തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാന്‍ ശിപാര്‍ശ നല്‍കിയെന്ന് സമ്മതിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷമം കാരണമാണ് പദവിയില്‍ നിന്ന് ഒഴിയണമെന്ന് പറഞ്ഞതെന്ന് ഗവര്‍ണര്‍ പറഞ്ഞു.
സര്‍വകലാശാല സമ്മതിച്ചിരുന്നെങ്കില്‍ രാഷ്ട്രപതിയെ ഇക്കാര്യം അറിയിക്കാമായിരുന്നു. ഡി ലിറ്റ് നിഷേധിച്ച് വൈസ് ചാന്‍സലര്‍ നല്‍കിയ കത്ത് കാരണം തന്റെ മുഖം പുറത്തുകാണിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ സ്ഥാപനങ്ങളുടെ അന്തസിനെ കളങ്കപ്പെടുത്തുന്ന കാര്യങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യേണ്ടെന്നാണ് തീരുമാനമെന്നും ഗവര്‍ണര്‍ പറഞ്ഞു.
വി.സി ഉപയോഗിക്കേണ്ട ഭാഷ ഇതാണോയെന്നും ഗവര്‍ണര്‍ ചോദിച്ചു. വിദ്യാര്‍ഥികളുടെ കോണ്‍വെക്കേഷന്‍ വൈകുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് വി.സിയെ വിളിച്ചതെന്നും അതനുസരിച്ചാണ് രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ വിഷയത്തില്‍ സിന്‍ഡിക്കേറ്റ് യോഗം വിളിക്കേണ്ടെന്നാണ് അംഗങ്ങള്‍ പറഞ്ഞതെന്നാണ് വി.സി അറിയിച്ചതെന്നും പക്ഷെ കത്തില്‍ നിന്ന് മനസിലായത് വി.സിക്ക് പുറത്ത് നിന്ന് നിര്‍ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ചാന്‍സിലര്‍ നിര്‍ദ്ദേശിച്ചിട്ടും സിന്‍ഡിക്കേറ്റ് യോഗം വിളിക്കാന്‍ തയ്യാറായില്ല. തന്റെ സ്ഥാനത്ത് ആരാണെങ്കിലും സ്ഥാനമൊഴിയും. താന്‍ ഒരു കോമാളിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് മൂന്ന് കത്തുകള്‍ ലഭിച്ചെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ച സംഭവത്തില്‍ കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്‍കിയ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സ്വന്തം കൈപ്പടയില്‍ എഴുതിയ കത്ത് ഡിസംബര്‍ ഏഴിനാണ് വി.സി ഗവര്‍ണര്‍ക്ക് കൈമാറിയത്.
ഔദ്യോഗിക ലെറ്റര്‍ പാഡ് ഒഴിവാക്കിയാണ് ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയത് എന്നതും ശ്രദ്ധേയമാണ്. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ശിപാര്‍ശ എതിര്‍ത്തതായി വി.സി കത്തില്‍ വ്യക്തമാക്കുന്നുണ്ട്. തീര്‍ത്തും അനൗദ്യോഗികമായ നടപടികളാണ് രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് നടന്നിരിക്കുന്നതെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് ചാന്‍സലര്‍ സ്ഥാനം ഒഴിയുന്നെന്ന് കാട്ടി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Had recommended to the President that de lit be given; The governor could not show his face when denied