ഫലസ്തീൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 1 മില്യൺ ഡോളർ സംഭാവന ചെയ്ത് യു.എസ് മോഡൽ സഹോദരിമാർ
Worldnews
ഫലസ്തീൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 1 മില്യൺ ഡോളർ സംഭാവന ചെയ്ത് യു.എസ് മോഡൽ സഹോദരിമാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd June 2024, 2:55 pm

വാഷിങ്ടൺ: ഫലസ്തീൻ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1 മില്യൺ ഡോളർ സംഭാവന ചെയ്ത് യു.എസ്സിലെ സൂപ്പർ മോഡൽ സഹോദരിമാരായ ജിജി ഹാദിദും ബെല്ല ഹാദിദും

ഗസയിൽ ആക്രമണത്തിനിരയായ കുട്ടികളെയും കുടുംബങ്ങളെയും പിന്തുണക്കുന്ന നാല് മാനുഷിക സംഘടകൾക്ക് പണം തുല്യമായി നൽകിയതായി ബെല്ലയുടെ മാനേജർമാരിൽ ഒരാൾ പറഞ്ഞു.

ഹീൽ ഫലസ്തീൻ, ഫലസ്തീൻ ചിൽഡ്രൻസ് റിലീഫ് ഫണ്ട്, വേൾഡ് സെൻട്രൽ കിച്ചൻ, അൻറവ എന്നീ സംഘടനകൾക്കാണ് ഇവർ സംഭാവന നൽകിയത്.

ഫലസ്തീൻ ജനതക്ക് ഭക്ഷണവും, വൈദ്യ സഹായങ്ങളും, കുടിയിറക്കപ്പെട്ടവർക്കുള്ള സഹായങ്ങളും ഉൾപ്പടെയുള്ള സഹായങ്ങൾ നൽകുന്ന സംഘടനകളാണിവ.

ഇവരുടെ പിതാവ് ഫലസ്തീൻ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ മുഹമ്മദ് ഹാദിദും ഇരുവർക്കും പിന്തുണയായി എത്തിയിട്ടുണ്ട്.

ഫലസ്തീൻ ജനതയുടെ നഷ്ടത്തിൽ ലോകമെമ്പാടുമുള്ള സർക്കാർ സംവിധാനങ്ങൾ പുലർത്തുന്ന നിസ്സംഗത തന്നെ തകർക്കുന്നുവെന്ന് ബെല്ല ഹാദിദ് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ മെയ്‌ മാസം പങ്കുവെച്ചിരുന്നു.

കഴിഞ്ഞ മാസം കാൻ ഫിലിം ഫെസ്റ്റിവലിൽ ഫലസ്തീൻ സംസ്കാരവുമായി ബന്ധപ്പെട്ട പരമ്പരാഗതമായ അറബിക് തുണിയിൽ നിർമ്മിച്ച ചുവപ്പും വെള്ളയുമുള്ള വസ്ത്രം ധരിച്ച് ബെല്ല ഹാദിദ് എത്തിയിരുന്നു.

‘ചരിത്രം, പ്രതിരോധശേഷി, ഏറ്റവും പ്രധാനമായി ഫലസ്തീനിയൻ എംബ്രോയ്ഡറി എന്നിവയെ പ്രതിനിധീകരിക്കുന്നതിനുള്ള മനോഹരമായ മാർഗമാർണിത്,’ കാൻ ഫിലിം ഫെസ്റ്റിൽവലിൽ പങ്കെടുത്തതിന് ശേഷം ബെല്ല തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഒക്‌ടോബർ ഏഴിന് ശേഷം ഗസയിൽ ഇസ്രഈൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ജിജി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായിരുന്നു.

‘നീതീകരിക്കാനാവാത്ത ഈ ദുരന്തം പേറുന്ന ജനതയെക്കുറിച്ചാണ് എൻ്റെ ചിന്തകൾ, ഓരോ ദിവസവും ഈ സംഘട്ടനത്തിൽ നിരപരാധികളുടെ ജീവൻ അപഹരിക്കപ്പെടുന്നു. അവരിൽ പലരും കുട്ടികളാണ്. ഫലസ്തീൻ സമരത്തോടും അധിനിവേശ ജീവിതത്തോടും എനിക്ക് ആഴത്തിലുള്ള സഹാനുഭൂതി ഉണ്ട്. ഇത് എന്റെ ഉത്തരവാദിത്തമാണ്,’ ജിജി ഹാദിദ് കുറിച്ചു.

 

Content Highlight: Hadid sisters donated one million dollar to Palestine