| Friday, 29th September 2023, 12:00 pm

ഒരുകാലത്തും കേരളം കാവിപ്പടയുടെ കൈപ്പിടിയില്‍ ഒതുങ്ങില്ല; അതിന്റെ തെളിവാണ് ഹാദിക്കുള്ള ഷീനയുടെ ചുംബനം

സന്ദീപ് ദാസ്

നബിദിന റാലിയില്‍ വെച്ച് നോട്ടുമാല കിട്ടിയ ഹാദി എന്ന കുട്ടിയും അവന് ഉമ്മ കൊടുത്ത ഷീനയും ഇപ്പോള്‍ സൂപ്പര്‍ താരങ്ങളായിക്കഴിഞ്ഞു. അവരുടെ നിരവധി അഭിമുഖങ്ങള്‍ കാണുകയുണ്ടായി. എല്ലാ പത്രപ്രവര്‍ത്തകരോടും ഷീന ഒരേ കാര്യമാണ് പറഞ്ഞത്.

”എനിക്കിത് വലിയ സംഭവമായി തോന്നുന്നില്ല. ഹാദി എന്റെ മോനെപ്പോലെയാണ്. അവനെ ഞാന്‍ ഉമ്മ വെച്ചു. അതിനിപ്പൊ എന്താ? നമ്മളെല്ലാം അങ്ങനെ വളര്‍ന്നതല്ലേ…?’

ഹാദിയും അതേ സ്വരത്തിലാണ് സംസാരിച്ചത്. നോട്ടുമാല കിട്ടിയപ്പോള്‍ എന്തുതോന്നി എന്ന് ഒരു ജേണലിസ്റ്റ് ചോദിച്ചപ്പോള്‍ അവന്‍ നിഷ്‌കളങ്കമായി പ്രതികരിച്ചു.”എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. വേറെയും മാലകള്‍ എനിക്ക് കിട്ടിയിരുന്നു…”

തങ്ങള്‍ ഒരു മഹാസംഭവത്തിന്റെ ഭാഗമായി എന്ന തോന്നല്‍ ഷീനയ്ക്കും ഹാദിയ്ക്കും ഇല്ല. ഇതുതന്നെയാണ് കേരളത്തിന്റെ മഹത്വം. ഇവിടെ മനുഷ്യത്വവും മതസൗഹാര്‍ദ്ദവും മതനിരപേക്ഷതയുമെല്ലാം തീര്‍ത്തും സാധാരണമായ കാര്യങ്ങളാണ്.

പിന്നെ എന്തുകൊണ്ടാണ് ഷീന ഹാദിയ്ക്ക് കൊടുത്ത ഉമ്മയ്ക്ക് ഇത്രമാത്രം വാര്‍ത്താപ്രാധാന്യം ലഭിച്ചത്? ഉത്തരം ലളിതമാണ്. ചില വര്‍ഗീയവാദികള്‍ കേരളത്തിന്റെ മുഖം വികൃതമാക്കാന്‍ രാവും പകലും അദ്ധ്വാനിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല മറുപടിയായിരുന്നു ഷീനയുടെ ചുംബനം.

സൈനികന്റെ ദേഹത്ത് പി.എഫ്.ഐ ചാപ്പ കുത്തി എന്നൊരു പച്ചക്കള്ളം ഈയിടെ വാര്‍ത്തയായി പ്രചരിച്ചിരുന്നു. ”ദേശീയ ശ്രദ്ധ കിട്ടാന്‍ വേണ്ടി സൈനികന്‍ നുണ പറഞ്ഞു ” എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കേരളത്തെ കല്ലെറിയുന്നവര്‍ക്ക് ഇന്ത്യയില്‍ പ്രശസ്തി കിട്ടുന്ന യുഗത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.

കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി എന്താണ്? മതത്തിന്റെ പേര് പറഞ്ഞ് മനുഷ്യര്‍ തമ്മില്‍ തല്ലും. ദളിതരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് പുണ്യപ്രവൃത്തിയാണെന്ന മട്ടില്‍ മേല്‍ജാതിക്കാര്‍ പൊങ്ങച്ചം പറയും. രാമനവമിയും നബിദിനവുമെല്ലാം ആക്രമണങ്ങള്‍ക്കുള്ള വേദിയായി മാറും. ബീഫിന്റെ പേരില്‍ കൊലപാതകങ്ങള്‍ അരങ്ങേറും.

കേരളവും അതുപോലെയാവണം എന്നാണ് കാവിപ്പടയുടെ മോഹം. അതിനുവേണ്ടി അവര്‍ എന്തെല്ലാം ചെയ്തു! ക്ഷേത്രത്തിലേയ്ക്ക് മലം എറിഞ്ഞു. കേരള സ്റ്റോറി എന്ന പ്രൊപ്പഗാണ്ട സിനിമ ഇറക്കി. തരംകിട്ടുമ്പോഴെല്ലാം കുളം കലക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

പക്ഷേ ഒരുകാലത്തും കേരളം അവരുടെ കൈപ്പിടിയില്‍ ഒതുങ്ങില്ല. നബിദിന റാലിയിലെ ഹൃദയസ്പര്‍ശിയായ സംഭവം അതിന്റെ ഏറ്റവും വലിയ തെളിവാണ്.

കോഴിക്കോട് ജില്ലയിലെ പല ഹൈന്ദവ ക്ഷേത്രങ്ങളും നിര്‍മ്മിച്ചത് ഇബ്രാഹിം എന്ന മുസല്‍മാനാണ്. മുസ്‌ലീം പള്ളികളില്‍ വെച്ച് ഹിന്ദു വിവാഹങ്ങള്‍ പതിവായി നടക്കാറുണ്ട്. ഈ കേരള സ്റ്റോറിയെക്കുറിച്ചാണ് സാക്ഷാല്‍ എ.ആര്‍ റഹ്‌മാന്‍ വരെ സംസാരിച്ചിട്ടുള്ളത്.

കേരളത്തിനെതിരെ സിനിമകള്‍ നിര്‍മ്മിക്കപ്പെടട്ടെ. അര്‍ണാബ് ഗോസ്വാമിമാര്‍ ചാനല്‍ മുറികളില്‍ കേരളത്തെ ഇടിച്ചുതാഴ്ത്തട്ടെ. സാദ്ധ്യമായ എല്ലാ തറവേലകളും പരീക്ഷിക്കപ്പെടട്ടെ…

പക്ഷേ നിങ്ങളുടെ സകല കുതന്ത്രങ്ങളെയും എതിര്‍ത്തു തോല്‍പ്പിക്കാന്‍ കേരളത്തിന് ഒരേയൊരു ആയുധം മതിയാകും-സ്‌നേഹം. ഷീനമാരുടെ ഉമ്മകള്‍ അതിതീവ്രമായ സ്‌നേഹത്തിന്റെ വിളംബരമാണ്…

Content Highlight:  Hadi Sheena -Malappuram nabi DinaRally  Writeup

സന്ദീപ് ദാസ്

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more