ഹാഫിസ് സഈദിന്റെ ജമാഅത്തുദ്ദഅ്‌വ പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു
Daily News
ഹാഫിസ് സഈദിന്റെ ജമാഅത്തുദ്ദഅ്‌വ പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു
എഡിറ്റര്‍
Sunday, 3rd December 2017, 8:58 am

ഇസ്‌ലാമാബാദ്: 2018ലെ പൊതുതെരഞ്ഞെടുപ്പില്‍ ജമാഅത്തുദ്ദഅ്‌വ മത്സരിക്കുമെന്ന് ഹാഫിസ് സഈദ്. മില്ലി മുസ്‌ലിം ലീഗിന്റെ ബാനറിലാണ് നിരോധിത സംഘടനയായ ജമാഅത്തുദ്ദഅ്‌വ തെരഞ്ഞടുപ്പ് രംഗത്തെത്തുന്നത്.

ഛബുര്‍ജിയിലെ ജമാഅത്തുദ്ദഅ്‌വ ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സഈദ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തിയത്. 2018 കശ്മീരില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവര്‍ക്ക് കൂടി സമര്‍പ്പിക്കുന്നുവെന്നും സഈദ് പറഞ്ഞു.

ജനുവരി മുതല്‍ വീട്ടു തടങ്കലിലായിരുന്ന ഹാഫിസ് സഈദ് നവംബര്‍ 24ന് സ്വതന്ത്രനായിരുന്നു. ലാഹോറില്‍ തടങ്കലിലായിരിക്കെയാണ് സഈദ് മില്ലി മുസ്‌ലിം ലീഗ് രൂപീകരിച്ചിരുന്നത്. 2008 മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരനായ സഈദിനെയും ജമാഅത്തുദ്ദഅ്‌വയെയും യു.എന്‍ സുരക്ഷാ കൗണ്‍സിലും അമേരിക്കയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഭീകരപട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സഈദ് പരാതി നല്‍കിയിരുന്നു. പാകിസ്ഥാനിലെ പ്രമുഖനായ അഭിഭാഷകന്‍ മുഖേനയായിരുന്നു സഈദ് ഐക്യരാഷ്ട്രയെ സമീപിച്ചിരുന്നത്.