| Tuesday, 28th November 2017, 11:40 am

ഷെഫിന്‍ ജഹാന് ഹാദിയയെ കാണാന്‍ കോടതി അനുമതി നല്‍കിയിട്ടില്ല: നിയമപോരാട്ടത്തില്‍ ഇതുവരെയുള്ള വിജയം തന്റേതെന്ന് പിതാവ് അശോകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹാദിയ കേസിലെ നിയമപോരാട്ടത്തില്‍ ഇതുവരെയുള്ള വിജയം തന്റേതെന്ന് ഹാദിയയുടെ പിതാവ് അശോകന്‍. ഹാദിയയുടെ പഠനം മുടങ്ങിയെന്ന ദു:ഖത്തിലായിരുന്നു താനെന്നും അതിന് ഒരു പരിഹാരം സുപ്രീം കോടതി തന്നെ കണ്ടെത്തിയെന്നും അശോകന്‍ പറഞ്ഞു.

സുപ്രീം കോടതിയുടെ നിരീക്ഷണത്തിലുള്ള കാര്യമായതുകൊണ്ട് ഹാദിയയുടെ കാര്യത്തില്‍ ഒരു ആശങ്കയുമില്ലെന്നും ഷെഫിന്‍ ജഹാന് ഹാദിയയെ കാണാന്‍ കോടതി അനുമതി നല്‍കിയിട്ടില്ലെന്നും അശോകന്‍ പറഞ്ഞു.

ഹാദിയ വീട്ടുതടങ്കലില്‍ ആയിരുന്നില്ല. അവളുടെ സംരക്ഷണത്തിനായി അവിടെ പൊലീസുകാര്‍ ഉണ്ടായിരുന്നു എന്ന് മാത്രമേയുള്ളൂവെന്നും അശോകന്‍ പറഞ്ഞു.

അച്ഛനൊപ്പവും ഭര്‍ത്താവിനൊപ്പവും വിടാതെ ഹാദിയയെ സേലത്തുള്ള കോളേജിലേക്ക് അയക്കാനായിരുന്നു കോടതിയുടെ തീരുമാനം. കോളേജിന്റെ ഡീന്‍ ആയിരിക്കും ഹാദിയയുടെ രക്ഷാധികാരിയെന്നും കോടതി അറിയിച്ചു. രണ്ട് മണിക്കൂറിലധികം നീണ്ടു നിന്ന വാദം കേള്‍ക്കലില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങളായിരുന്നു.


Dont Miss ‘പത്മാവതിയ്ക്ക് ദുബായ് ഫണ്ട്’ പ്രധാനമന്ത്രി അന്വേഷിക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗം


എന്താണ് ഭാവിയെ കുറിച്ചുള്ള സ്വപ്നമെന്ന കോടതിയുടെ ചോദ്യത്തിന് “എനിക്ക് സ്വാതന്ത്ര്യം വേണം, വിശ്വാസത്തോടെ ജീവിക്കണം.” എന്നായിരുന്നു 24 കാരിയായ ഹാദിയയുടെ മറുപടി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അടുത്തതായി ഹാദിയയോട് ചോദിച്ചത് പഠനകാര്യങ്ങളെ കുറിച്ചായിരുന്നു. പഠിക്കാനുള്ള സമയമാണെന്ന് പറഞ്ഞ കോടതി പഠനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ എനിക്ക് പഠിക്കണമെന്ന് പറഞ്ഞ ഹാദിയ പക്ഷെ അത് സര്‍ക്കാരിന്റെ കാശു കൊണ്ട് വേണ്ടെന്നും ഭര്‍ത്താവ് ഷെഫിന്‍ ജഹാന്റെ സംരക്ഷണയില്‍ മതിയെന്നും വ്യക്തമാക്കി.

എന്നാല്‍ ഭര്‍ത്താവ് രക്ഷാധികാരിയല്ല ജീവിത പങ്കാളിയെന്ന് ചൂണ്ടിക്കാണിച്ച കോടതി പക്ഷെ ഹാദിയയുടെ രക്ഷകര്‍ത്തത്വം ഷെഫിനും അച്ഛന്‍ അശോകനും നല്‍കിയില്ല. പകരം സേലത്തുള്ള ഹോമിയോ മെഡിക്കല്‍ കോളേജിലേക്ക് പഠനം പൂര്‍ത്തിയാക്കാന്‍ അയക്കാന്‍ തീരുമാനിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more