| Monday, 28th August 2017, 11:05 am

കേരളത്തിലെ 'ലൗ ജിഹാദ്' മതംമാറ്റങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ഫ്രണ്ട് ബന്ധമുള്ളതായി എന്‍.ഐ.എ റിപ്പോര്‍ട്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഹാദിയ (അഖില) ആതിര (ആയിഷ) കേസുകളില്‍ മതംമാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട വ്യക്തിയാണെന്ന ആരോപണവുമായി എന്‍.ഐ.എ. ടൈംസ് ഓഫ് ഇന്ത്യയാണ് എന്‍.ഐ.എ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത നല്‍കിയിരിക്കുന്നത്.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇപ്രകാരമാണ്

“”പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്.ഡി.പി.ഐ, സത്യസരണി എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സൈനബ എന്ന വ്യക്തിയാണ് ഇരുവര്‍ക്കും മതം മാറുന്നതിനുള്ള ഉപദേശങ്ങള്‍ നല്‍കിയതും സഹായം ചെയ്തതും. അഖില അശോകന്‍ എന്ന പെണ്‍കുട്ടി ഹാദിയ ആയി മതം മാറിയ സംഭവത്തില്‍ സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം അന്വേഷണം തുടങ്ങിയപ്പോളാണ് എന്‍.ഐ.എ ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. സൈനബയുടെ ചില അനുയായികള്‍ക്കും രണ്ടു സംഭവങ്ങളിലും പങ്കുള്ളതായും കണ്ടെത്തിയിട്ടുണ്ട്””

“”സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്ന് കാണിച്ച് അച്ഛനും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും 2016 ജനുവരിയില്‍ അഖിലാ നാല് കത്തുകള്‍ അയച്ചിരുന്നു. എന്നാല്‍ ഇവയില്‍ അഖിലയുടെ പേരിലെ അക്ഷരങ്ങള്‍ തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ മറ്റാരോ ആണ് കത്തെഴുതിയതെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. ആതിരയുടെ കേസിലും സമാനമായ സംഭവം ഉണ്ടായതായി എന്‍.ഐ.എ പറയുന്നു.””
എന്നാല്‍ ഹാദിയയുടെ മതംമാറ്റം സ്വന്തം ഇഷ്ടപ്രകാരമാണെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്നും പോപ്പുലര്‍ പ്രണ്ട് ഓഫ് ഇന്ത്യ വക്താവ് ഷെഫീഖ് റഹ്മാന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. “”കോളേജിലെ സുഹൃത്തുക്കളുടെ ജീവിതരീതി കണ്ട ശേഷമാണ് അഖില ഇസ്‌ലാം സ്വീകരിച്ചത്. അതിനുള്ള സഹായമേ സൈനബ ചെയ്തിട്ടുള്ളൂ”” ഷഫീഖ് റഹ്മാന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഹാദിയയുമായുള്ള തന്റെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കേസില്‍ അന്വേഷണം നടത്താന്‍ സുപ്രീംകോടതി എന്‍.ഐ.എയെ നിയോഗിച്ചത്. റിട്ടയേര്‍ഡ് ജഡ്ജി ആര്‍.വി രവീന്ദ്രന്റെ മേല്‍നോട്ടത്തിലാണ് എന്‍.ഐ.എ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നത്.

എന്‍.ഐ.യുടെ വിശ്വാസ്യത സംബന്ധിച്ച് ഷെഫിന്റെ അഭിഭാഷകനായ കപില്‍ സിബല്‍ ആശങ്ക പ്രകടിപ്പിച്ചപ്പോഴാണ് ആര്‍.വി രവീന്ദ്രന്റെ സഹായം തേടാന്‍ കോടതി അനുമതി നല്‍കിയിരുന്നത്. ഇത് എന്‍.ഐ.യുടെ വിശ്വാസ്യത സംബന്ധിച്ച് കോടതിക്കും ആശങ്കയുണ്ടെന്നതിന്റെ തെളിവാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

We use cookies to give you the best possible experience. Learn more