| Saturday, 4th December 2021, 10:40 pm

ലീഗ് ഇല്ലെങ്കില്‍ സമസ്തയും, മുജാഹിദും ഇവിടെ ഉണ്ടാകില്ല, പിന്നല്ലേ കാന്തപുരം: ഷാഫി ചാലിയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം ലീഗ് ഇല്ലെങ്കില്‍ സമസ്തയും മുജാഹിദും ഇവിടെ ഉണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. ലീഗ് പോരാടി നേടിയ ഭരണഘടനാ സംരക്ഷണത്തിന്റെ പുറത്താണ് സുന്നിയും മുജാഹിദും മറ്റ് സംഘടനകളുമൊക്കെ ഇവിടെ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ നിര്‍മാണത്തില്‍ പങ്കാളിയായ ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് മതസംഘടനകള്‍ ഇന്ന് അനുഭവിക്കുന്ന സ്വതന്ത്ര്യമെന്നും അദ്ദേഹം പറഞ്ഞു.

‘ലീഗ് ഇല്ലെങ്കില്‍ സമസ്തയും, മുജാഹിദും ഇവിടെ ഉണ്ടാവില്ല. പിന്നല്ലേ കാന്തപുരം’ എന്ന ക്യാപ്ഷനില്‍ ഷാഫി ചാലിയം എന്ന് പേരിലുള്ള യൂട്യൂബ് ചാനലില്‍ പങ്കുവെച്ച പ്രസംഗത്തിന്റെ ഭാഗം അദ്ദേഹം തന്നെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.

ആദ്യം ലീഗാണോ, സുന്നിയാണോ, മുജാഹിദാണോ എന്ന ചോദ്യക്കാരോട്. നിങ്ങള്‍ ഈ കൊണ്ടുനടക്കുന്ന സ്വാതന്ത്ര്യം ഭരണഘടനാ സംരക്ഷണത്തിലൂടെയാണ് കിട്ടിയത്.

ഭരണഘടന തയ്യാറാക്കുമ്പോള്‍ ഇഷ്ടമുള്ള മതം സ്വീകരിക്കാനും വര്‍ജിക്കാനുമുള്ള അവകാശം എന്ന ഭാഗം വന്നപ്പോള്‍ ഇസ്മായില്‍ സാഹിബ് ഇടപെട്ടാണ് പ്രബോധനം എന്ന ഭാഗം എഴുതിച്ചേര്‍ത്തത്.

അന്ന് ലീഗ് അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ ഇന്ന് നാട്ടില്‍ വഅള്(മത പ്രഭാഷണം) നടക്കില്ലായിരുന്നെന്നും മദ്‌റസകള്‍ ഉണ്ടാകില്ലായിരുന്നെന്നും ഒരു സംഘടനയും മഹാസമ്മേളനങ്ങള്‍ സംഘടിപ്പിക്കില്ലായിരുന്നെന്നും പ്രസംഗത്തില്‍ പറയുന്നു.

മുസ്‌ലിം ലീഗ് പോരാടി നേടിയ ഭരണഘടന സംരക്ഷണത്തിന് പുറത്താണ് സുന്നിയും മുജാഹിദുമൊക്കെയുണ്ടായത്. ലീഗ് ഈ അവകാശങ്ങള്‍ നേടിയെടുത്തില്ലായിരുന്നെങ്കില്‍ മത സംഘടനകളുടെ ഗതി എന്താകുമെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ഇവിടെ നിലനില്‍ക്കണമെന്നും ലീഗുണ്ടായാലേ സുന്നിയും മുജാഹിദുമൊക്കെ ഇവിടെയൊള്ളുവെന്നും അദ്ദേഹം പ്രസംഗത്തില്‍ പറയുന്നു.

CONTENT HIGHLIGHTS: Shafi Chaliyam said that without the Muslim League, Samastha and Mujahid would not be here

We use cookies to give you the best possible experience. Learn more