കോഴിക്കോട്: ഹാദിയക്കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ച് ദേശീയ അന്വേഷണ ഏജന്‍സി. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുവെന്നതിന് വ്യക്തമായ തെളിവ് ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി. ഇനി ഇത് സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ടുകളൊന്നും സമര്‍പ്പിക്കുന്നില്ലെന്നും എന്‍.ഐ.എ വ്യക്തമാക്കി.
ഹാദിയ – ഷെഫിന്‍ ജഹാന്‍ വിവാഹത്തില്‍ ലവ് ജിഹാദിന്റെയോ നിര്‍ബന്ധപൂര്‍വമുള്ള മതപരിവര്‍ത്തനത്തിന്റെ ഇടപെടലോ തീവ്രവാദ ബന്ധത്തിന്റെയോ പ്രശ്നമില്ലെന്ന് എന്‍.ഐ.എ പറഞ്ഞു.
ചില പ്രത്യേക ഗ്രൂപ്പുകള്‍ മുഖേനയാണ് പെണ്‍കുട്ടികളെ മതംമാറ്റുന്നതെന്ന് കണ്ടെത്തിയെങ്കിലും അത് നിര്‍ബന്ധിത മതപരിവര്‍ത്തനമായിരുന്നുവെന്ന് തെളിവില്ല. പെണ്‍കുട്ടികളെ കാണാതായത് അടക്കം പതിനൊന്ന് കേസുകള്‍ കൂടി പരിശോധിച്ചെങ്കിലും പ്രോസിക്യൂഷന്‍ നടപടിക്ക് ആവശ്യമായ മൊഴിയോ സാഹചര്യതെളിവുകളോ എന്‍.ഐ.എയ്ക്ക് ലഭിച്ചില്ല.
കേരളത്തില്‍ അടുത്തിടെയുണ്ടായ മിശ്രവിവാഹങ്ങളുമായി ബന്ധപ്പെട്ടുണ്ടായ മതം മാറ്റങ്ങളില്‍ ഇത്തരം തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്ന് എന്‍.ഐ.എ സുപ്രീം കോടതിയെ അറിയിച്ചു. 11 മിശ്രവിവാഹങ്ങളും മതപരിവര്‍ത്തനങ്ങളുമാണ് കേരളത്തില്‍ എന്‍.ഐ.എ അന്വേഷിച്ചത്. മൊത്തം 89 മിശ്രവിവാഹ കേസുകളില്‍ നിന്നാണ് ഈ 11 എണ്ണം എന്‍.ഐ.എ തിരഞ്ഞെടുത്തത്.
പിതാവ് അശോകന്റെ ഹര്‍ജിയില്‍ കേരള ഹൈക്കോടതി ഹാദിയയുടേയും ഷഫിന്‍ ജഹാന്റേയും വിവാഹം റദ്ദാക്കുകയായിരുന്നു. പിന്നീട് ഹൈക്കോടതി വിധി അസാധുവാക്കിക്കൊണ്ടും പ്രായപൂര്‍ത്തിയായ വ്യക്തിയുടെ സ്വയംനിര്‍ണയാവകാശവും മൗലികാവകാശങ്ങളും ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഇവര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു.
എന്നാല്‍ ഷഫിന്‍ ജഹാന് നേരെ ആരോപിക്കപ്പെട്ടിരുന്ന തീവ്രവാദ ബന്ധം സംബന്ധിച്ചും നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച് സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം എന്‍.ഐ.എ അന്വേഷണം തുടരുകയായിരുന്നു.