| Friday, 7th August 2020, 8:07 am

വ്യാപക നാശം വിതച്ച് വടക്കന്‍ ജില്ലകളില്‍ രാത്രിമഴ; നിലമ്പൂരില്‍ അതീവ ജാഗ്രതാ നിര്‍ദേശം; കോഴിക്കോട് രണ്ടിടത്ത് ഉരുള്‍പൊട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയില്‍ വ്യാപക നാശനഷ്ടം. കോഴിക്കോട് ജില്ലയില്‍ രണ്ടിടത്ത് കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായി. ആളപായമുണ്ടായിട്ടില്ലെങ്കിലും പല പ്രദേശങ്ങളും ഒറ്റപ്പെട്ടു.

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ മേഖലയില്‍ രണ്ട് പ്രളയകാലത്തും കനത്ത നാശനഷ്ടങ്ങളുണ്ടായതിനാല്‍ പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

നിലമ്പൂര്‍- ഗൂഡല്ലൂര്‍ അന്തര്‍ ദേശീയ പാതയില്‍ വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗാതഗതം തടസ്സപ്പെട്ടു. കരിമ്പുഴ നിറഞ്ഞൊഴുകിയതോടെ കരുളായി, നെടുങ്കയം കോളനി നിവാസികളെ പുള്ളിയില്‍ സ്‌കൂളിലാരംഭിച്ച ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.

വയനാട് വൈത്തിരിയില്‍ കനത്ത മഴ തുടരുന്നതും ചാലിയാര്‍ പുഴയില്‍ ശക്തിയേറിയ മഴവെള്ളപാച്ചിലിന് കാരണമായിട്ടുണ്ട്.

നിലമ്പൂരില്‍ കഴിഞ്ഞ ദിവസം മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ കൂടി തുടങ്ങിയതോടെ നിലവില്‍ ക്യാംപുകളുടെ എണ്ണം ആറായി. 74 കുടുംബങ്ങളിലെ 300ലധികം പേരെയാണ് ആറു ക്യാപുകളിലേക്കായി മാറ്റിയിട്ടുള്ളത്.

കോഴിക്കോട് ജില്ലയില്‍ ഇന്നലെ രാത്രി പാന വനത്തില്‍ ഉരുള്‍പൊട്ടിയതോടെ വിലങ്ങാട് പ്രദേശത്ത് വെള്ളം കയറിയിട്ടുണ്ട്. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് വിലങ്ങാട് അടിച്ചിപ്പാറ-മഞ്ഞച്ചീലി പ്രദേശങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

ഇതോടെ കുറ്റ്യാടി, വാണിമേല്‍ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പ്രദേശത്ത് താമസിക്കുന്നവരോട് ബന്ധു വീടുകളിലേക്ക് മാറാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

കോടഞ്ചേരി ചാലിപ്പുഴയിലും രാത്രിയിലെ മഴയില്‍ ശക്തമായ മഴവെള്ളപ്പാച്ചിലാണുണ്ടായത്. വനത്തിലെ ഉരുള്‍പ്പൊട്ടലാവാം മഴവെള്ളപ്പാച്ചിലിന് കാരണമെന്നാണ് കരുതുന്നത്. ചെമ്പുകടവ്, പറപ്പറ്റ തുടങ്ങിയ പ്രദേശത്ത് പുഴകരകവിഞ്ഞൊഴുകിയതിനാല്‍ പ്രദേശവാസികളെ മാറ്റി പാര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. തുടര്‍ന്ന് കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവ് ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാംപ് ആരംഭിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ മുക്കം, മാവൂര്‍ പ്രദേശത്ത് ഇത്തവണയും വെള്ളം കയറി. ഇരുവഞ്ഞി പുഴയിലും, ചാലിയാര്‍ പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. കാരശ്ശേരി, കൂടരഞ്ഞി പഞ്ചായത്തുകളിലും പലയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more