ന്യൂദല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ ഇന്ത്യ മറ്റൊരു പാക്കിസ്ഥാന്‍ ആവുമായിരുന്നുവെന്ന് ദലിത് ബുദ്ധിജീവി കാഞ്ച ഐലയ്യ. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പട്ടേല്‍ ആയിരുന്നെങ്കില്‍ രാജ്യത്തിന്റെ ഗതി മാറിയേനെ എന്നാണ് തെരഞ്ഞെടുപ്പ് കാലത്ത് മോദി പ്രസംഗിച്ചിരുന്നത്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഭരണഘടന തയ്യാറാക്കുന്ന ജോലി അംബേദ്ക്കര്‍ക്ക് കൊടുക്കുന്നതിന് പകരം ഹിന്ദുമാഹാസഭക്ക് നല്‍കുമായിരുന്നുവെന്നും ഐലയ്യ പറഞ്ഞു.
ദല്‍ഹിയില്‍ ടൈംസ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു കാഞ്ച ഐലയ്യ. ഗാന്ധിജി ഗോപൂജയെ അംഗീകരിച്ചിരുന്നു. അത് കൊണ്ട് ഗോസംരക്ഷണം ഭരണഘടനയില്‍ ഉള്‍പ്പെടുത്തി. പക്ഷെ ഗാന്ധിജി ആട്ടിന്‍ പാലും കുടിച്ചിരുന്നു എന്ത് കൊണ്ട അദ്ദേഹം ആടുകളുടെ സംരക്ഷണത്തെ കുറിച്ച് പറഞ്ഞില്ലെന്നും ഐലയ്യ ചോദിച്ചു.
രാജ്യത്തിന് വേണ്ടത് ഉരുക്കു മനുഷ്യനെയല്ലെന്നും തുറന്ന സമീപനമുള്ള നേതാക്കളെയാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ ബി.ജെ.പി നേതാവ് സുധീന്ദ്ര കുല്‍ക്കര്‍ണി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം ടൈംസ് ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ പങ്കെടുത്ത് സംസാരിച്ച മുന്‍ കേന്ദ്രമന്ത്രി ചിദംബരം സല്‍മാന്‍ റുഷ്ദിയുടെ “സാത്താനിക് വെഴ്‌സസ്” നിരോധിച്ചത് തെറ്റായിപ്പോയെന്ന് പറഞ്ഞിരുന്നു.