ഹാദിയ പ്രശ്‌നം കൊടുമ്പിരി കൊണ്ട് നില്‍ക്കുമ്പോള്‍ കേരള ജനത ഒന്നടങ്കം ആകുലപ്പെട്ട കാര്യമായിരുന്നു ഇത് കേരളത്തില്‍ പിന്തിരിപ്പന്‍ ശക്തികള്‍ക്ക് വളക്കൂറാകുമെന്നും സാമൂഹ്യ ഘടനയ്ക്ക് കാര്യമായ ക്ഷതം ഏല്‍പ്പിക്കുമെന്നും . സംഭവിച്ചത് നേരെ തിരിച്ചാണെന്നു തോന്നുന്നു തിരിഞ്ഞു നോക്കുമ്പോള്‍. പെണ്‍കുട്ടികളുടെ സ്വയം നിര്‍ണ്ണയാവകാശത്തിന്റെ കാര്യത്തിലും മിശ്രവിവാഹത്തിന്റെ കാര്യത്തിലുമൊക്കെ അത്യന്തം പുരോഗമനപരമായിട്ടാണ് ഹദിയക്ക് ശേഷമുള്ള കേരളം പ്രതികരിക്കുന്നത് .
ജൂലൈ 19 ന് പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്തയാണിത്
“സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം; എസ്ഡിപിഐ നിയമനടപടി സ്വീകരിച്ചു
മുസ്‌ലിം യുവതിയുമായുള്ള പ്രണയത്തിന്റെ പേരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ചു വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിനെതിരേ എസ്.ഡി.പി.ഐ പരാതി നല്‍കി. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വധഭീഷണിയുണ്ടെന്ന് ആരോപിച്ച് ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട ഹാരിസനും ഷഹാനയുമാണ് എസ്.ഡി.പി.ഐക്കെതിരേ ആരോപണം ഉന്നയിച്ചത്.
ഹാരിസന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആറ്റിങ്ങല്‍ മണ്ഡലം കമ്മിറ്റി പരാതിയില്‍ പറഞ്ഞു. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും സംഭവത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്നും ആറ്റിങ്ങല്‍ പോലിസിന് നല്‍കിയ പരാതിയില്‍ എസ്.ഡി.പി.ഐ ഭാരവാഹികള്‍ ആവശ്യപ്പെട്ടു”
എസ്.ഡി.പി.ഐ യെ പറ്റി ഇതിനു മുമ്പും പല ആരോപണങ്ങള്‍ വന്നിട്ടുണ്ട്. കൈവെട്ടു കേസില്‍, കൊലപാതക കേസുകളില്‍, ഐസിസ് റിക്രൂട്ട്‌മെന്റ് കേസില്‍, തുടങ്ങി പലതിലും. ഇതിലേതെങ്കിലും ഒന്നില്‍ അവര്‍ പോലീസ് പരാതി കൊടുത്തതായി കേട്ടിട്ടില്ല. കാരണം ലളിതം . അതൊക്കെ അവര്‍ക്കു അവരുടെ സ്വന്തം അണികള്‍ക്കിടയില്‍ ന്യായീകരിക്കാന്‍ പറ്റുന്ന കുറ്റകൃത്യങ്ങളായിരുന്നു.
പൊതു സമൂഹത്തിനു വേണ്ടി ടെലിവിഷന്‍ ചര്‍ച്ചകളില്‍ ഒരു അഴ കൊഴമ്പന്‍ നിഷേധം, ശേഷം സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തര ന്യായീകരണം എന്നിങ്ങനെയുള്ള സ്ഥിരം രീതിയില്‍ നിന്ന് ഷഹാനയെ ഭീഷണിപെടുത്തിയ ആരോപണത്തിലേക്കു വരുമ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു, കാരണം – ഹാദിയ .
ഹാദിയ കേസിന്റെ സമയത്തു സ്ത്രീകളുടെ സ്വയം നിര്‍ണയാവകാശത്തെ കുറിച്ചും ഭരണഘടനാ ദത്തമായ സ്വാതന്ത്രത്തെ കുറിച്ചും സര്‍വോപരി സ്ത്രീ പുരുഷ സമത്വത്തെ കുറിച്ചും അത്യപൂര്‍വമാം വിധമുള്ള പ്രചാരണങ്ങളാണ് കേരള മുസ്‌ലിംകള്‍ക്കിടയില്‍ നടന്നത്.
സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനും ഭര്‍ത്താവിന്റെ കൂടെ താമസിക്കാനുമുള്ള സ്ത്രീയുടെ അവകാശം, യാഥാസ്ഥിതികര്‍ എന്ന് നാം കരുതുന്നവര്‍ പോലും ഉയര്‍ത്തി പിടിക്കുന്ന കാഴ്ചയാണ് ആ സമയത്തു കണ്ടത്. ഫേസ്ബുക് ആങ്ങളമാരും വാട്‌സ്ആപ് അമ്മാവന്മാരും സ്ത്രീ സമത്വത്തിന്റെ പ്രചാരകന്മാരായ സമയമായിരുന്നു അത്. അതിന്റെ ഫലമുണ്ടായി. മുസ്‌ലിം വാട്‌സ്ആപ് ഗ്രൂപ്പുകളൊന്നും ഇന്ന് ഷഹാനക്ക് ഉപദേശങ്ങളില്ല, മുന്നറിയിപ്പുകളില്ല, പ്രാര്‍ഥനകളില്ല. അവര്‍ അവരുടെ ഇഷ്ടപ്രകാരം എങ്ങനെയും ജീവിച്ചോട്ടെ എന്ന പൊള്ളയായ ആശംസകള്‍ മാത്രം.
അത്രയും മുസ്‌ലിം സമൂഹത്തിന്റെ കാര്യം. മറ്റു സമുദായങ്ങളുടെ സമീപനങ്ങളിലും ഹാദിയ ചെറുതല്ലാത്ത മാറ്റമാണ് വരുത്തിയത് . അടുത്തിടെ നടന്ന കെവിന്‍ കൊലപാതകത്തില്‍ കേരളത്തിന്റെ രോഷവും നീനുവിനോടുള്ള അനുതാപവും നമ്മള്‍ കണ്ടതാണ്.
ലവ് ജിഹാദ് എന്ന ആരോപണം ഇപ്പോള്‍ ഹിന്ദു യാഥാസ്ഥിതികള്‍ക്കിടയില്‍ തന്നെ അനുരണനം കണ്ടെത്തുന്നില്ല, അപൂര്‍വ്വം പേര്‍ ഇപ്പോഴും അത്തരം പ്രചാരണം നടത്താറുണ്ടെങ്കിലും അതൊക്കെ മിക്കവാറും 50 വയസ്സ് കഴിഞ്ഞവരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലാണ്. യുവാക്കള്‍ക്കിടയില്‍, പ്രത്യകിച്ചു പെണ്‍കുട്ടികള്‍ക്കിടയില്‍ ഇത്തരം പ്രചാരണങ്ങള്‍ പുച്ഛം മാത്രമാണുണ്ടാക്കുന്നതു .
ഹാദിയ കേസിലെ സുപ്രീംകോടതി വിധി ഉണ്ടാക്കിയ സാമൂഹിക പ്രതാഘാതമാണ് ഏറ്റവും വലുത്. ഇന്ന് ഒളിച്ചോടി പോകുന്ന ( സ്വന്തം തീരുമാന പ്രകാരം വിവാഹിതരാകുന്നതിനെ മലയാളികള്‍ വിളിച്ചു പോരുന്ന പേര് ) പെണ്‍കുട്ടികളെ തേടി പോലീസ് സ്റ്റേഷനുകളില്‍ പോയിട്ട് കാര്യമില്ല എന്നായിരിക്കുന്നു. പെണ്‍കുട്ടി വശീകരിക്കപ്പെട്ടതാണ് , ബുദ്ധി ഉറച്ചിട്ടില്ല , മാനസിക നില തകരാറിലാണ് , തുടങ്ങി പോലീസ് സ്റ്റേഷനില്‍ പറയാറുണ്ടായിരുന്ന അസംഘ്യം ന്യായങ്ങളാണ് സുപ്രീം കോടതി ഹാദിയ കേസില്‍ ചവറ്റു കൊട്ടയിലേക്കെറിഞ്ഞത് .
ഇന്ന് പോലീസുകാര്‍ക്ക് പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയെ അവളുടെ ഇഷ്ടത്തിന് വിടാതെ യാതൊരു നിര്‍വാഹവും ഇല്ലാത്ത അവസ്ഥയാണെന്നാണ് സുഹൃത്തായ ഒരു എസ് ഐ എന്നോട് പറഞ്ഞത് . ഇത് പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസവും യാഥാസ്ഥിതികര്‍ക്കു നല്‍കുന്ന നിസ്സഹായതയും ചെറുതല്ല.
സമൂഹം മുന്നോട്ടു പോകുന്നു എന്നെഴുതാന്‍ അപൂര്‍വമായേ ഇക്കാലത്തു അവസരം കിട്ടാറുള്ളു. അയ്യങ്കാളിയും, ശ്രീ നാരായണ ഗുരുവും, പിന്നീട് കമ്മ്യൂണിസ്റ്റ് നേതാക്കളും നിരന്തരം ഇടപെട്ടു മുന്നോട്ടു നയിച്ച കേരള സമൂഹം എണ്‍പതുകള്‍ക്കു ശേഷമാണ് പിന്തിരിഞ്ഞു നടക്കാന്‍ ആരംഭിച്ചത്. ജാതി മത ശക്തികള്‍ക്ക് കൈവന്ന സമൂഹത്തില്‍ വന്ന മേല്‍ക്കോയ്മയും, യുവാക്കള്‍ക്കിടയില്‍ വന്ന യാഥാസ്ഥിതിക മനോഭാവവും നമ്മെ നിരന്തരം പിന്നോട്ടടിച്ചു കൊണ്ട് പോയിക്കൊണ്ടിരിക്കുമ്പോള്‍ സംഭവിച്ച അപൂര്‍വവിപ്ലവമാണ് ഹാദിയ.
സ്ത്രീ പുരുഷ സമത്വം ഉല്‍ഘോഷിക്കുന്ന ഒരു രീതിയല്ല യാഥാസ്ഥിതികരുടേത് , പക്ഷെ യാഥാസ്ഥിതികരുടെ ജീവിത രീതിയാണ് ഹാദിയ തെരഞ്ഞെടുത്തത്. സ്വന്തം നിക്കാഹ് പോലും വേറൊരാളാണ് ഹാദിയക്ക് വേണ്ടി ചെയ്തത്.
സ്ത്രീ പുരുഷ സമത്വത്തിന്റെ പ്രചാരകയോ സാമൂഹ്യ പരിഷ്‌കര്‍ത്താവോ ആവുക ഹാദിയയുടെ ലക്ഷ്യമായിരുന്നില്ല , ഇപ്പോഴുമല്ല. പക്ഷെ കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ സ്ത്രീ വിമോചകയാണവര്‍, ഒരു പക്ഷെ നമ്മുടെ തലമുറയിലെ ഏറ്റവും വലിയ സാമൂഹ്യ പരിഷ്‌കര്‍ത്താവ് – അവര്‍ പോലുമറിയാതെ . അത് ആഘോഷിക്കപെടാതെ പോകരുത് .