| Wednesday, 25th October 2017, 8:22 am

മനുഷ്യാവകാശ ലംഘനത്തിനെതിരെ പരാതി; ഹാദിയയുടെ മൊഴിയെടുക്കാനാവില്ലെന്ന് പൊലീസിന് നിയമോപദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: വീട്ടു തടങ്കലില്‍ കഴിയുന്ന വൈക്കം സ്വദേശിനി ഡോ. ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയാണെന്ന് ചൂണ്ടി കാട്ടി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി തങ്ങള്‍ നല്‍കിയ പരാതിയില്‍ ഹാദിയയുടെ മൊഴിയെടുക്കാനാവില്ലെന്ന് പൊലീസിന് നിയമോപദേശം.

കോട്ടയത്ത് നടന്ന മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിങ്ങില്‍ ജില്ലാ പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യകതമാക്കിയത്. മുനവ്വറലി ശിഹാബ് തങ്ങള്‍ നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മുമ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

ഹാദിയയെ വിവാഹം കഴിച്ച ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹരജി സുപ്രീംകോടതിയുടെ സജീവ പരിഗണനയിലായതിനാലാണ് മൊഴിയെടുക്കാന്‍ കഴിയാത്തതെന്നാണ് അഡ്വക്കറ്റ് ജനറല്‍ ഓഫിസിലെ സീനിയര്‍ ഗവ. പ്ലീഡര്‍ ഡി. നാരായണന്‍ നല്‍കിയ നിയമോപദേശം.


Also read ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടാടുമ്പോള്‍


ഹാദിയക്ക് പൊലീസിന്റെ ഭാഗത്തുനിന്നും ഹാദിയയുടെ പിതാവ് അശോകനില്‍നിന്നും മനുഷ്യാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്ന് ജില്ല പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിലുണ്ട്.

കേസ് സുപ്രിം കോടതിയുടെ സജീവ പരിഗണനയിലിരിക്കെ പൊലീസിന്റെയും മറ്റ് അധികാരികളുടെയും ഭാഗത്തുനിന്ന് ഹാദിയയുടെ മൊഴിയെടുക്കാന്‍ ശ്രമിച്ചാല്‍ നിയമപരമായി പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.

കേസില്‍ വ്യക്തി പരമായ കാരണങ്ങളാല്‍ പരാതിക്കാരനായ മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് സിറ്റിങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് മുന്‍കൂട്ടി കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് പരാതിക്കാരനുവേണ്ടി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.ജി. മുഹമ്മദ് ഹാജരായി.
.

We use cookies to give you the best possible experience. Learn more