ചെന്നൈ: മമ്മൂട്ടിച്ചിത്രമായ പേരന്‍പിന്റെ ഓഡിയോ റിലീസ് ചടങ്ങില്‍ വച്ച് സംവിധായകന്‍ മിഷ്‌കിന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. മമ്മൂട്ടിയുടെ അഭിനയമികവിനെ പ്രശംസിക്കുന്നതിനിടയിലാണ് താനൊരു പെണ്‍കുട്ടിയായിരുന്നെങ്കില്‍ അദ്ദേഹത്തെ ബലാത്സംഗം ചെയ്‌തേനെയെന്ന് മിഷ്‌കിന്‍ പ്രസ്താവിച്ചത്. ലോകമെമ്പാടുമുള്ള ചലച്ചിത്ര മേഖലകളില്‍ നിന്നും ലൈംഗികാതിക്രമത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പുകളുടെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുമ്പോഴാണ് റേപ്പിനെ നിസ്സാരവല്‍ക്കരിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ സിനിമയ്ക്കകത്തു നിന്നുതന്നെ ഉണ്ടാകുന്നത്.
ഞായറാഴ്ച പുറത്തിറങ്ങിയ പേരന്‍പിന്റെ ട്രെയിലറിനെക്കുറിച്ച് മികച്ച അഭിപ്രായമാണ് നിരൂപകര്‍ രേഖപ്പെടുത്തുന്നത്. ചെന്നൈയില്‍ നടന്ന ഓഡിയോ റിലീസ് ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മിഷ്‌കിന്‍ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് സംസാരിച്ചത്.
മമ്മൂട്ടിയെത്തന്നെ വേഷം കൈകാര്യം ചെയ്യാന്‍ തെരഞ്ഞെടുത്തതിന് സംവിധായകന്‍ റാമിനെ അഭിനന്ദിക്കുന്ന മിഷ്‌കിന്‍, തമിഴില്‍ നിന്നുള്ള ആരെങ്കിലുമായിരുന്നു പകരം വന്നതെങ്കില്‍ അമിതാഭിനയത്തിലൂടെ സിനിമയെ നശിപ്പിച്ചേനെയെന്നും പറയുന്നു.
“മമ്മൂട്ടിസാറിനെത്തന്നെ സിനിമയില്‍ കണ്ടുകൊണ്ടിരിക്കാം. ഞാനൊരു സ്ത്രീയായിരുന്നെങ്കില്‍, എനിക്കല്പം പ്രായം കുറവായിരുന്നെങ്കില്‍, ഞാന്‍ അദ്ദേഹവുമായി പ്രണയത്തിലായേനെ. ഞാന്‍ പെണ്‍കുട്ടിയായിരുന്നെങ്കില്‍ അദ്ദേഹത്തെ ബലാത്സംഗം ചെയ്‌തേനെ എന്നതാണ് വാസ്തവം. അത്ര മികച്ച അഭിനയമാണ് അദ്ദേഹത്തിന്റേത്.” മിഷ്‌കിന്‍ പറയുന്നു.
മിഷ്‌കിന്റെ പ്രസ്താവനയോട് ജനക്കൂട്ടം കൈയടിച്ചും പൊട്ടിച്ചിരിച്ചും പ്രതികരിക്കുന്നുമുണ്ട്. പ്രണയത്തിന്റെ അങ്ങേയറ്റമാണ് ബലാത്സംഗം എന്ന സന്ദേശമാണ് മിഷ്‌കിന്റെ പരാമര്‍ശം നല്‍കുന്നതെന്നും റേപ്പ് എന്ന അതിക്രമത്തെ പ്രശംസയുടെ ഭാഗമായി കാണുന്ന ചിന്ത അപകടകരമാണെന്നുമാണ് മിഷ്‌കിനെതിരെ ഉയരുന്ന പ്രതികരണങ്ങള്‍.
വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്താന്‍ താന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും എങ്കിലേ സിനിമ വിജയമാകുകയുള്ളൂവെന്നും മിഷ്‌കിന്‍ ചടങ്ങില്‍ പറഞ്ഞിരുന്നു. അത്തരത്തിലൊരു ശ്രമമാണ് ഈ പരാമര്‍ശത്തിലൂടെ നടത്തിയതെങ്കില്‍, അത് തീര്‍ത്തും തെറ്റായ നീക്കമാണെന്നാണ് സമൂഹമാധ്യമങ്ങളിലുയരുന്ന വിമര്‍ശനം.
തമിഴ് സിനിമയിലെ മാറ്റത്തിന്റെ ചിഹ്നമായി കണക്കാക്കപ്പെടുന്ന മിഷ്‌കിനെപ്പോലുള്ളവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ട്വിറ്ററില്‍ മറുപടി കുറിച്ചവര്‍ പറയുന്നു.