| Friday, 26th May 2017, 12:38 pm

മുസ്‌ലിമായി ജീവിക്കാന്‍ വേറെ എവിടെയും പോകേണ്ടതില്ല ; മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് ഹാദിയയുടെ കത്തുകള്‍; സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഷഫീന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മതം മാറിയതിനുശേഷമുള്ള വിവാഹം അസാധുവാക്കിയ കേരള ഹൈക്കോടതി നടപടിക്കെതിരെ ദമ്പതികള്‍ സുപ്രീംകോടതിയിലേക്ക്. കൊല്ലം സ്വദേശിയായ ഷെഫീനും വൈക്കം സ്വദേശിയായ ഹാദിയയുമാണ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

ഹൈക്കോടതി വിധി ഭരണഘടനാപരമായി അനുവദിച്ചു കിട്ടിയ അവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റമാണെന്ന് ഹാദിയയുടെ ഭര്‍ത്താവ് ഷഫീന്‍ പറയുന്നു.

ഹാദിയ സ്വന്തം ഇഷ്ടപ്രകാരമാണ് മുസ്‌ലിം മതത്തിലേക്ക് വന്നത്. ആരും നിര്‍ബന്ധിച്ചിട്ടല്ലായിരുന്നു. ഇത് പലതവണ അവള്‍ കോടതിയില്‍ വ്യക്തമാക്കിയതുമാണ്. പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം മതം തെരഞ്ഞെടുക്കാനും ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാനുമുള്ള അവകാശം ജനാധിപത്യ ഇന്ത്യയില്‍ ഇല്ലേയെന്നും ഷഫീന്‍ ചോദിക്കുന്നു.


Dont Miss ‘ഇറങ്ങിപ്പോകൂ, റിപ്പബ്ലിക്ക് പോലുള്ള ദേശവിരുദ്ധ ചാനലുകളോട് ഞാന്‍ സംസാരിക്കില്ല’; ‘അയ്യര്‍ ദി ഗ്രേറ്റാ’യി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ 


ഡിസംബര്‍ 19ന് തങ്ങളുടെ വിവാഹം കഴിഞ്ഞതിനുശേഷം പിതാവ് നല്‍കിയ കേസിന്റെ ഭാഗമായി കോടതിയിലെത്തിയ ഹാദിയയോട് ഹോസ്റ്റലില്‍ മാറി താമസിക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞ 156 ദിവസമായി ഹാദിയയെ കാണാനോ സംസാരിക്കാനോ ഉള്ള അവസരം തനിക്ക് നിഷേധിക്കുകയാണ്. ഹാദിയ ഹോസ്റ്റലില്‍ ഇപ്പോള്‍ ഉണ്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് പോലും തനിക്ക് ധാരണയില്ലെന്നാണ് ഷഫീന്‍ പറയുന്നത്.

കേസിന്റെ ആദ്യ ഘട്ടങ്ങളില്‍ ഹാദിയയും കോടതിയില്‍ ഹാജരായിരുന്നെങ്കിലും ഇന്നലെ വിധി വന്നപ്പോള്‍ ഹാദിയ കോടതി മുറിയിലുണ്ടായിരുന്നില്ല. ഇതില്‍ വലിയ ആശങ്കയുണ്ടെന്ന് ഷഫീന്‍ പറയുന്നു.

തുടക്കം മുതല്‍ തന്നെ ഈ കേസില്‍ ആര്‍.എസ്.എസിന്റേയും വി.എച്ച്.പിയുടേയും ഇടപെടല്‍ ഉണ്ടായിരുന്നു. അവരുടെ കൈയ്യിലാണ് ഹാദിയയുടെ പിതാവും. രണ്ടാഴ്ച്ച മുന്‍പ് ഞാനൊരു തീവ്രവാദിയാണ് യെമനിലും സിറിയയിലും ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടെന്ന് കാണിച്ച് പരാതിപ്പെട്ടിട്ടുണ്ടെന്നും ഷഫീന്‍ പറയുന്നു. ഞങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുന്നു. ഭരണഘടന അനുവദിച്ചു തന്ന സ്വാതന്ത്ര്യം നേടിയെടുക്കാന്‍ നിശ്ചയമായും പോരാടുമെന്നും ഷഫീന്‍ പറഞ്ഞു.

എറണാകുളത്ത് സ്വകാര്യ ഹോസ്റ്റലില്‍ നില്‍ക്കുന്ന സമയത്ത് തന്നെ ഹാദിയ നിരവധി കത്തുകള്‍ പിതാവ് അശോകനും, ഹൈക്കോടതി ജഡ്ജിനും എഴുതിയിട്ടുണ്ട്.

താന്‍ ഒരു ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും പോകില്ലെന്നും അങ്ങനെ ചിന്തിക്കുന്നത് പോലും തന്റെ വിശ്വാസത്തിന് എതിരാണെന്നും നമ്മുടെ രാജ്യത്ത് തന്നെ ജീവിച്ച് നമ്മുടെ രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിച്ച് ജീവിക്കുമെന്നും ഹാദിയ പറയുന്നുണ്ട്.


Dont Miss ഡി.ഐ.ജിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിച്ച സംഭവം; മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി അര്‍ച്ചന 


“നിങ്ങളെ സംബന്ധിച്ചിടത്തോളം താനെടുത്തത് ഒരു തെറ്റായ തീരുമാനമായിരിക്കാമെന്നും പക്ഷേ എനിക്കങ്ങനെയല്ല. പാസ്പോര്‍ട്ട് പോലും ഇല്ലാത്ത എനിക്ക് എങ്ങനെ വിദേശ രാജ്യങ്ങളിലേക്ക് കടക്കാന്‍ കഴിയും” എന്നും ഹാദിയ കത്തില്‍ അച്ഛനോട് ചോദിക്കുന്നു.

“ഒരു മുസ്‌ലിമിനെ പോലെ ജീവിക്കാന്‍ എനിക്ക് വിദേശത്തേക്ക് പോകേണ്ടതില്ല. കേരളത്തില്‍ അതിന് തടസ്സമില്ല എന്നാണ് ഞാന്‍ കരുതുന്നത്. എന്നിട്ടും നിങ്ങള്‍ തുടര്‍ച്ചയായി പരാതിപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കില്‍ അത് എന്നോടുള്ള ക്രൂരത കൂടിയാണ്.”

2016 ഒക്ടോബര്‍ 19നാണ് ഹാദിയ ഈ കത്ത് എഴുതിയിരിക്കുന്നത്. ഷഫിനും ഹാദിയയും തമ്മില്‍ കാണുന്നതിനും വിവാഹം ചെയ്യുന്നതിനും മുമ്പാണ് ഇത്. അതുകൊണ്ട് തന്നെ ആറ് പേജുള്ള കത്തിന്റെ ഒരു ഭാഗത്തും ഷഫീനെയോ വിവാഹത്തെയോ കുറിച്ച് പറയുന്നില്ല. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം മതം മാറിയതിന്റെ പേരില്‍ തന്നെ രാജ്യദ്രോഹിയാക്കുന്ന തരത്തിലുള്ള അച്ഛന്റെ നടപടികളോട്, വളരെ വേദനയോടെയാണ് ഹാദിയ പ്രതികരിച്ചിരിക്കുന്നത്.

എന്തിനാണ് എന്നെയിങ്ങനെ വിഷമിപ്പിക്കുന്നതെന്നാണ് “അച്ഛായി” എന്ന് അഭിസംബോധനം ചെയ്തുകൊണ്ട് എഴുതിയിരിക്കുന്ന കത്തിലുടനീളം ഹാദിയ ആവര്‍ത്തിക്കുന്ന ചോദ്യം. “”ഇനിയും അച്ഛായി പരാതി കൊടുക്കുകയാണെങ്കില്‍ വലിയ ക്രൂരത തന്നെയാണ് അച്ഛായീ..”” ഹാദിയ എഴുതുന്നു..

“”നിങ്ങളുടെ കാഴ്ചപ്പാടില്‍ ഞാന്‍ ചെയ്ത തെറ്റ് ഏകദൈവ വിശ്വാസി ആയി എന്നത് മാത്രമാണ്. നിങ്ങളുടെ ആ തെറ്റ് എന്റെ ശരിയും ആണ്. കേസ് കൊടുത്തതിനെ തുടര്‍ന്ന് നാല് ജീപ്പ് പൊലീസുകാരാണ് അന്വേഷിച്ച് വന്നത്. ആ സമയത്ത് അവിടെ ഇല്ലാതിരുന്നതുകൊണ്ട് അപ്പോള്‍ അവരോടൊപ്പം പോകേണ്ടിവന്നില്ല. പഠിച്ചിരുന്ന സ്ഥാപനത്തില്‍ നിന്നും അച്ഛന്‍ വാങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഹൌസ് സര്‍ജന്‍സിയും പീജി പഠനവും നീണ്ടുപോവുകയാണ്. തന്നെ അപമാനിക്കുന്നതോടൊപ്പം സഹായിക്കുന്നവരെക്കൂടി ബുദ്ധിമുട്ടിക്കുകയാണ്..കരുതല്‍ തടങ്കലില്‍ താന്‍ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചും ഹാദിയ കത്തില്‍ പറയുന്നുണ്ട്.

ഹാദിയ മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ തന്റെ അച്ഛനോടൊപ്പവും അച്ഛന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്കൊപ്പവും ചില പൊലീസ് ഉദ്യോഗസ്ഥര്‍ പോലും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോപിക്കുന്നുണ്ട്. അച്ഛനെ ഉപയോഗിച്ച് ഹിന്ദുത്വ ശക്തികള്‍ തന്നെ വധിക്കാന്‍ പോലും മടിക്കില്ലെന്നും കത്തില്‍ യുവതി പറയുന്നുണ്ട്.
2015ലാണ് വൈക്കം സ്വദേശിയായ അഖില വീട് വിട്ടിറങ്ങി ഇസ്‌ലാം മതം സ്വീകരിച്ച് ഹാദിയ എന്ന പേര് സ്വീകരിച്ചത്. തുടര്‍ന്ന് മഞ്ചേരിയിലെ സത്യസരണിയില്‍ എത്തി മത പഠനം നടത്തി.

ഇതിന് പിന്നാലെ ഹോമിയോഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കി ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന തന്റെ മകളെ കാണാതായെന്ന് കാണിച്ച് 2016 ല്‍ യുവതിയുടെ പിതാവ് അശോകന്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് യുവതി സ്വന്തം താത്പര്യപ്രകാരമാണ് വീട് വിട്ടിറങ്ങിയതെന്ന് കോടതിയെ ബോധിപ്പിച്ചു.

ഹാദിയയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോട്ടക്കല്‍ സൈനബ എന്ന സ്ത്രീയുടെ കൂടെ താമസിക്കാന്‍ യുവതിയ്ക്ക് കോടതി അനുമതി നല്‍കുകയുംചെയ്തു. ഇതിന് ശേഷം മകളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തെന്നാരോപിച്ച പിതാവ് അശോകന്‍ വീണ്ടും കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു.

തുടര്‍ന്ന് 37 ദിവസം ഹാദിയ കസ്റ്റഡിയില്‍ കഴിഞ്ഞു. ആഗസ്തില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്നാണ് ഹാദിയ വീണ്ടും സ്വതന്ത്രയാക്കപ്പെട്ടത്. ഇതിനുശേഷമാണ് കൊല്ലം സ്വദേശി ഷഫീന്‍ ജഹാനും ഹാദിയയും തമ്മില്‍ നേരില്‍കാണുന്നതും പരിചയപ്പെടുന്നതെന്നും ഷഫീന്‍ പറയുന്നു. വേ ടു നിക്കാഹ് മാട്രിമോണിയല്‍ സെറ്റിലാണ് ഹാദിയയുടെ പ്രൊഫൈല്‍ കാണുന്നത്. നേരിട്ട് കണ്ട് പരിചയപ്പെട്ടതിനു ശേഷമായിരുന്നു വിവാഹമെന്നും ഷെഫീന്‍ പറയുന്നു.

ഡിസംബര്‍ 19 ന് മതപരമായ ചടങ്ങുകള്‍ നടത്തി കോട്ടക്കല്‍ പുത്തൂര്‍ ജുമാ മസ്ജിദ് ഖാദിയുടെ കാര്‍മ്മികത്വത്തിലാണ് ഇരുവരുടെയും വിവാഹം നടത്തിയത്. ഹാദിയ കോടതി അനുമതി പ്രകാരം താമസിക്കുന്ന സൈനബ എന്ന സ്ത്രീയുടെ വീട്ടില്‍വച്ച് തന്നെയാണ് വിവാഹം നടത്തിയത്. വിവാഹം മാര്യേജ് ആക്ട് പ്രകാരം കോട്ടക്കല്‍ ഒതുങ്ങല്‍ പഞ്ചായത്തില്‍ ഡിസംബര്‍ 20ന് രജിസ്റ്റര്‍ ചെയ്തു.

ഹാദിയയുടെയും കൊല്ലം സ്വദേശി ഷഫീന്‍ ജഹാന്റെയും വിവാഹം ബുധനാഴ്ചയാണ് ഹൈക്കോടതി റദ്ദ് ചെയ്തത്. ഹേബിയസ് കോര്‍പസ് നിലനില്‍ക്കുന്നു, വിവാഹത്തിന് മാതാപിതാക്കളുടെ സാന്നിധ്യമില്ലായിരുന്നു എന്നീ കാരണങ്ങളാണ് വിവാഹം റദ്ദ് ചെയ്യാനായി കോടതി ചൂണ്ടിക്കാട്ടിയത്. വിധിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്. “ജസ്റ്റിസ് ഫോര്‍ ഹാദിയ” എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഹാഷ്ടാഗുകളും സജീവമായിട്ടുണ്ട്.

യുവതിയെ ഐ.എസി.ലേക്ക് കടത്തികൊണ്ടുപോകാന്‍ ശ്രമം നടക്കുന്നുണ്ടെന്ന പിതാവിന്റെ പരാതിയില്‍ വിശദമായ അന്വേഷണം വേണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

We use cookies to give you the best possible experience. Learn more