കോഴിക്കോട്: കേരളത്തില്‍ തന്നെ സമാധാനപൂര്‍ണ്ണമായി ജീവിക്കാനാണ് ആഗ്രഹമെന്ന് ഹാദിയ. ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഹാദിയ ഇക്കാര്യം പറഞ്ഞത്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍താന്‍ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. അത് വേണ്ടവിധത്തില്‍ സമൂഹം ചര്‍ച്ച ചെയ്തിട്ടുണ്ടോ എന്ന സംശയം തനിക്ക് ഉണ്ടെന്നും ഹാദിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നാളെ കോളേജിലേക്ക് തിരിച്ചു പോകുമെന്നും പഠനം തുടരുമെന്നും ഹാദിയ പറഞ്ഞു. അതേസമയം അഖില എന്ന പേര് ഹാദിയ എന്നു നിയമപരമായി മാറ്റിയിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു വ്യക്തമായ മറുപടി നല്‍കാന്‍ ഹാദിയയ്ക്കു കഴിഞ്ഞില്ല. ഇസ്‌ലാമിലേക്കു മാറി എന്നതിനുള്ള സര്‍ട്ടിഫിക്കറ്റില്‍ ഹാദിയ എന്ന പേരാണ് ഉള്ളതെന്നാണ് ഹാദിയ പറഞ്ഞത്. തന്നെ സഹായിച്ചവര്‍ക്കും തനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും ഹാദിയ വാര്‍ത്താസമ്മേളനത്തില്‍ നന്ദി പറഞ്ഞു.
ഹാദിയ പറഞ്ഞ മറ്റു കാര്യങ്ങള്‍:
“സത്യവാങ്മൂലം സമര്‍പ്പിച്ചത് ആരെയും കുറ്റപ്പെടുത്താനോ ബുദ്ധിമുട്ടിപ്പിക്കാനോ അല്ല. ഞാന്‍ രക്ഷപ്പെട്ടുവെന്നാണ് കരുതുന്നത്. എന്നാല്‍ നാളെ ഇനിയൊരാള്‍ക്കും ഈ അവസ്ഥ ഉണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് 26 വയസായി. 24 വയസുമുതലുള്ള രണ്ടുവര്‍ഷം ജീവിതത്തില്‍ നിന്നും ഇല്ലാതായി എന്നത് വലിയ കാര്യമാണ്. സന്തോഷത്തോടെ ജീവിക്കേണ്ട പ്രായമാണ് അത്.
ഇപ്പോള്‍ ഞാന്‍ സന്തോഷവതിയാണ്. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. എനിക്ക് ശരിയെന്ന് തോന്നിയത് മാത്രമേ ചെയ്തിട്ടുള്ളൂ. ഇഷ്ടപ്പെട്ട മതവും ഇഷ്ടപ്പെട്ട ജീവിതപങ്കാളിയേയും തെരഞ്ഞെടുക്കാനുള്ള അവകാശം ഭരണഘടന നല്‍കിയിട്ടുണ്ട്. ഇതിന്റെ പേരില്‍ ഒരാളെ രണ്ടുവര്‍ഷത്തോളം പൂട്ടിയിടുന്ന അവസ്ഥ ഇന്ത്യയില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്.
മാതാപിതാക്കളോട് ഞാന്‍ ചെയ്തത് ശരിയായില്ലെന്നും അവരോട് മോശമായാണ് ഞാന്‍ പെരുമാറുന്നതെന്നുമെല്ലാം സമൂഹമാധ്യമങ്ങളില്‍ പലരും പറയുന്നതായി അറിഞ്ഞു. എന്റെ മാതാപിതാക്കള്‍ എനിക്ക് പ്രിയപ്പെട്ടവരാണ്, ഞാന്‍ അവര്‍ക്കും. അവരില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഞാന്‍ വിവാഹത്തിനു വേണ്ടിയല്ല മതം മാറിയത്. എനിക്ക് ശരിയെന്നു തോന്നിയ വിശ്വാസത്തിലേക്ക് മാറുകയാണ് ചെയ്തത്.
അച്ഛനും അമ്മയും പ്രവര്‍ത്തിക്കുന്നത് എനിക്ക് വേണ്ടിയാണെങ്കിലും അവര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. അച്ഛന്‍ ആരുടെ പിടിയിലാണെന്ന് എനിക്ക് മനസിലായിട്ടുണ്ട്. അച്ഛനെ അവര്‍ ഉപയോഗപ്പെടുത്തുകയാണ്. അവരുടെ രാഷ്ട്രീയ നിലപാടുകള്‍ വിജയിപ്പിക്കാന്‍ വേണ്ടി അച്ഛനെ ഉപയോഗിക്കുകയാണ്.
ഇസ്‌ലാമിനെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട് ജീവിക്കാനാണ് ആഗ്രഹം. ഞാന്‍ നഷ്ടപരിഹാരം ചോദിച്ചത് മാതാപിതാക്കളോട് അല്ല. എനിക്ക് അറിയാവുന്ന എന്റെ അച്ഛനും അമ്മയുമായി അവര്‍ നിന്നിരുന്നെങ്കില്‍ എന്നെ ഒരിക്കലും ഈ അവസ്ഥയില്‍ കൊണ്ടെത്തിക്കില്ലായിരുന്നു. അവരെ ചിലര്‍ ഉപയോഗപ്പെടുത്തുകയാണ്. ഞാന്‍ ചോദിക്കുന്നത് സര്‍ക്കാരിനോടാണ്. എന്റെ പേരില്‍ ഇനി വിവാദങ്ങള്‍ ഉണ്ടാക്കരുത്.
കേസ് നടത്താന്‍ ചില സംഘടനകള്‍ പണം പിരിച്ച് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരു സംഘടനയുടേയും പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. രാഹുല്‍ ഈശ്വറിനെതിരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. സത്യവാങ്മൂലത്തില്‍ പറഞ്ഞ കാര്യങ്ങളൊന്നും ഞാന്‍ പിന്‍വലിച്ചിട്ടില്ല. ജഡ്ജി പറഞ്ഞിട്ടാണ് വന്നത് എന്നാണ് കൗണ്‍സിലിങ് ചെയ്യാന്‍ എത്തിയവര്‍ പറഞ്ഞത്.”
ചിത്രങ്ങള്‍ കാണാം: