| Friday, 23rd October 2020, 9:35 am

ഹാക്കിംഗ് വെളിപ്പെടുത്തല്‍: പ്രതിരോധത്തില്‍ കുരുങ്ങി ലീഗ്; ഉത്തരവാദിത്തം പാര്‍ട്ടി ഏറ്റെടുക്കില്ലെന്ന് നേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മന്ത്രി ഡോ. കെ.ടി ജലീലിന്റെ ഫോണ്‍ ഹാക്ക് ചെയ്തിരുന്നു എന്ന യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍ തള്ളി മുസ്‌ലിം ലീഗ് നേതൃത്വം. യാസിര്‍ എടപ്പാള്‍ എന്ന ലീഗ് പ്രവര്‍ത്തകനാണ് കെ.ടി ജലീലിന്റെ വാട്‌സ് ആപ്പ് ലീഗിന്റെ ഐ.ടി സെല്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. ഇക്കാര്യമാണ് ഇപ്പോള്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് തള്ളിയിരിക്കുന്നത്.

യാസിറിന്റെ വെളിപ്പെടുത്തല്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി നേതൃത്വം തന്നെ രംഗത്തെത്തിയത്.

പാര്‍ട്ടിക്കു വേണ്ടി പോരാടാന്‍ സോഷ്യല്‍ മീഡിയയില്‍ ഏതെങ്കിലും സ്വതന്ത്ര വ്യക്തിയെയോ സംഘത്തെയോ ഏല്‍പിച്ചിട്ടില്ല. അങ്ങനെ ആരെങ്കിലും പാര്‍ട്ടിയുടെ സൈബര്‍ വക്താക്കളായോ ഐ.ടി സെല്‍ എന്ന പേരിലോ സഭ്യമല്ലാത്ത രീതിയില്‍ പെരുമാറുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്ക് ഏറ്റെടുക്കാനാവില്ലെന്നും മജീദ് പറഞ്ഞു.

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ അസഭ്യവര്‍ഷം നടത്തി വേട്ടയാടുന്നത് സി.പി.ഐ.എം അണികളുടെ സംസ്‌കാരമാണെന്നും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പിന്തുടരേണ്ടതില്ലെന്നും മജീദ് പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരവും വ്യക്തികളുടെ സ്വകാര്യതയും മൗലികാവകാശങ്ങളും മാനിച്ചുകൊണ്ടായിരിക്കണം സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ചാനല്‍ ചര്‍ച്ചയിലായിരുന്നു യാസിറിന്റെ വെളിപ്പെടുത്തല്‍.

ഒന്ന് രണ്ട് മാസങ്ങള്‍ മുന്‍പ് തങ്ങളുടെ ഐ.ടി സെല്‍ ജലീലിന്റെ ഫോണ്‍ ഹാക് ചെയ്തെന്നും അതില്‍ നിന്ന് കെ.എം.സി.സി.എയെ അപകീര്‍ത്തിപ്പെടുത്തുന്ന രണ്ടുമൂന്ന് വോയ്സ് ക്ലിപ്പുകള്‍ താന്‍ ലീക്ക് ചെയ്യുകയും പബ്ലിക്കാക്കുകയും ചെയ്തതായും ഇയാള്‍ പറഞ്ഞിരുന്നു.

” അന്ന് നിര്‍ഭാഗ്യവശാല്‍ ഒരു ഫ്ളൈറ്റിന്റെ അനുമതി നിഷേധിക്കപ്പെട്ടപ്പോള്‍ കെ.ടി ജലീല്‍ അതിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം തന്നെ ഒരാള്‍ക്ക് പേഴ്സണലായി അയച്ച വോയ്സ് ക്ലിപ്പ് എന്നുപറയുന്നത് ഇങ്ങനെയായിരുന്നു, കെ.എം.സി.സിയുടെ ഫ്ളൈറ്റ് പൊക്കാന്‍ എസ്.ടി.യു എന്നു പറയുന്ന മുസ്ലിം ലീഗിന്റെ തൊഴിലാളി യൂണിയന്റെ തൊഴിലാളികള്‍ ആരും അവിടെയുണ്ടായിരുന്നില്ലേ എന്ന് ചോദിച്ചാണ് അധിക്ഷേപിച്ചത്,” എന്നാണ് യാസിര്‍ പറഞ്ഞത്.

മന്ത്രിയുടെ വാട്സ് ആപ്പാണ് സെല്‍ ഹാക്ക് ചെയ്തതെന്നും നിയമവിരുദ്ധമായ കാര്യമാണ് ചെയ്തതെന്ന് അറിയാമെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ താന്‍ നേരിട്ടോ യു.എ.ഇ യില്‍ നിന്നോ അല്ല ഹാക്കിംഗ് നടത്തിയതെന്നും അതുകൊണ്ട് തന്നെ അതിന്റെ കുറ്റം തന്നിലേക്ക് വരില്ലെന്നും യാസിര്‍ പറയുന്നുണ്ട്.

മന്ത്രി കെ.ടി ജലീലിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് യാസിര്‍ രംഗത്തെത്തിയിരുന്നു. മന്ത്രി തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്ത് വീട്ടില്‍ റെയ്ഡ് നടത്തിച്ചെന്നും വ്യക്തികളെ ഇല്ലായ്മ ചെയ്യാന്‍ മന്ത്രി കള്ളക്കടത്തുകാരെയും കൊള്ളക്കാരെയും കൂട്ടുപിടിച്ചുവെന്നും യാസിര്‍ ആരോപിച്ചിരുന്നു.

മന്ത്രിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മലയാളിയെ നാടുകടത്തി കേരളത്തിലെത്തിക്കാന്‍ കെ.ടി ജലീല്‍ കോണ്‍സുലേറ്റില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വപ്നയുടെ മൊഴിക്ക് പിന്നാലെയായിരുന്നു യാസിറിന്റെ ആരോപണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Hacking revelation: League in defense; The leadership will not take responsibility for the party

We use cookies to give you the best possible experience. Learn more