'പുല്‍വാമ സംഭവിച്ചില്ലായിരുന്നെങ്കില്‍ ബി.ജെ.പി 300 സീറ്റ് കടക്കുമായിരുന്നോ?'; സീറ്റ് പങ്കിടല്‍ ചര്‍ച്ച അനിശ്ചിതത്വത്തിലായതോടെ ബി.ജെ.പിയെ കടന്നാക്രമിച്ച് ശിവസേന
national news
'പുല്‍വാമ സംഭവിച്ചില്ലായിരുന്നെങ്കില്‍ ബി.ജെ.പി 300 സീറ്റ് കടക്കുമായിരുന്നോ?'; സീറ്റ് പങ്കിടല്‍ ചര്‍ച്ച അനിശ്ചിതത്വത്തിലായതോടെ ബി.ജെ.പിയെ കടന്നാക്രമിച്ച് ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th September 2019, 6:54 pm

മുംബൈ: പുല്‍വാമ, ബാലാക്കോട്ട് ആക്രമണങ്ങള്‍ ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ മാത്രമായിരുന്നുവെന്ന് ശിവസേന. പുല്‍വാമ ആക്രമണം നടന്നില്ലായിരുന്നെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 300 സീറ്റ് നേടുമായിരുന്നോ എന്ന് ശിവസേന ചോദിച്ചു. മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരു പാര്‍ട്ടികളും തമ്മിലുള്ള സീറ്റ് പങ്കിടല്‍ ചര്‍ച്ചയില്‍ ധാരണയാവാത്തതിന് പിന്നാലെയാണ് ബി.ജെ.പിയെ കടന്നാക്രമിച്ച് ശിവസേന രംഗത്തെത്തിയത്.

‘പുല്‍വാമയും, ബാലാക്കോട്ടും ബി.ജെ.പിക്ക വെറും തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ മാത്രമായിരുന്നു. പുല്‍വാമ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ബി.ജെ.പി 300 സീറ്റില്‍ കൂടുതല്‍ നേടുമായിരുന്നോ? ശിവസേനയുടെ മുഖപത്രമായ സാംനയിലായിരുന്നു പാര്‍ട്ടിയുടെ പ്രസ്താവന.

മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വേളയില്‍ ബാലകോട്ടില്‍ നിന്ന് ജമ്മു കശ്മീരിലേക്ക് 500 തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുവെന്ന കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ പ്രസ്താവന ആശങ്കാജനകമാണെന്ന് ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയില്‍ ബി.ജെ.പി ശിവസേന സീറ്റ് പങ്കിടല്‍ സംബന്ധിച്ച് ഇതുവരെയും ധാരണയായില്ല.
നേരത്തെ സീറ്റ് പങ്കിടല്‍ സംബന്ധിച്ച കാര്യങ്ങള്‍ യഥാസമയത്ത് പ്രഖ്യാപിക്കുമെന്നായിരുന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞത്.

2014 തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ശിവസേനയും അവസാന ഘട്ടത്തിലാണ് സഖ്യം അവസാനിപ്പിച്ച് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്.
288 സീറ്റില്‍ 122 സീറ്റ് ബി.ജെ.പി നേടിയിരുന്നു. ശിവസേന 63 സീറ്റും. പിന്നീട് ഇരുപാര്‍ട്ടികളും ധാരണയിലെത്തുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ