Kerala News
വ്യാജ വാർത്തകളുടെ വ്യാപനം തടയാൻ ചുവട് വെച്ച് 'ഹാക്ക്ഫേക്ക് ഹാക്കത്തോൺ'
കൊച്ചി: മലയാളത്തിലെ വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും വ്യാപിക്കുന്നത് തടയുന്നതിനായി സിറ്റി സൺ ഡിജിറ്റൽ ഫൗണ്ടേഷൻ, ടിങ്കർ ഹബ്ബ് എന്നിവർ ചേർന്ന് ഹാക്കത്തോൺ സംഘടിപ്പിച്ചു. ഹാക്ക്ഫേക്ക് ഹാക്കത്തോൺ എന്ന പേരിൽ നവംബർ 11,12 തീയതികളിൽ കൊച്ചിയിലെ ടിങ്കർ സ്പേസിൽ വെച്ചാണ് പരിപാടി നടന്നത്.
കാലിക്കറ്റ് സർവകലാശാല കാമ്പസ്, വി.എൻ.എസ്. കോളേജ്, കോന്നി എന്നിവിടങ്ങളിലെ മാധ്യമ വിദ്യാർത്ഥികളും ടിങ്കർ ഹബ്ബ് കൂട്ടായ്മയിലെ എഞ്ചിനീയറിങ് വിദ്യാർത്ഥികളുമാണ് 36 മണിക്കൂർ നീണ്ടുനിന്ന പരിപാടിയിൽ പങ്കെടുത്തത്. നവമാധ്യമങ്ങളിലൂടെ വ്യാജവർത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയുന്നതിന് മാധ്യമ പ്രവർത്തകർക്കും ഗവേഷകർക്കും സഹായകമായി മലയാളത്തിൽ ഒരു ഫാക്ട് ചെക്കിങ് ടൂൾ വികസിപ്പിച്ചെടുക്കുന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.
വിദ്വേഷ പ്രചരണം, മിസ്ഇൻഫർമേഷൻ, ഡിസ്ഇൻഫർമേഷൻ, ക്ലിക്ക് ബൈറ്റ്, അപവാദം, വൈകാരികത എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ രണ്ടായിരത്തോളം വാർത്തകൾ വിശകലനം ചെയ്താണ് ടൂൾ വികസിപ്പിക്കുന്നതിനായുള്ള ഡാറ്റാ ബേസ് തയ്യാറാക്കിയത്.
മലയാളത്തിലെ വ്യാജ വാർത്ത തടയുന്നതിനുള്ള ഈ ഉദ്യമത്തിൽ മാധ്യമ സ്ഥാപനങ്ങളായ ‘ഡൂൾ ന്യൂസ്,’ ‘മാതൃഭൂമി, ‘ ‘ദി ഫോർത്ത് ന്യൂസ്’ എന്നിവർ പങ്കാളികളായി.
ഇതോടൊപ്പം ഫാക്ട് ചെക്കിങ്ങും നിർമിത ബുദ്ധിയുടെ സാധ്യതകളെ കുറിച്ചും ‘Figma’ എന്ന ടൂളിനെ കുറിച്ചും മലയാള ഭാഷയിൽ ഒരു ശക്തമായ ഡാറ്റാ ബേസ് നിർമ്മിക്കുന്നതിനുവേണ്ടിയുള്ള ‘അയ’ സംരംഭത്തെ കുറിച്ചും മാധ്യമ വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസ്സുകൾ സംഘടിപ്പിച്ചു.
മാധ്യമ, എഞ്ചിനീയറിങ് വിദ്യാർത്ഥികൾ ഒരുമിച്ച് ചേർന്ന് ഇത്തരത്തിൽ ഒരു ഹാക്കത്തോൺ പുതിയ തുടക്കമാണെന്നും ഈ വിഷയത്തിന്റെ സങ്കീർണത മനസിലാക്കി സീനിയർ എഞ്ചിനീയർമാരും ഈ ടൂളിന്റെ മെച്ചപ്പെട്ട പ്രവർത്തനത്തിനായി ഒത്തു ചേർന്നത് പ്രതീക്ഷ നല്കുന്നതാണെന്നും സിറ്റിസൺ ഡിജിറ്റൽ ഫൗണ്ടേഷന്റെ കോ-ഫൗണ്ടർ നിധി സുധൻ അഭിപ്രായപ്പെട്ടു.
വ്യാജ വാർത്തകൾ പെരുകുന്ന കാലഘട്ടത്തിൽ മാധ്യമ, എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് ഇവയെപ്പറ്റി പഠിക്കാനും മനസ്സിലാക്കാനും നിരവധി അവസരങ്ങൾ ഒരുക്കുകയാണ് ഹാക്കത്തോൺ ചെയ്യുന്നതെന്നും നിർമിച്ചിരിക്കുന്ന ഡാറ്റാ ബേസ് വളരെ പ്രാധാന്യമർഹിക്കുന്നതാണെന്നും സീനിയർ എ.ഐ എഞ്ചിനീയർ ഗോപി കൃഷ്ണൻ അഭിപ്രായപ്പെട്ടു.
സമാപന പരിപാടിയിൽ മാതൃഭൂമി മീഡിയ സ്കൂൾ ഡീൻ ഷാജൻ സി. കുമാർ, ഭഗത് ചന്ദ്രശേഖർ (ഫോർത്ത് ന്യൂസ്), ഹബീബ് റഹ്മാൻ വൈ.പി. (ഗവേഷകൻ), മെഹർ മൂസ (ടിങ്കർ ഹബ്ബ്), നിധി സുധൻ (സിറ്റി സൺ ഡിജിറ്റൽ ഫൗണ്ടേഷൻ), ആകാശ് എസ്.എസ്. (സിറ്റിസൺ ഡിജിറ്റൽ ഫൗണ്ടേഷൻ) എന്നിവർ സംസാരിച്ചു.
Content Highlight: Hackfake Hackathon to prevent Fake news