സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ ഒരു പ്രമുഖ മോഡല്‍ ഉന്നയിച്ച ബലാത്സംഗ ആരോപണത്തിന്റെ വിവരങ്ങള്‍ ശേഖരിച്ച കുപ്രസിദ്ധ പോര്‍ച്ചുഗീസ് ഹാക്കര്‍ റൂയി പിന്റോക്കെതിരെ വിവിധ വകുപ്പുകളിലായി 377 കേസുകള്‍ ചുമത്തിയതായി റിപ്പോര്‍ട്ട്. പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമമായ മാര്‍ക്കയാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
അനധികൃതമായി ഇത്തരം രേഖകളില്‍ ഹാക് ചെയ്ത് സ്വന്തമാക്കുകയും പരസ്യപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് പോര്‍ച്ചുഗീസ് പ്രോസിക്യൂട്ടര്‍മാര്‍ പിന്റോക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.
വിവിധ ഫുട്‌ബോള്‍ ടീമുകള്‍, മാധ്യമപ്രവര്‍ത്തകര്‍, ജഡ്ജികള്‍ പ്രമുഖ വ്യക്തികള്‍ എന്നിവരുടെ സിസ്റ്റങ്ങളും അക്കൗണ്ടുകളും ഹാക്ക് ചെയ്യുന്നതാണ് ഇയാളുടെ രീതി. ഇതില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വക്കീലും ഉള്‍പ്പെട്ടിരുന്നു.
ഇയാള്‍ വക്കീലിന്റെ ഇ-മെയില്‍ ഹാക്ക് ചെയ്യുകയും ക്രിസ്റ്റിയാനോക്കെതിരായ ബലാത്സംഗ ആരോപണത്തിന്റെ രഹസ്യരേഖകള്‍ കൈക്കലാക്കുകയും പരസ്യപ്പെടുത്തുകയുമായിരുന്നു.
കഴിഞ്ഞ നവംബറില്‍ തന്നെ റൊണാള്‍ഡോക്കെതിരായ ഈ കേസ് തള്ളിയിരുന്നു. ഇതിലെ രഹസ്യവിവരങ്ങളാണ് ഇയാള്‍ ചോര്‍ത്തി പരസ്യപ്പെടുത്തിയത്. ഈ വിവരങ്ങളെല്ലാം തന്നെ ജര്‍മന്‍ മാഗസിനായ ഡെര്‍ സ്പീഗലിന് ചോര്‍ത്തി നല്‍കിയെന്നാണ് പ്രോസിക്യൂട്ടര്‍മാരുടെ വാദം.
നിയമപ്രകാരമല്ലാതെ രേഖകള്‍ കൈക്കലാക്കിയതിന് 202 കേസുകളും കത്തിടപാടുകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചതിന് 157 കേസുകളും കംപ്യൂട്ടര്‍ ഡാമേജുകളുമായി ബന്ധപ്പെട്ട് 18 കേസുകളുമാണ് ഈ വിഷയത്തില്‍ മാത്രം ഇയാള്‍ക്കെതിരെ ചുമത്തപ്പെട്ടത്.
നിലവില്‍ ഇയാള്‍ മറ്റൊരു ഹാക്കിങ് കേസുമായി ബന്ധപ്പെട്ട് വിചാരണ നേരിടുകയാണ്. ഇതിന് പുറമെ തൊണ്ണൂറോളം സൈബര്‍ കേസുകളും ഇയാള്‍ക്കെതിരെ ചുമത്തപ്പെട്ടിട്ടുണ്ട്.
റൊണാള്‍ഡോ മാത്രമല്ല പിന്റോയുടെ ഹാക്കിങ്ങിന് ഇരയായിട്ടുള്ളത്. നേരത്തെ ഫുട്‌ബോള്‍ ക്ലബ്ബായ ബെന്‍ഫിക്കയുടെ ഇ-മെയില്‍ ആക്‌സസ് ചെയ്ത പിന്റോ വിവരങ്ങള്‍ എഫ്.സി പോര്‍ട്ടോയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായ ഫ്രാന്‍സിസ്‌കോ ജെ. മാര്‍ക്വെസിന് കൈമാറുകയും ചെയ്തിരുന്നു.
Content Highlight: Hacker charged with 377 charges for collecting data on Cristiano Ronaldo’s rape allegations: report