ന്യൂദല്‍ഹി: ഹാദിയ കേസില്‍ തുറന്ന കോടതി ഒഴിവാക്കണമെന്ന ആവശ്യവുമായി പിതാവ് അശോകന്‍. ഹാദിയയ്ക്ക് പറയാനുള്ളത് അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്നാണ് അശോകന്റെ ആവശ്യം.
ഇതുമായി ബന്ധപ്പെട്ട് അശോകന്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. മതപരിവര്‍ത്തനം നല്‍കിയ സത്യസരണയിലെ സൈനബയെ വിളിച്ചുവരുത്തണമെന്നും അശോകന്‍ ഹരജിയില്‍ ആവശ്യപ്പെടുന്നു. ഈ മാസം 27 ന് ഹാദിയെ ഹാജരാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
അതിനിടെ ഹാദിയയെ കാണാന്‍ വൈക്കത്തെ വസതിയിലെത്തിയ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയെ ഹാദിയയുടെ പിതാവ് അശോകന്‍ മടക്കി അയച്ചിരുന്നു.
വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ അശോകന്റൈ വസതിയില്‍ എത്തിയെങ്കിലും മകളെ കാണാന്‍ ആരെയും അനുവദിക്കില്ലെന്ന് അശോകന്‍ പറയുകയായിരുന്നെന്ന് കമ്മീഷന്‍ അറിയിച്ചിരുന്നു.
ഹാദിയ വീട്ടിനുള്ളില്‍ കടുത്ത നിയന്ത്രണങ്ങളാണ് നേരിടുന്നതെന്ന് സംസ്ഥാന കമ്മീഷന്‍ അധ്യക്ഷ ജോസഫൈന്‍ പറഞ്ഞിരുന്നു.
“സുഹൃത്തുക്കളുമായി സഹവസിക്കാന്‍ പോലും കഴിയാത്തവിധം വീടിനുളളില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഹാദിയ നേരിടുന്നതെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. സ്വന്തം വിശ്വാസവും ജീവിതവും തെരഞ്ഞെടുക്കാനുളള അവകാശം ഭരണഘടന ഉറപ്പു നല്‍കിയിട്ടുളളതാണ്. കോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയില്‍ ബോധിപ്പിക്കും” കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു.
ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കുന്ന യാത്ര വിമാനത്തിലാക്കണമെന്നാവശ്യപ്പെടാനും യാത്രയുടെ സുരക്ഷാകാര്യങ്ങളെ കുറിച്ച് അന്വേഷിക്കാനുമാണ് ജോസഫൈന്‍ ഹാദിയയുടെ വീട്ടിലെത്തിയിരുന്നത്.
വിമാനയാത്രയുടെ ചെലവ് വനിതാ കമ്മീഷന്‍ വഹിക്കാമെന്നും കമ്മീഷന്‍ അധ്യക്ഷ പറഞ്ഞിരുന്നു. എന്നാല്‍ യാത്രയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും കമ്മീഷന്‍ യാത്ര ചെലവ് നല്‍കേണ്ടതില്ലെന്നുമായിരുന്നു അശോകന്റെ മറുപടിയെന്ന് കമ്മിഷന്‍ പറഞ്ഞു.
തന്റെ അഭിപ്രായം കേള്‍ക്കാതെ കേസില്‍ കേരളാ വനിതാ കമ്മീഷന്‍ സുപ്രീം കോടതിയില്‍ കക്ഷി ചേര്‍ന്നത് ശരിയായില്ലെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയെ മാത്രമേ മകളെ കാണാന്‍ അനുവദിച്ചിട്ടുളളൂവെന്നും അശോകന്‍ പറഞ്ഞു. എന്നാല്‍ യുവതിയുടെ അവകാശം സംരക്ഷിക്കാനാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും അക്കാര്യത്തില്‍ ശരിയായ നിലപാടാണ് കമ്മീഷന്‍ സ്വീകരിച്ചതെന്നും ജോസഫൈന്‍ അവകാശപ്പെട്ടു.