യു.പി: മുസഫര്‍ നഗറിലുണ്ടായ തീവണ്ടിയപകടത്തില്‍ നിന്നും ജീവന്‍ രക്ഷപ്പെടുത്തിയ പ്രദേശവാസികളായ മുസ്‌ലിംങ്ങള്‍ക്ക് നന്ദി പറഞ്ഞ് സന്യാസി സംഘം.
“അപകടം നടന്ന സമയത്ത് അവിടെ താമസിക്കുന്ന മുസ്‌ലിം സഹോദരങ്ങളെത്തി ഞങ്ങളെ കോച്ചിന് പുറത്തെത്തിച്ച് ഇല്ലായിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നില്ല. അവര്‍ ഞങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളവും വിശ്രമിക്കാന്‍ കട്ടിലുകളും ഞങ്ങളെ പരിശോധിക്കാന്‍ ഡോക്ടര്‍മാരെയും എത്തിച്ചു തന്നു.” മധ്യപ്രദേശില്‍ നിന്നുള്ള സന്യാസി സംഘത്തില്‍പ്പെട്ട ഭഗ്‌വാന്‍ദാസ് മഹാരാജ് പറയുന്നു.
ഇന്നലെ വൈകുന്നേരത്തോടെയാണ് ഉത്കല്‍ എക്‌സ്പ്രസിന്റെ 14 കോച്ചുകള്‍ മുസാഫര്‍നഗറില്‍ ഖതൗലി സ്റ്റേഷന് സമീപം പാളം തെറ്റിയത്. അപകടത്തില്‍ 23ഓളം പേരാണ് മരിച്ചത്.
Read more: സ്‌നേഹമാണ് മലപ്പുറത്തിന്റെ മുഖമുദ്ര: ഹരിശ്രീ അശോകന്‍
“”ഹിന്ദു-മുസ്‌ലിം ബന്ധങ്ങള്‍ പലപ്പോഴും രാഷ്ട്രീയ വത്കരിക്കപ്പെടുകയാണ്. എന്നാല്‍ രണ്ട് സമുദായങ്ങള്‍ക്കിടയിലും എപ്പോഴും സ്‌നേഹം നിലനില്‍ക്കുന്നുണ്ട്. ദൈവത്തിന്റെ ശക്തിയാണ് അപകടത്തിന് ശേഷം കാണാന്‍ സാധിച്ചത്” സന്യാസി സംഘത്തില്‍പ്പെട്ട മോര്‍ണി ദാസ് പറഞ്ഞു.
2013ലെ മുസഫര്‍ നഗര്‍ കലാപത്തില്‍ 62 ലധികം പേര്‍ കൊല്ലപ്പെടുകയും അരലക്ഷത്തോളം പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തിരുന്നു.