| Wednesday, 8th November 2023, 9:25 pm

വ്യാജവാർത്തകൾ തടയുന്നതിനായി വിദ്യാർത്ഥികളെയും സാങ്കേതിക വിദഗ്ധരെയും ഒന്നിപ്പിക്കുന്ന ഹാക്ക്ഫേക്ക് ഹാക്കത്തോൺ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും മലയാളം പോലുള്ള പ്രാദേശിക ഭാഷകളിൽ വ്യാപിക്കുന്നത് തടയുന്നതിന് വേണ്ടി സിറ്റിസൺ ഡിജിറ്റൽ ഫൗണ്ടേഷൻ, ടിങ്കർഹബ് എന്നിവ ചേർന്ന് ഹാക്ക്ഫേക്ക് എന്ന പേരിൽ ഹാക്കത്തോൺ സംഘടിപ്പിക്കുന്നു.

നവംബർ 11, 12 തീയതികളിൽ കൊച്ചിയിലാണ് പരിപാടി നടക്കുന്നത്.

കോന്നി വി.എൻ.എസ് കോളേജിലെ ഹ്യുമാനിറ്റീസ് വകുപ്പ്, കാലിക്കറ്റ്‌ സർവകലാശാല എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും ടിങ്കർഹബ് കൂട്ടായ്മയിലെ സാങ്കേതിക വിദ്യാർത്ഥികളും ചേർന്നാണ് 36 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ ഹാക്കത്തോണിൽ പങ്കെടുക്കുന്നത്.

മലയാളത്തിൽ പരക്കുന്ന വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും ഫലപ്രദമായി തടയുന്നതിന് വേണ്ടിയുള്ള നൂതന ആശയങ്ങളാണ് ഹാക്ക്ഫേക്ക് ഹാക്കത്തോണിൽ ഉയർന്ന് വരേണ്ടത്.

മാധ്യമസ്ഥാപനങ്ങൾ, ഗവേഷകർ, പൊതുജനങ്ങൾ എന്നിവരിലേക്ക് ഇതിന്റെ ഫലം എത്തിക്കുകയാണ് ലക്ഷ്യം. മലയാളത്തിലെ വ്യാജവാർത്തകളെ തടയാനുള്ള ഈ ഉദ്യമത്തിൽ ഡൂൾ ന്യൂസും പങ്കാളികളാണ്.

വാർത്തകളിൽ കടന്നു കയറുന്ന വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പരിശോധിക്കുന്നതിനുള്ള നൂതന പരിഹാരമാർഗങ്ങളാണ് ഹാക്കത്തോണിലൂടെ രൂപപ്പെടുത്തേണ്ടത് മാധ്യമപ്രവർത്തകർ, വ്യാജവാർത്ത പുറത്തു കൊണ്ടുവരുന്ന കൂട്ടായ്മകൾ എന്നിവർക്കൊക്കെ വലിയ സഹായം ഇതുവഴി ലഭിക്കും.

ഇതിനുപുറമേ എന്തും ഷെയർ ചെയ്യാവുന്ന സാമൂഹ്യമാധ്യമങ്ങളെ ആശ്രയിക്കുന്ന യുവതലമുറയ്ക്ക് കൂടുതൽ ഉത്തരവാദിത്തത്തോടെ ഈ ഇടങ്ങളിൽ പ്രവർത്തിക്കാനും ഈ ഉദ്യമം പ്രേരകമാകും.

മെഷീൻ ലേണിങ്, നിർമിത ബുദ്ധി എന്നിവ ഉപയോഗിച്ച് ഭാഷയിലെ രീതികൾ മനസ്സിലാക്കി വളരെ പെട്ടെന്ന് വ്യാജവാർത്തയുടെ മുന്നറിയിപ്പ് നൽകാനാണ് ഉദ്ദേശിക്കുന്നത്.

പരിപാടിയുമായി സഹകരിക്കുന്ന മാധ്യമ സ്ഥാപനങ്ങൾ വഴി വിവരങ്ങൾ അടങ്ങുന്ന ഡാറ്റാബേസ് പരിശോധിച്ച് ആവശ്യമായ കുറിപ്പുകൾ തയ്യാറാക്കും. പരിചയസമ്പന്നരായ എ.ഐ /എം.എൽ വിദഗ്ധരുടെ സാന്നിധ്യത്തിലാകും ഹാക്ക്ഫേക്ക് ഹാക്കത്തോൺ നടക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്-
അരുന്ധതി arundhathi@tinkerhub.org
ആകാശ് akash.ss@citizendigitalfoundation.org എന്നിവരുമായി ബന്ധപ്പെടുക

Content Highlight: Hackfake Hackathon against Fake News

We use cookies to give you the best possible experience. Learn more