| Tuesday, 14th November 2017, 1:22 pm

ദേശീയ വനിതാകമ്മീഷന് സന്ദര്‍ശനാനുമതി നല്‍കിയ ഹാദിയയുടെ അച്ഛന്‍ സംസ്ഥാനവനിതാകമ്മീഷനെ തടയുന്നു; വിമര്‍ശനവുമായി എം.സി ജോസഫൈന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഹാദിയ വിഷയത്തില്‍ ദേശീയ വനിതാകമ്മീഷന്റെ വാദങ്ങള്‍ തള്ളി സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. കമ്മീഷന്റെ കണ്ടെത്തല്‍ പോലെ ഹാദിയ സുരക്ഷിതയാണെങ്കിലും സന്തോഷവതിയല്ലെന്നും ഹാദിയക്ക് സന്തോഷം നല്‍കേണ്ടത് കുടുംബമാണെന്നും തിരുവനന്തപുരത്ത് വാര്‍ത്തസമ്മേളനത്തിനിടെ അവര്‍ പറഞ്ഞു.

ഹാദിയെ സന്ദര്‍ശിക്കാന്‍ സംസ്ഥാന വനിതാകമ്മീഷനെ ഹാദിയയുടെ അച്ഛന്‍ അശോകന്‍ അനുവദിക്കുന്നില്ല. എന്നാല്‍ അതേസമയം ഹാദിയയെ സന്ദര്‍ശിക്കാന്‍ ദേശീയ വനിത കമ്മിഷനെ അനുവദിച്ചു. സുരക്ഷാ പ്രശ്‌നത്തിന്റെ പേര് പറഞ്ഞാണ് കമ്മീഷന് അശോകന്‍ അനുമതി നിഷേധിക്കുന്നത്.രേഖാ ശര്‍മ സന്ദര്‍ശിച്ചപ്പോള്‍ ഇല്ലാത്ത എന്ത് സുരക്ഷാപ്രശ്‌നമാണ് സംസ്ഥാന കമ്മിഷന്‍ സന്ദര്‍ശിച്ചാല്‍ ഉണ്ടാവുകയെന്നും ജോസഫൈന്‍ ചോദിച്ചു.

ഹാദിയയുടെ പിതാവിന് ഇഷ്ടമുള്ളവരെ മാത്രമാണോ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്നതെന്നും ഇത് സംശയമുണ്ടാക്കുന്ന നിലപാടാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഹാദിയയുടെ കാര്യത്തില്‍ 27ന് ശേഷം ഈ നില തുടരാനാവില്ലന്നും ജോസഫൈന്‍ പറഞ്ഞു.


Also Read മന്ത്രിക്ക് സര്‍ക്കാരിനെതിരെ കേസ് കൊടുക്കാന്‍ കഴിയുമോ? ഇത് വിശദീകരിച്ചിട്ടുമതി വാദം; തോമസ് ചാണ്ടിയുടെ ഹരജിയുടെ സാധുത ചോദ്യം ചെയ്ത് ഹൈക്കോടതി


കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നു എന്ന ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശത്തിനെതിരെ ജോസഫൈന്‍ മുമ്പ് രംഗത്തെത്തിയിരുന്നു.കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്നും രേഖാ ശര്‍മയുടെ പരാമര്‍ശം കേരളത്തിലെ സാഹചര്യം മനസിലാക്കാതെയാണെന്നും ജോസഫൈന്‍ വ്യക്തമാക്കിയിരുന്നു.

ഹാദിയ വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം അനൗചിത്യമാണെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന പരാമര്‍ശം രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തിയാണോയെന്ന് സംശയിക്കുന്നതായും അവര്‍ പറഞ്ഞിരുന്നു.

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നായിരുന്ന ഹാദിയയെ വീട്ടിലെത്തി സന്ദര്‍ശിച്ചതിന് പിന്നാലെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞത്. ഹാദിയ സുരക്ഷിതയാണെന്നും കോടതിയില്‍ നിലപാട് വ്യക്തമാക്കാന്‍ ഹാദിയ കാത്തിരിക്കുയാണെന്നും രേഖാ ശര്‍മ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more