ശര്‍മയെ വെറുതെ വിടാതെ ഹാക്കര്‍മാര്‍; ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒരു രൂപ വീതം അയച്ച് ഹാക്കര്‍മാരുടെ മുന്നറിയിപ്പ്
National
ശര്‍മയെ വെറുതെ വിടാതെ ഹാക്കര്‍മാര്‍; ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒരു രൂപ വീതം അയച്ച് ഹാക്കര്‍മാരുടെ മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th July 2018, 12:26 pm

ന്യുദല്‍ഹി: ആധാര്‍ സുരക്ഷിതമല്ലെന്ന് തെളിയിക്കാന്‍ വെല്ലുവിളിച്ച ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മയ്ക്ക് വീണ്ടും പണി കൊടുത്ത് ഹാക്കര്‍മാര്‍. ശര്‍മയുടെ ആധാറുമായി ബന്ധിപ്പിച്ച ഭീം ആപ്പ്, പേടിഎം തുടങ്ങിയ പേയ്‌മെന്റ് ആപ്ലിക്കേഷനിലൂടെ ഐ.എം.പി.എസ് സംവിധാനം ഉപയോഗിച്ച് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ ഒരു രൂപ നിക്ഷേപിച്ചാണ് ഹാക്കര്‍മാര്‍ ഞെട്ടിച്ചത്.

ശര്‍മയുടെ ആധാറുമായി ബന്ധിപ്പിച്ച അഞ്ച് ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും കയ്യിലുണ്ടെന്നും ഹാക്കര്‍മാര്‍ അവകാശപ്പെട്ടു. പി.എന്‍.ബി ബാങ്ക്, എസ്.ബി.ഐ, കൊടക് മഹീന്ദ്ര, ഐ.സി.ഐ.സി.ഐ എന്നീ ബാങ്കുകളുടെ അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.ഇ കോഡുകളാണ് ആധാര്‍ നമ്പര്‍ ഉപയോഗിച്ച് കണ്ടെത്തിയത്.


Read Also : ലോകകപ്പ് വേദി ഖത്തര്‍ തട്ടിയെടുത്തതാണെന്ന് സണ്‍ഡേ ടൈംസ്; അടിസ്ഥാനരഹിതമാണെന്ന് ഖത്തര്‍: അന്വേഷിക്കുമെന്ന് ഫിഫ


 

ചിലര്‍ ഈ അക്കൗണ്ടുകളിലേക്ക് ഓരോ രൂപ വീതം അയച്ചതായും ട്വിറ്ററിലൂടെ വെളിപ്പെടുത്തി. ഈ വിവരങ്ങള്‍ ഉപയോഗിച്ച് ശര്‍മയുടെ അറിവില്ലാതെ ഇത്തരത്തില്‍ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാന്‍ കഴിഞ്ഞാല്‍ കള്ളപ്പണം സൂക്ഷിച്ചെന്ന് പറഞ്ഞ് അദ്ദേഹത്തെ ഭീഷണിപ്പെടുത്താന്‍ സാധിക്കുമെന്നും ഹാക്കര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

ശര്‍മയുടെ ട്രാന്‍സാക്ഷന്‍ ഐ.ഡികളും പണമയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഹാക്കര്‍മാര്‍ ട്വിറ്ററില്‍ പങ്കുവെച്ചു.


Read Also : നമ്പര്‍ പോസ്റ്റ് ചെയ്തതേ ഓര്‍മ്മയുള്ളൂ, ശര്‍മാജിയെ തേച്ചൊട്ടിച്ചു; ഇനി ആര്‍ക്കാടാ ആധാറിനെ കുറിച്ചറിയേണ്ടതെന്ന് ട്രോളന്മാര്‍


ആധാര്‍ സുരക്ഷിതമല്ലെന്ന് തെളിയിക്കാന്‍ വെല്ലുവിളിച്ച ട്രായ് ചെയര്‍മാന്റെ വ്യക്തിവിവരങ്ങള്‍ ഹാക്കര്‍മാര്‍ പുറത്ത് വിട്ടത് കഴിഞ്ഞ ദിവസമായിരുന്നു. തന്റെ ആധാര്‍ നമ്പര്‍ ട്വീറ്റ് ചെയ്തായിരുന്നു ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മയുടെ വെല്ലുവിളി. എന്നാല്‍ ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ആര്‍.എസ് ശര്‍മ്മയുടെ മൊബൈല്‍ നമ്പറും അഡ്രസ്സും പാന്‍നമ്പറും എയര്‍ ഇന്ത്യ ഫ്രീക്വന്റ് ഫ്ലൈയര്‍ നമ്പര്‍ വരെ പുറത്ത് വന്നു. താങ്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയാല്‍ നിയമനടപടികള്‍ ഉണ്ടാക്കില്ല എന്ന് ഉറപ്പ് അദ്ദേഹത്തില്‍ നിന്നും വാങ്ങിയ ശേഷമാണ് ഹാക്കര്‍മാര്‍ പണി തുടങ്ങിയത്.

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നത് സംബന്ധിച്ച് ശ്രീകൃഷ്ണസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് രഹസ്യമാക്കി സൂക്ഷിക്കേണ്ട വ്യക്തിവിവരങ്ങള്‍ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തുന്നത്. തന്റെ ആധാര്‍നമ്പര്‍ പരസ്യമാക്കിയാലും സ്വകാര്യതയെ ഹനിക്കുന്ന വിധത്തില്‍ ഒരു വിവരവും ആര്‍ക്കും ചോര്‍ത്താന്‍ സാധിക്കുകയില്ല എന്ന് സ്ഥാപിക്കാന്‍ വേണ്ടിയായിരുന്നു ചലഞ്ച്.


 

Read Also : സി.സി.ടി.വി സ്ഥാപിക്കാന്‍ മുന്‍കൂര്‍ അനുവാദം വേണമെന്ന് ഗവര്‍ണര്‍; ഉത്തരവ് പരസ്യമായി കീറിക്കളഞ്ഞ് കെജ്‌രിവാള്‍


 

ഇതിനായി തന്റെ ആധാര്‍നമ്പര്‍ പരസ്യപ്പെട്ടുത്തിയിട്ടു തന്നെ എന്തെങ്കിലും നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുമോ എന്നായിരുന്നു ഇദ്ദേഹത്തിന്റെ വെല്ലുവിളി. രാജ്യത്തിലെ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ ദയനീയമായി സര്‍ക്കാര്‍ പരാജയപ്പെട്ടുമ്പോള്‍ മുഖം രക്ഷിക്കാന്‍ വേണ്ടിയായിരുന്നു ഇങ്ങനെ ഒരു വെല്ലുവിളി.

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതുമായി ബന്ധപ്പെട്ട ശ്രീകൃഷ്ണസമിതി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് വളരെ എളുപ്പത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ കണ്ടെത്താമെന്ന് തെളിയുന്നത്.


Read Also : ആധാര്‍: ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്കുള്ള ദൂരം


അതേസമയം ട്രായ് ചെയര്‍മാന്റെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയത് ആധാര്‍ ഡാറ്റാബേസില്‍ നിന്നുമല്ലെന്ന് യു.ഐ.ഡി.എ.ഐ അവകാശപ്പെട്ടു. ആധാര്‍ ഡാറ്റാബേസ് സുരക്ഷിതമാണെന്നും ആധാര്‍ പദ്ധതിയെത്തന്നെ കരിവാരിത്തേക്കാനുള്ള തല്‍പരകക്ഷികളുടെ ശ്രമങ്ങള്‍ അപലപനീയമാണെന്നുമാണ് അതോറിറ്റി ട്വിറ്റര്‍ കുറിപ്പു വഴി അവകാശപ്പെട്ടത്.