ബംഗ്ലാദേശ് വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ട്വന്റി20 മത്സരത്തിനിടെ സംഭവിച്ച പിഴവിനെ ന്യായീകരിച്ച് അമ്പയര്‍ തന്‍വീര്‍ അഹമ്മദ്. ബംഗ്ലാദേശിന്റെ ഒപ്പണര്‍ ബാറ്റ്‌സ്മാന്‍ ലിറ്റണ്‍ ദാസിനെ പുറത്താക്കിയ പന്ത് നോബോള്‍ വിളിച്ച സംഭവത്തിലാണ് ന്യായീകരണവുമായി അമ്പയര്‍ രംഗത്തെത്തിയത്.
മോശം ദിവസമായതിനാലാണ് അങ്ങനെയുണ്ടായതെന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതുമുഖമാണെന്നുമൊക്കെയായിരുന്നു അമ്പയറുടെ ന്യായീകരണം.
പന്തെറിയുമ്പോള്‍ ക്രീസിലെ വരയും കാലും വളരെയടുത്തായിരിക്കുമെന്നും ഫാസ്റ്റ് ബൗളര്‍മാര്‍ എറിയുമ്പോള്‍ ഇത് കാണുക എളുപ്പമല്ലെന്നുമാണ് അമ്പയറിന്റെ ന്യായീകരണം. മാത്രമല്ല ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതുമുഖവുമാണെന്നും തന്‍വീര്‍ പറയുന്നു.
നോബോളിനെ ചൊല്ലി വിന്‍ഡീസ് താരങ്ങള്‍ അമ്പയറുമായി തര്‍ക്കിക്കുന്നതിനിടെ റീപ്ലേ സ്‌ക്രീനില്‍ തെളിഞ്ഞു. അതില്‍ നോബോളല്ലെന്ന് വ്യക്തമാവുകയും ചെയ്തു. ഇതോടെ തങ്ങള്‍ക്ക് റിവ്യു അനുവദിക്കണമെന്ന് ക്യാപ്റ്റന്‍ ബ്രാത്ത്വെയ്റ്റ് ആവശ്യപ്പെട്ടു. എന്നാല്‍ പത്തു മിനുറ്റ് നീണ്ട ചര്‍ച്ചക്കൊടുവില്‍ അമ്പയര്‍മാര്‍ വിന്‍ഡീസ് ക്യാപ്റ്റന്റെ ആവശ്യം തള്ളുകയാണുണ്ടായത്.
വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 191 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ബംഗ്ലാദേശിന്റെ ഓപണര്‍ ലിറ്റണ്‍ ദാസ് ചിപ്പ് ചെയ്ത പന്ത് മിഡ് ഓഫില്‍ പിടികൂടുകയായിരുന്നു. വിക്കറ്റ് നേടിയ വിന്‍ഡീസ് താരങ്ങള്‍ ആഘോഷമാക്കി. അതിനിടെയാണ് അമ്പയര്‍ നോ ബോള്‍ വിളിച്ചത്. വിന്‍ഡീസിന് അനുകൂലമാകേണ്ട പന്തില്‍ ഒരു റണ്ണും ഫ്രീഹിറ്റുമായി മാറി. ഫ്രീഹിറ്റില്‍ ബംഗ്ലാദേശ് സിക്സറടിക്കുകയും ചെയ്തു.
മത്സരം വെസ്റ്റ് ഇന്‍ഡീസ് 50 റണ്‍സിന് ജയിച്ചിരുന്നു. ടി20 യില്‍ ബംഗ്ലാദേശിനെതിരെ പരമ്പര സ്വന്തമാക്കി വിന്‍ഡീസ് ജയം നേടിയത്. 191 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശിന് 17 ഓവറില്‍ 140 റണ്‍സ് എടുക്കുന്നിടെ മുഴുവന്‍ വിക്കറ്റും നഷ്ടമാവുകയായിരുന്നു. കീമോ പോളിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് വിന്‍ഡീസ് വിജയം സ്വന്തമാക്കിയത്. ബംഗ്ലാദേശ് ബാറ്റിംഗിനെ പിടിച്ചു നിര്‍ത്തിയ കീമോ പോളി 5 വിക്കറ്റാണ് നേടിയത്.
36 പന്തില്‍ 8 സിക്സും 6 ബൗണ്ടറിയും അടക്കം 89 റണ്‍സ് നേടിയ എവിന്‍ ലൂയിസിന്റെ ബാറ്റിംഗാണ് വിന്‍ഡീസിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. നിക്കോളസ് പൂരന്‍ 29 റണ്‍സും ഷായി ഹോപ് 23 റണ്‍സും നേടി പുറത്തായി. 5 ഓവറില്‍ നിന്ന് 76 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ ലൂയിസ്-ഹോപ് കൂട്ടുകെട്ട് നേടിയത്.