ലഖ്‌നൗ: ആര്‍.എസ്.എസും ശ്യാമപ്രസാദ് മുഖര്‍ജിയും ഇല്ലായിരുന്നെങ്കില്‍ ബംഗാളും പഞ്ചാബും ജമ്മു കാശ്മീരും പാകിസ്ഥാന്റെ കൈവശമാകുമായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ദേശീയഗാനവും വര്‍ഗീയതയും കൂട്ടിക്കലര്‍ത്തുന്നവര്‍ ബി.ജെ.പിയും ആര്‍.എസ്.എസും ഇല്ലായിരുന്നെങ്കില്‍ നാം വന്ദേമാതരം മറന്ന് പോവുമായിരുന്നെന്ന കാര്യം മറക്കരുത്. ആര്‍.എസ്.എസ് രാഷ്ട്രീയം കൊണ്ട് ഒന്നും ചെയ്തില്ലെന്ന് പറയുന്നവര്‍ ആര്‍.എസ്.എസ് 64,000 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന കാര്യം ഓര്‍ത്താല്‍ നല്ലതാണ്. സര്‍ക്കാറില്‍ നിന്ന് ഒരു സഹായവും ലഭിക്കാത്ത ഒരേയൊരു പാര്‍ട്ടി ആര്‍.എസ്.എസ്സാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗംഗയും യമുനയും നമ്മുടെ മാത്രം സവിശേഷതയാണ്. അത് നശിച്ചാല്‍ നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരം തന്നെ നശിച്ച് പോകുമെന്നും യു.പി മുഖ്യമന്ത്രി പറഞ്ഞു. ഗംഗയിലേയും യമുനയിലേയും നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ നിയമസഭയിലെ മറുപടി.
സര്‍ക്കാര്‍ ഏതെങ്കിലുമൊരു മതക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കില്ല. അനധികൃത കശാപ്പുശാലകള്‍ അടച്ചു പൂട്ടാനുള്ള ഹരിത ട്രൈബ്യൂണലിന്റെ തീരുമാനം നടപ്പിലാക്കും. അതേ സമയം മുത്തലാഖ് നിരോധനം സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം കൊടുക്കുന്നതാണ്. ശാക്തീകരണത്തിന്റെ ഭാഗമായി അത് നിരോധിക്കണമെന്നും യോഗി ആതിത്യനാഥ് പറഞ്ഞു.