഈ സംഘത്തില്‍ നാലു പേര്‍ ഉള്ളതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതിര്‍ത്തിമേഖലയില്‍ റോഡ് നിര്‍മാണം നടത്തുന്ന ഗ്രെഫിന്റെ ക്യാംപില്‍ താമസിച്ചിരുന്നവരാണ് അന്ന് കൊല്ലപ്പെട്ട മൂന്നുപേരും.

We use cookies to give you the best possible experience. Learn more