| Sunday, 3rd November 2019, 4:49 pm

മമതയ്ക്കു പിന്നാലെ പ്രിയങ്കാ ഗാന്ധിയുടെ ഫോണും ചോര്‍ത്തി; റാക്കറ്റിനു പിന്നില്‍ ബി.ജെ.പി സര്‍ക്കാര്‍; ആരോപണവുമായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. പ്രിയങ്കയുടെ ഫോണ്‍ ചോര്‍ത്തിയെന്നും ചോര്‍ത്തലിനെക്കുറിച്ച് വാട്‌സ് ആപ്പില്‍ നിന്നു വിവരം ലഭിച്ചെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു. എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്നലെ തന്റെ ഫോണ്‍ ചോര്‍ത്തുന്നെന്ന ആരോപണവുമായി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി രംഗത്തെത്തിയിരുന്നു.

വാട്‌സ് ആപ്പിലൂടെ ഇസ്രഈലി കമ്പനി ചാരപ്രവര്‍ത്തനം നടത്തിയ വിഷയം ഏറെ ചര്‍ച്ചയായിരിക്കുകയാണ് മമതയും കോണ്‍ഗ്രസും ഇക്കാര്യം പറഞ്ഞു രംഗത്തെത്തിയിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യന്‍ ആക്ടിവിസ്റ്റുകളെയും ജേണലിസ്റ്റുകളെയും ഉന്നംവെച്ച് ഇസ്രഈലി കമ്പനി ചാരപ്രവര്‍ത്തനം നടത്തിയിരുന്നെന്ന് കഴിഞ്ഞ ദിവസമാണ് വാട്‌സ് ആപ്പ് വെളിപ്പെടുത്തിയത്. മേയ് വരെ ഇന്ത്യന്‍ യൂസര്‍മാരെയും ചാരന്മാര്‍ നിരീക്ഷിച്ചിരുന്നെന്നായിരുന്നു വെളിപ്പെടുത്തല്‍.

പെഗസസ് എന്ന നിരീക്ഷണ സോഫ്റ്റ്‌വേറിലൂടെ ഫോണുകള്‍ ഭരണഘടനാവിരുദ്ധമായും അനധികൃതമായും നിരീക്ഷിക്കുന്നതില്‍ ബി.ജെ.പി സര്‍ക്കാരിന്റെ ഗൂഢാലോചനയുണ്ടെന്നാണ് സുര്‍ജേവാല ആരോപിച്ചത്. ഈ ചാരറാക്കറ്റിന്റെ പിന്നില്‍ അവരാണെന്നും അദ്ദേഹം ആരോപിച്ചു. ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കേന്ദ്രസര്‍ക്കാരിന്റെ അറിവോടെയാണു സുരക്ഷാ വീഴ്ചയെന്നായിരുന്നു മമത ഇന്നലെ പ്രതികരിച്ചത്.

നാലു വന്‍കരകളിലായി 20 രാജ്യങ്ങളിലെ 1,400-ഓളം ഉപഭോക്താക്കളുടെ ഫോണുകളിലാണ് എന്‍.എസ്.ഒ ഗ്രൂപ്പ് എന്ന കമ്പനി നുഴഞ്ഞുകയറിയതന്ന് വാട്‌സ് ആപ്പിന്റെ ഉടമസ്ഥരായ ഫേസ്ബുക്ക് ചൊവ്വാഴ്ച വെളിപ്പെടുത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജേണലിസ്റ്റുകളെയും ആക്ടിവിസ്റ്റുകളെയും രാഷ്ട്രീയപ്രവര്‍ത്തകരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയെും ലക്ഷ്യമിട്ടായിരുന്നു ഇവയൊക്കെ.

വാട്സ് ആപ്പിന്റെ വീഡിയോ കോളിങ് സംവിധാനത്തില്‍ കടന്നുകയറിയാണ് ഫോണിലേക്ക് വൈറസ് കടത്തിവിടുന്നതെന്നും അങ്ങനെയാണ് ഹാക്കിങ് നടത്തിയതെന്നുമാണ് വാട്‌സ് ആപ്പ് പറഞ്ഞത്.

ഫോണിലെ മെസ്സേജുകളിലേക്കും ഫോണ്‍കോളുകളിലേക്കും പാസ്‌വേഡുകളിലേക്കും വൈറസ് കടത്തിവിട്ടാണ് വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നും വാട്‌സ് ആപ്പ് വെളിപ്പെടുത്തിയിരുന്നു.

We use cookies to give you the best possible experience. Learn more