ന്യൂദല്‍ഹി: ഇന്ത്യക്കെതിരെ ഭീഷണിയുമായി ജമാഅത്തുദ്ദഅ്‌വ നേതാവ് ഹാഫിസ് സഈദ്. പെഷവാറിലെ തീവ്രവാദി ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണെന്നും ഇതിന് പ്രതികാരം വീട്ടുമെന്നുമാണ് പാകിസ്താന്‍ ദേശീയ ചാനലിലൂടെ ഹാഫിസ് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്‌കൂളിനെതിരായുള്ള ആക്രമണത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ നടുക്കം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 2008 ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരനായ സഈദിന്റെ പ്രതികരണം.
സമാനമായ രീതിയില്‍ നിരവധി തവണ ഹാഫിസ് ഇന്ത്യക്കെതിരെ ഭീഷണി മുഴക്കിയിരുന്നു. 2012ല്‍ യു.എസ് സര്‍ക്കാര്‍ 10 മില്ല്യന്‍ ഡോളര്‍ വിലയിട്ടിരിക്കുന്ന ഈ വിലയേറിയ ഭീകരന്‍ വളരെ നിര്‍ഭയനായാണ് പാകിസ്താനില്‍ റാലികളിലും പൊതു വേദികളിലും പ്രത്യക്ഷപ്പെടുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് ഇദ്ദേഹത്തിന്റെ അനുയായികള്‍ക്ക് സഞ്ചരിക്കാനായി പാകിസ്താനില്‍ പ്രത്യേക ട്രെയിന്‍ സംവിധാനവും സര്‍ക്കാര്‍ ഒരുക്കിയിരുന്നു.
ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ദോവല്‍ കഴിഞ്ഞ ദിവസം പാകിസ്താന്‍ പ്രതിനിധിയെ കാണുകയും മുഴുവന്‍ പിന്തുണയും ഉറപ്പാക്കുകയും ചെയ്തിരുന്നു. ഇത് കൂടാതെ രാജ്യത്തെ സ്‌കൂളുകളില്‍ 2 മിനിറ്റ് മൗനാചരണവും സംഘടിപ്പിച്ചിരുന്നു.